കേരളാ ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകളില്‍ നിയമനം നടത്തണം: കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ്
കേരളാ ബാങ്കിലെ 821 ശാഖകളിലായി വിവിധ തസ്തികകളിലുള്ള 2000 ത്തോളം ഒഴിവുകള്‍ അടിയന്തിരമായി നികത്തുവാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുത്ത് പി.എസ്. സി. യുമായി ചര്‍ച്ച നടത്തണമെന്ന് കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംസ്ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ശാഖകളില്‍ മതിയായ ജീവനക്കാരില്ലാതെ ജീവനക്കാര്‍ അമിത ജോലിഭാരം മൂലം പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പി.എസ്. സി. നിയമനം നടക്കും വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ക്ക് പകരം പിന്‍വാതിലൂടെ ഡെയ്ലി വേജസ് ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടനയുടെ പ്രസിഡണ്ട് വി.എസ്. ശിവകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു വര്‍ക്കിംഗ് പ്രസിഡണ്ട് സി.കെ. അബ്ദുറഹിമാന് അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാം കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സന്തോഷ് കുമാര്‍, കെ.കെ. സജിത് കുമാര്‍, പി.കെ. മൂസ്സക്കുട്ടി, പ്രകാശ് റാവു, ഉഷ, കെ.കെ. ലീന എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന എ.ഐ.ബി.ഇ.എ. ദേശീയ സമ്മേളനത്തില്‍ എ.ഐ.ബി.ഇ.എ. കേന്ദ്ര കമ്മിറ്റിയംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട കെ.എസ്. കൃഷ്ണ(എസ്.ബി. ഐ.) സംഘടനാ ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാം കുമാര്‍, സുബിന് ബാബു(പി.എന്‍. ബി.), ശ്രീകുമാരന്‍ നായര്‍(ബാങ്ക് ഓഫ് ബറോഡ) എന്നിവരെ യോഗം ആദരിച്ചു.