കൈത്തറിയെ കൈപിടിച്ച്ഉയര്‍ത്താന്‍ ശോഭാവിശ്വനാഥ്
– വി.എന്‍. പ്രസന്നന്‍
കൈത്തറി നെയ്ത്തു സഹകരണ സംഘങ്ങളെ ആശ്രയിച്ചു പ്രവര്‍ത്തിച്ചുവന്നവരും കാലക്രമേണ ക്ഷയോന്മുഖമായ കൈത്തറിനെയ്ത്തു തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരുമായ തൊഴിലാളികളെ കൈപിടിച്ചുയര്‍ത്താനാണു തിരുവനന്തപുരം സ്വദേശിനിയായ ശോഭാ വിശ്വനാഥ് പ്രധാനമായും ശ്രമിക്കുന്നത്. തൊഴിലാളികള്‍ കൊഴിഞ്ഞുപോകുന്ന കൈത്തറി നെയ്ത്തു മേഖലയിലേക്കു പുതിയ തൊഴിലാളികളെ അവര്‍ ആകര്‍ഷിച്ചു. കൈത്തറിയും ഫാഷനില്‍ പ്രധാനമാണെന്നു പുതിയ തലമുറയ്ക്കു തെളിയിച്ചു കൊടുക്കുകയാണ് ശോഭ. ഇതിലൂടെ തൊഴിലാളികള്‍ക്കു മികച്ച വരുമാനം നേടിക്കൊടുക്കുകയാണു ശോഭയുടെ ലക്ഷ്യം.
സാമൂഹിക സംരംഭങ്ങള്‍ക്കു പ്രാധാന്യമേറുകയാണ്. സഹകരണ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇവ ഏറെ പ്രസക്തമാണ്. രണ്ടു കൂട്ടരും സാമൂഹിക നന്‍മകൂടി ലാക്കാക്കിയാണല്ലോ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള വിപണികളെ പരിവര്‍ത്തിപ്പിക്കുന്നതിനു പുറമെ, പുതിയ വിപണികള്‍ കണ്ടെത്താനും മുന്നേറാനും സാമൂഹിക സംരംഭങ്ങള്‍ നിര്‍ണായകമാണ്. സാമൂഹിക സംരംഭമായ ഗ്രാമീണ്‍ ബാങ്കുകളുടെ സ്ഥാപകന്‍ മുഹമ്മദ് യൂനസിനു നൊബേല്‍സമ്മാനം വരെ ലഭിച്ചു. ലാഭലാക്കോടെയല്ലാത്തതും സാമൂഹിക സേവനതാത്പ്പര്യം ഉള്ളതുമായ സംരംഭങ്ങളെന്നു സാമൂഹിക സംരംഭങ്ങളെ പൊതുവെ പറയാം. കേരളത്തിലെ അത്തരമൊരു ശ്രദ്ധേയ സംരംഭകയാണു ശോഭാ വിശ്വനാഥ്.
തിരുവനന്തപുരം സ്വദേശിനിയായ ശോഭാ വിശ്വനാഥ് ആ ജില്ലയിലെ പ്രധാന കൈത്തറി മേഖലയായ ബാലരാമപുരം കൈത്തറിയെ, അതില്‍ത്തന്നെ തനതു കുഴിത്തറിയില്‍ നെയ്യുന്നവരെ, സഹായിക്കാനാണു തന്റെ സാമൂഹിക സംരംഭകശേഷി പ്രധാനമായും ഉപയോഗിക്കുന്നത്. എങ്കിലും, ചേന്ദമംഗം കൈത്തറി അടക്കമുള്ള വിവിധ കൈത്തറി മേഖലകള്‍ക്ക് അവരുടെ സംരംഭകത്വത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. എം.ബി.എ. ക്ലാസുകളിലെ സാമൂഹിക സംരംഭകത്വ പാഠങ്ങളാണു ശോഭയെ സാമൂഹിക സംരംഭകത്വത്തിലേക്ക് ആകര്‍ഷിച്ചത്. കൈത്തറിയുമായി ബന്ധപ്പെട്ട് അത്തരമൊന്നു തുടങ്ങിയ അവര്‍ കൈത്തറി നെയ്ത്തു പരിശീലിക്കുന്നുമുണ്ട്. കൈത്തറി സാരികളാണു ശോഭ ധരിക്കുന്നതും. സ്ത്രീശാക്തീകരണത്തിനും സ്തനാര്‍ബുദ ബോധവത്കരണത്തിനുമായി മിലിന്ദ് സോമന്‍ സ്ഥാപിച്ച ‘പിങ്കത്തോണ്‍’ കൂട്ടയോട്ടങ്ങളില്‍ അവര്‍ പങ്കെടുത്തതു കൈത്തറി സാരി ധരിച്ചാണ്; അതും നഗ്നപാദയായി. അതിന്റെ ആദ്യത്തെ കേരള അംബാസഡറാണു ശോഭാ വിശ്വനാഥ്.
വീവേഴ്‌സ്
വില്ലേജ്
അകവും പുറവും മാറിമാറി ഉടുക്കാവുന്ന വസ്ത്ര മെറ്റീരിയലുകള്‍ അടക്കമുള്ള വ്യത്യസ്തതകള്‍ ശോഭ ബാലരാമപുരം കൈത്തറിയില്‍ അവതരിപ്പിച്ചു. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കു നേരിടുന്ന കൈത്തറി നെയ്ത്തു മേഖലയിലേക്കു നിരവധി പുതിയ തൊഴിലാളികളെ ആകര്‍ഷിച്ചു. കൈത്തറിയും ഫാഷന്‍പ്രധാനമാണെന്നു പുതിയ തലമുറയ്ക്കു മുന്നില്‍ തെളിയിച്ച് വിപണീമൂല്യവും തൊഴിലാളികള്‍ക്കു മികച്ച വരുമാനവും നേടിക്കൊടുക്കലാണു ലക്ഷ്യം. ഇതിനുവേണ്ടിത്തന്നെ കൈത്തറിയിലേക്കു സെലിബ്രിറ്റികളെ ആകര്‍ഷിക്കുകയും അന്താരാഷ്ട്ര വിപണികളിലേക്കുവരെ എത്തിക്കാനും ശ്രമിക്കുന്നു. കൈത്തറി പ്രോത്സാഹനത്തിനായി വഴുതക്കാട്ട് 10 വര്‍ഷത്തിലേറെയായി നടത്തിവരുന്ന ‘വീവേഴ്‌സ് വില്ലേജ്’ എന്ന സ്ഥാപനത്തിനു പുറമെ, അടുത്തകാലത്തു വെള്ളാറില്‍ ‘കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജി’ല്‍ ‘ഹാന്റ്‌ലൂം വില്ലേജ്’ എന്ന സ്ഥാപനം കൂടി പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. (തുടക്കത്തില്‍ എട്ടു വര്‍ഷം സുഹൃത്തും വസ്ത്ര ഡിസൈനറുമായ ശ്രീരമ്യാ സമ്പത്തുമായി ചേര്‍ന്നാണു ‘വീവേഴ്‌സ് വില്ലേജ്’ നടത്തിയിരുന്നത്). ഇവയുടെ പ്രധാന ചാലകശക്തി ശോഭാ വിശ്വനാഥ് ആണെങ്കിലും സാമൂഹിക സേവനതത്പരരുടെ കൂട്ടായ്മ പിന്നിലുണ്ട്. ‘ഹിഡണ്‍ ടെയ്ല്‍സ്’ (ഒശററലി ഠമഹല)െ എന്ന ഇരുന്നൂറോളം കലാപ്രവര്‍ത്തകകരും ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും അടങ്ങുന്ന സംഘം.
വീവേഴ്‌സ് വില്ലേജിലും വെള്ളാറിലെ സംരംഭത്തിലും ബാലരാമപുരം കൈത്തറിക്കു മാത്രമല്ല ചേന്ദമംഗലം കൈത്തറിക്കും കുത്താമ്പുള്ളി കൈത്തറി വ്‌സ്ത്രങ്ങള്‍ക്കും കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെയൊക്കെ കൈത്തറി നെയ്ത്തുകാരുടെ ഉല്‍പ്പന്നങ്ങള്‍ക്കുമൊക്കെ ഇടമുണ്ടാകും. ഇടത്തരക്കാരെ ഒഴിവാക്കി നേരിട്ടു കൈത്തറി നെയ്ത്തുകാരെ സഹായിക്കണമെന്നാണ് ആഗ്രഹം. ബാലരാമപുരം കൈത്തറി നെയ്ത്തുകാരായ 500 പേരെ ഓഹരിയുടമകളായി ചേര്‍ത്തു രൂപവത്കരിച്ച ബാലരാമപുരം ഹാന്റ്‌ലൂം വീവേഴ്‌സ് കമ്പനിയുമായി സജീവമായി സഹകരിച്ചുവരികയാണ് ഇപ്പോഴിവര്‍. ‘സിസ്സ’ (ഇലിൃേല ളീൃ കിിീ്മശേീി ശി ടരശലിരല മിറ ടീരശമഹ അരശേീി ഇകടടഅ) എന്ന എന്‍.ജി.ഒ.യുടെയും നബാര്‍ഡിന്റെയുമൊക്കെ സഹകരണത്തോടെയുള്ള കമ്പനിയാണിത്. ഡയറക്ടര്‍ബോര്‍ഡു രൂപവത്കരിച്ചു. നബാര്‍ഡിന്റെതാണു സാമ്പത്തികസഹായം. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മറ്റും ബോര്‍ഡില്‍ മൂന്നു വര്‍ഷം കൈത്തറി നെയ്ത്തുമേഖലയ്ക്കു പുറമെനിന്നുള്ളവരും ഉണ്ടായിരിക്കുമെന്നും അതിനുശേഷം പൂര്‍ണമായി നെയ്ത്തുകാര്‍തന്നെ നിയന്ത്രിക്കുന്ന സംരംഭമായി മാറുംവിധമാണു കമ്പനി വിഭാവന ചെയ്തിട്ടുള്ളതെന്നും ശോഭാ വിശ്വനാഥ് പറഞ്ഞു.
ഓണക്കോടി
അമേരിക്കയിലേക്ക്
പ്രാദേശിക തനതുനിര്‍മാണ ശൈലിക്കു ഭൗമസൂചികാപദവി കിട്ടിയിട്ടുണ്ട് ബാലരാമപുരം കൈത്തറിക്ക്. ഇതിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാന്‍ വിവിധ പരിപാടികള്‍ പലപ്പോഴും നടത്തിയിട്ടുണ്ട്. നബാര്‍ഡിന്റെയും ‘സിസ്സ’ യുടെയുമൊക്കെ സഹകരണത്തോടെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ കൈത്തറി വിപണനമേള സംഘടിപ്പിച്ചു. അമേരിക്കന്‍ മലയാളികളുടെ സംഘടനയുടെ സഹായത്തോടെ ബാലരാമപുരം കൈത്തറിവസ്ത്രങ്ങള്‍ ഓണക്കോടിയായി അമേരിക്കയിലേക്കു കയറ്റുമതി ചെയ്തു. കോവിഡ് മൂലം വില്‍പ്പന നിലച്ച കൈത്തറിമേഖലയ്ക്ക് ഇത് ആശ്വാസമായി. ഒാസ്‌കാര്‍വേദിയില്‍ വരെ ബാലരാമപുരം കൈത്തറിവസ്ത്രങ്ങള്‍ ഷോകേസ് ചെയ്യാനാണു ശ്രമം. ഇതിനു സഹായകമായി ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയ ഡിസൈനര്‍ സഞ്ജനാ ജോണ്‍ ബാലരാമപുരം കൈത്തറിയുടെ ചരിത്രവും പാരമ്പര്യവും വര്‍ത്തമാനവും വ്യക്തമാക്കുന്ന ഡോക്യുമെന്ററി തയാറാക്കിവരികയാണ്. 1798 മുതല്‍ 1810 വരെ തിരുവിതാംകൂര്‍ ഭരിച്ച അവിട്ടംതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ബാലരാമപുരത്തെ നെയ്ത്തുകാര്‍ക്കു കൊട്ടാരത്തിലേക്കു വസ്ത്രങ്ങള്‍ നെയ്യാന്‍ പരിവട്ടത്തറി എന്ന പ്രത്യേക തറികള്‍ എത്തിച്ചിരുന്നു. ഇപ്പോഴും ബാലരാമപുരത്തുനിന്നു കൊട്ടാരത്തിലേക്കു വസ്ത്രങ്ങള്‍ കൊണ്ടുവരുന്നുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്തുണ ഇത്തരം ശ്രമങ്ങള്‍ക്കുണ്ട്. കൈത്തറിത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പുന:സ്ഥാപിക്കുന്ന കാര്യത്തില്‍ ആനുകൂല നടപടിക്കു ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നു ശോഭാ വിശ്വനാഥ് പറഞ്ഞു.
‘വീവേഴ്‌സ് വില്ലേജി’ല്‍ കൈത്തറിവസ്ത്രങ്ങള്‍ക്കു പുറമെ ചിത്രകലയടക്കമുള്ള കലകള്‍ക്കും പുസ്തകങ്ങള്‍ക്കും ഇടമുണ്ട്. ‘ബോധ’ എന്ന ആയുര്‍വേദ വസ്ത്രബ്രാന്റും ഇവര്‍ക്കുണ്ട്. മഞ്ഞളും മറ്റ് ആയുര്‍വേദ ഔഷധച്ചെടികളുടെ സത്തും നിറങ്ങളായി ഉപയോഗിച്ചുള്ള പരിസ്ഥിതിഹിതവും ആരോഗ്യപ്രദായകവുമായ വസ്ത്ര ബ്രാണ്ടാണിതെന്നു ശോഭ പറഞ്ഞു. ‘ടൈ ആന്റ് ഡൈ’ എന്ന സങ്കേതത്തില്‍ പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചുള്ള മുണ്ടുകളും മറ്റുമാണുള്ളത്. കൈവേല ചെയ്തു നിര്‍മിച്ച ബാഗുകളും ലഭ്യം. കൈത്തറിയെ വിവാഹക്കമ്പോളത്തില്‍ ആകര്‍ഷകമാക്കാന്‍ വെഡ്ഡിങ് സെഗ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. കൈത്തറിക്കുര്‍ത്തയും ധാവണിയും ഷാളുമൊക്കെയുണ്ട് ബ്രൈഡല്‍ കളക്ഷനില്‍. ഇഴപിരിയാത്ത ബന്ധങ്ങള്‍ എന്ന വിശേഷണത്തോടെയാണ് ഈ നിര അവതരിപ്പിച്ചിട്ടുള്ളത്. സാരിയിനങ്ങള്‍ക്കു ‘സാരി സ്ത്രീകളുടെ ശബ്ദം പ്രതിധ്വനിപ്പിക്കുന്നു’ എന്ന സന്ദേശവുമുണ്ട്. ‘മീ ടൂ നോ ഫിയര്‍’ ഹാഷ് ടാഗുള്ള സാരികള്‍, ‘സത്യമേവ ജയതേ’ എന്ന് ആലേഖനം ചെയ്ത സാരികള്‍, കടുവയുടെ കണ്ണും കണ്ണകിയും ഓണപ്പൊട്ടനും ഓണത്തുമ്പിയുമൊക്കെ അങ്കിതമായ സാരികള്‍ എന്നിവ പ്രത്യേകതകളാണ്. കടുവയുടെ കണ്ണ് സ്ത്രീയുടെ ഉറച്ചനോട്ടത്തെയാണു പ്രതിനിധാനം ചെയ്യുന്നത്.
കൈത്തറിവസ്ത്രത്തില്‍
സെലിബ്രിറ്റികള്‍
‘ഇവോള്‍വ് ബാക്ക്’ എന്ന പവര്‍ റിസോര്‍ട്ട് ശൃംഖലയുടെ കൂര്‍ഗ്, കബാനി, ഹംപി തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍പ്പനയിടം ഒരുക്കിയിട്ടുണ്ട്. മുംബൈയിലെ കലാഗൗഡ, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും വില്‍പ്പനസൗകര്യം വരും. ഒരു സുഹൃത്തിന്റെ സഹായത്തോടെ ദുബായ് എക്‌സ്‌പോയില്‍ ഇത്തരം വസ്ത്രങ്ങള്‍ അവതരിപ്പിച്ചു. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തില്‍നിന്നുള്ള കൈത്തറിവസ്ത്രങ്ങള്‍ ധരിച്ചിട്ടുള്ള സെലിബ്രിറ്റികളുടെ നിര നീണ്ടതാണ്. ഇഷാ ഷെര്‍വാണി, അമല, നാഗാര്‍ജുന, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, പി.വി. സിന്ധു, ശശി തരൂര്‍, മഞ്ജു വാര്യര്‍, മിലിന്ദ് സോമന്‍, വിശാല്‍, ബിജുമേനോന്‍, റീമ കല്ലിങ്കല്‍, ആശാശരത്, ഷഹബാസ് അമന്‍, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, പേര്‍ളി മാനേ, പാരിസ് ലക്ഷ്മി, അനൗഷ്‌ക ശങ്കര്‍ … ഇങ്ങനെ ഐശ്വര്യാ റായ് വരെ നീളുന്നു ആ പട്ടിക.
2019 ഒക്ടോബറില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി. സിന്ധു കേരള ഒളിമ്പിക് അസോസിയേഷന്റെ പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ബാലരാമപുരത്തെയും ചേന്ദമംഗലത്തെയും കൈത്തറിത്തൊഴിലാളികള്‍ നെയ്ത വീവേഴ്‌സ് വില്ലേജിന്റെ കൈത്തറിവസ്ത്രങ്ങള്‍ ധരിച്ചു ചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഈ പട്ടികയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദികൂടി വരികയാണ്. പ്രധാനമന്ത്രിക്കു സമ്മാനിക്കാന്‍ മോദിയുടെ ഛായാചിത്രമടങ്ങിയ ബാലരാമപുരം കൈത്തറിഷാളിന്റെ നെയ്ത്തു പൂര്‍ത്തിയായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇതു പൊന്നാടയായി മോദിക്കു നല്‍കും. മാസ്റ്റര്‍വീവറായ ബാലരാമപുരം പുലിയൂര്‍ക്കോണം സ്വദേശി ശിവനാണ് ഇതു നെയ്തത്. 25 വര്‍ഷമായി നെയ്ത്തുകാരനാണ്. ആദ്യമായാണു മനുഷ്യന്റെ മുഖം ഇദ്ദേഹം നെയ്യുന്നത്. 22 ദിവസം രാവിലെ ഏഴു മുതല്‍ വൈകിട്ടു നാലു വരെ നെയ്താണു തീര്‍ത്തത്. സ്വര്‍ണക്കസവും വെള്ളിക്കസവും നിറങ്ങളും ചേര്‍ത്തായിരുന്നു നെയ്ത്ത്. നെയ്യാന്‍ ബാലരാമപുരത്തിന്റെ തനിമയുളള തറിയായ കുഴിത്തറി മുളയും കമുകും കൊണ്ടു തയാറാക്കിക്കൊടുത്തതു ബാലരാമപുരം പുഷ്പ ഹാന്റ്‌ലൂം എന്ന സ്ഥാപനമാണ്. മോദിക്കു സമ്മാനിക്കാന്‍ ‘ബോധ’ വസ്ത്രയിനത്തില്‍പ്പെട്ട പ്രത്യേക ജാക്കറ്റും തയാറാക്കുന്നുണ്ട്. ഇതിനായി വീവേഴ്‌സ് വില്ലേജില്‍ തയാറാക്കിയ പ്രത്യേകതയാര്‍ന്ന ടെക്‌സ്‌റ്റൈല്‍ ഡല്‍ഹിയില്‍ എത്തിച്ചു. അവിടെ സഞ്ജന ജോണാണു ഡിസൈനും മറ്റും നിര്‍വഹിക്കുന്നത്.
തിരുവനന്തപുരത്തു നടന്ന ‘പ്രഗതി 2020’ ന്റെ ഷോ ഡയറക്ടറായിരുന്നു ശോഭാ വിശ്വനാഥ്. കൈത്തറി-ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറേറ്റും ജില്ലാ വ്യവസായകേന്ദ്രവും വീവേഴ്‌സ് വില്ലേജും ചേര്‍ന്നു സംഘടിപ്പിച്ച ജൈവകോട്ടണ്‍ പ്രദര്‍ശനമായിരുന്നു അത്. നെയ്ത്തുകാര്‍ക്കു പരിശീലനം നല്‍കി ജൈവ കോട്ടണ്‍-കൈത്തറിത്തുണികളില്‍ ഫാഷന്‍ വസ്ത്രങ്ങള്‍ തയാറാക്കി. പ്രകൃതിദത്ത ചായങ്ങളാണു വസ്ത്രങ്ങളില്‍ ഉപയോഗിച്ചത്. ശോഭാ വിശ്വനാഥ്, ഗൗരവ് സിങ്, അന്വിത, ശില്‍പി യാദവ്, സാക്ഷി എന്നീ ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങളും അദിതി തയാറാക്കിയ കരകൗശലാഭരണങ്ങളും മോഡലുകള്‍ രംഗത്തവതരിപ്പിച്ചു. ഇഷാ ഷെര്‍വാണിയും നീരജ് മാധവുമൊക്കെ ആ വസ്ത്രങ്ങളണിഞ്ഞു റാമ്പിലെത്തി. ഇഷയോടൊപ്പം അവരുടെ മകനും റാമ്പില്‍ ചുവടുവച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. നെയ്ത്തുതൊഴിലാളി സ്ത്രീകളും അന്നു റാമ്പിലെത്തി. കൈത്തറിത്തുണികൊണ്ടു 12 മാസമുള്‍ക്കൊള്ളുന്ന കലണ്ടറും ഒരുക്കി. മറക്കാനാവാത്ത ദിവസമാണ് അതെന്നു ശോഭാ വിശ്വനാഥ്.
സാമൂഹിക
പ്രവര്‍ത്തനം
മറ്റുവിധം സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതയാണു ശോഭാ വിശ്വനാഥ്. ‘ഭൂമിക’എന്ന എന്‍.ജി.ഒ. ഉണ്ട്. പ്രളയാതിജീവന പ്രതീകമായി ‘ഭൂമിക’പാവകള്‍ നിര്‍മിച്ചു. പാഴാകുന്ന തുണികളും മറ്റും പുനരുപയോഗിച്ചാണിവ നിര്‍മിച്ചത്. മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ക്കായുള്ള തിരുവനന്തപുരം പൂജപ്പുരയിലെ ‘മഹിളാമന്ദിര’ത്തിലെ അന്തേവാസികള്‍ക്കായി ഇത്തരം പുന:ചംക്രമണ പരിശീലനം നല്‍കി. ‘നിര്‍ഭയ’എന്ന സ്ഥാപനത്തിലും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ചൈന്നൈ പ്രളയം മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനമുണ്ട്. 2018 ലെ പ്രളയകാലത്ത് അതു കൂടുതല്‍ സജീവമായി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി 10 വീടു നിര്‍മിച്ചു. പതിനൊന്നാമത്തേതു പൂര്‍ത്തിയാകുന്നു. ‘ഭൂമിക’ പ്രോജക്ടിന്റെയും ‘അന്‍പോടു ട്രിവാന്‍ഡ്രം’ എന്ന കൂട്ടായ്മയുടെയും സ്തീശാക്തീകരണ-നവകേരള-പരിസ്ഥിതിഹിത പുന:ചക്രമണ പ്രവര്‍ത്തനങ്ങളുടെയും ഒക്കെ ഭാഗമായാണ്് ഈ പ്രവര്‍ത്തനങ്ങള്‍. പ്രളയകാലത്തു ദുരിതാശ്വാസ സാമഗ്രികളുടെ ഒരു ശേഖരണ, വിതരണ കേന്ദ്രമായിരുന്നു വീവേഴ്‌സ് വില്ലേജ്.
ഗോവയില്‍ ലൈംഗികാതിക്രമം അടക്കമുള്ള ചൂഷണങ്ങള്‍ക്കിരയായ കുട്ടികളെ രക്ഷിക്കുന്നതില്‍ എല്‍ഷദായ് എന്ന എന്‍.ജി.ഒ. വഴി ശോഭാ വിശ്വനാഥ് ഗണ്യമായ പങ്കു വഹിച്ചു. മാത്യു ജൂലിയ എന്ന മലയാളി സ്ഥാപിച്ച ഈ എന്‍.ജി.ഒ കുട്ടികളെ രക്ഷിച്ചു വിദ്യാഭ്യാസവും ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നു. വനിതകളുടെ ഷെല്‍ട്ടര്‍ഹോമും ഇവര്‍ നടത്തുന്നു. അനിത എന്ന യു.കെ. പൗരയും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
മൃഗസ്‌നേഹിയായ ശോഭാ വിശ്വനാഥ് ജന്തുസ്‌നേഹ പ്രവര്‍ത്തനങ്ങളിലും സജീവം. രക്തദാനക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. ആര്‍.സി.സി.യില്‍ രോഗികള്‍ക്കായി ഫണ്ട് സ്വരൂപിച്ചുനല്‍കി. ‘സര്‍സസ്’ എന്ന സംരംഭം ഇതിന്റെ ഭാഗമാണ്. ‘ഒരു രൂപ ചെലവാക്കൂ ഒരു പുഞ്ചിരി പ്രസരിപ്പിക്കൂ’ എന്നതാണ് ഇതിന്റെ മുദ്രാവാക്യവും ഹ്രസ്വരൂപവും ( ടമ്‌ല മ ഞൗുലല ടുൃലമറ മ ടാശഹല – ടഅഞടഅട). തിരുവനന്തപുരത്തെ ‘ജ്യോതിര്‍ഗമയ’ അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കായി പൂക്കള്‍കൊണ്ടുള്ള അലങ്കാരവേലകളടങ്ങിയ ഒരു പദ്ധതി ഒരുക്കി. കോവിഡ്കാലത്തു ഗദ്ദിക പ്രോജക്ടില്‍ ഗോത്രവര്‍ഗക്കാര്‍ക്കു മുഖാവരണവും മറ്റും നിര്‍മിക്കാന്‍ പരിശീലനം നല്‍കി.
വനിതാസാമൂഹികസംരംഭയ്ക്കുള്ള പുരസ്‌കാരം, ബിഗ് സിറ്റിസണ്‍ അവാര്‍ഡ് തുടങ്ങി പല പുരസ്‌കാരവും ശോഭാ വിശ്വനാഥിനെ തേടിയെത്തി. ശശി തരൂര്‍ എം.പി ‘ഇന്ത്യാ ലീഡര്‍ഷിപ്പ് അവാര്‍ഡിനു’ നാമനിര്‍ദേശം ചെയ്തു. ചിത്രകലയിലും തല്‍പ്പരയാണ്. പെയിന്റിങ്ങുകള്‍ ചെയ്യാറുണ്ട്. ഒരിക്കല്‍ ‘ബിനാലെ’ യില്‍ ബാഗുകള്‍ ഡിസൈന്‍ ചെയ്തു. 2016 ലെ ചലച്ചിത്രോത്സവത്തിന്റെ സന്നദ്ധപ്രവര്‍ത്തകരുടെ വസ്ത്രങ്ങളും രൂപകല്‍പന ചെയ്തു.
യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണു ശോഭാ വിശ്വനാഥ്. പ്രത്യേകിച്ച് ആത്മീയയാത്രകള്‍. ജീവിതത്തില്‍ 2021 ജനുവരിയിലുണ്ടായ ദുരനുഭവത്തില്‍നിന്ന് ആശ്വാസമേകാന്‍ ഇവയൊക്കെ ഉപകരിക്കുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ആ ദുരനുഭവം. വീവേഴ്‌സ് വില്ലേജില്‍ മന:പൂര്‍വം കഞ്ചാവു കൊണ്ടുവച്ചു കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും പിഴയൊടുക്കാതെ വിട്ടുവീഴ്ചയില്ലാതെ പോരാടി. തന്നെ കുടുക്കാന്‍ മന:പൂര്‍വം ചെയ്യിച്ചതാണു മയക്കുമരുന്നു വച്ചുള്ള കൃത്യമെന്ന് ആറു മാസത്തിനകംതന്നെ തെളിയിക്കുകയും ചെയ്തു. ആ പീഡാനുഭവമാണു ‘മീ ടൂ നോ ഫിയര്‍’ ഹാഷ്ടാഗുള്ള സാരികള്‍ക്കു പ്രേരകം. ‘മീ ടൂ’ കാംപയ്‌നു സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു മാനം നല്‍കാനാണ് ഇതുവഴി ശ്രമിച്ചത്.
പേരൂര്‍ക്കട ‘വിശ്വരോഹിണി’യില്‍ കെ. വിശ്വനാഥിന്റെയും മീനയുടെയും മകളാണു ശോഭാ വിശ്വനാഥ്. ഷീബാ ഭാര്‍തിയും കൃഷ്ണകുമാറും സഹോദരങ്ങള്‍. വരാനിരിക്കുന്ന ‘യുട്ടോപ്പിയ’പ്രദര്‍ശനത്തിനായി സുഷ്മിത് എന്ന ഉല്‍പ്പന്ന ഡിസൈനറുമായി ചേര്‍ന്നു കൈത്തറിയില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയൊരു ടെക്‌സ്റ്റൈല്‍ വികസിപ്പിച്ചുവരികയാണ് ശോഭ. കേരള ഒളിമ്പിക് അസോസിയേഷന്‍ എക്‌സ്‌പോയുടെ നിര്‍വാഹകസമിതിയിലും ശോഭാ വിശ്വനാഥുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലും കൈത്തറിവസ്ത്രങ്ങള്‍ ഷോകേസ് ചെയ്യും. ഇതില്‍ ഒരു ദിവസം മുഴുവന്‍ വീവേഴ്‌സ് വില്ലേജില്‍നിന്നുള്ള കൈത്തറിവസ്ത്ര പ്രധാനമായ ഫാഷന്‍ഷോ ആയിരിക്കും. ഇതു ലോകറെക്കോഡ് സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ.
വിവിധ സൗന്ദര്യമത്സരങ്ങളിലേക്കും ശോഭ കൈത്തറിയെ എത്തിക്കുന്നുണ്ട്. ഏപ്രിലില്‍ സോളില്‍ നടക്കുന്ന ‘മിസ്സിസ് യൂണിവേഴ്‌സ്’ മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി മിഥിലാ ജോസിനു വേണ്ടി ദേശീയ കോസ്റ്റിയൂം ഡിസൈന്‍ ചെയ്തു തയാറാക്കിവരികയാണ്. ഈ കോസ്റ്റിയൂമില്‍ ബാലരാമപുരം കൈത്തറിയോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും കൈത്തറിയിനങ്ങളുടെ പ്രാതിനിധ്യമുണ്ടാകും. ഗാര്‍ഹികപീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കണമെന്നുണ്ട് ശോഭാ വിശ്വനാഥിന്. കൈത്തറിവസ്ത്ര ഡിസൈനര്‍മാരുടെ കൂട്ടായ്മ സംഘടിപ്പിക്കണമെന്നുമുണ്ട്. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ഇത്തരം കൂട്ടായ്മയ്ക്കു കൈത്തറിനെയ്ത്തു മേഖലയെ ചൂഷണമുക്തമാക്കി മുന്നേറാന്‍ ഏറെ സഹായിക്കാനാവുമെന്ന് അവര്‍ കരുതുന്നു. (ശോഭാ വിശ്വനാഥ് ഫോണ്‍: 9074103166. വെീയവമംലമ്‌ലൃ്െശഹഹമഴല@ഴാമശഹ.രീാ)