കേരളവും കടന്ന് കോഡൂരിന്റെ ‘കേരാമൃത്’
കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ‘കേരാമൃത്’ മലപ്പുറം ജില്ലയില്‍ മാത്രമല്ല ഒപ്പം കര്‍ണാടകത്തിലെ ചില നഗരങ്ങളിലും. പണിടപാടുമാത്രമല്ല നാടിന്റെ ഏതാവശ്യത്തിനും കൂടെയുണ്ട് എന്ന് തെളിയിക്കുകയാണ് കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കും. 12 വര്‍ഷംമുമ്പാണ് പരീക്ഷണമെന്ന നിലയില്‍ ചെമ്മങ്കടവില്‍ കൊപ്ര യൂണിറ്റ് തുടങ്ങുന്നത്. 2002ല്‍ വെളിച്ചെണ്ണയാട്ടല്‍ ആരംഭിച്ചു. കെ പി ഹംസയായിരുന്നു അന്ന് ബാങ്ക് പ്രസിഡന്റ്. പ്രാദേശികമായി കര്‍ഷകരില്‍നിന്ന് മൊത്തമായും ചില്ലറയായും തേങ്ങ വാങ്ങും.
പൊതുവിപണിയിലേതിനേക്കാള്‍ വിലയും നല്‍കും. അത് പൊളിച്ച് കൊപ്രയാക്കി വെളിച്ചണ്ണയാക്കും. നിലവില്‍ 15,000 ലിറ്റര്‍ സംഭരണശേഷിയുണ്ട്. ദിവസം 55,000 തേങ്ങയാണ് സംസ്‌കരിക്കുന്നത്. 35 തൊഴിലാളികളുണ്ട്. ഇതില്‍ 18പേരും നാട്ടുകാരായ സ്ത്രീകളാണ്. സഹകരണ സ്ഥാപനങ്ങളുടെ ‘കോ-ഓപ് മാര്‍ട്ടി’ന്റെ ഭാഗമായതിനാല്‍ കോ-ഓപ് കേരള മാര്‍ക്കിങ്ങും ‘കേരാമൃത്’ ബ്രാന്‍ഡിനുണ്ട്. ത്രിവേണി ബ്രാന്‍ഡില്‍ കണ്‍സ്യൂമര്‍ഫെഡ് സൂപ്പര്‍മാക്കറ്റുകളിലൂടെ ലഭിക്കുന്ന വെളിച്ചെണ്ണയും കോഡൂരില്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ്. പുറമേ ഏജന്‍സികള്‍വഴിയും കണ്‍സ്യൂമര്‍ഫെഡിലൂടെയും കേരളത്തിലെങ്ങും എത്തുന്നു. 17 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ്. എം പി ഷിബുവാണ് മാനേജര്‍. ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നതിനൊപ്പം പ്രദേശത്തെ കേരകര്‍ഷകര്‍ക്ക് ആശ്വാസമാകാനും കോഡൂര്‍ സഹകരണ ബാങ്കിന്റെ ഈ സ്ഥാപനത്തിന് കഴിയുന്നതായി ബാങ്ക് പ്രസിഡന്റ് വി പി അനില്‍ പറഞ്ഞു.