കേരളത്തില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും

Deepthi Vipin lal

സ്റ്റാഫ് പ്രതിനിധി

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി നിലവില്‍ വന്നതോടെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലാവുകയാണ്. കേരള സഹകരണ നിയമത്തിന്റെ അന്തസ്സത്തയ്ക്കു വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് വരാന്‍ പോകുന്നത്. ഇത് കേരളത്തില്‍ സഹകരണ നിയമത്തിലും ഘടനയിലും പൊളിച്ചെഴുത്ത് അനിവാര്യമാക്കുന്നു

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേരളത്തിലെ സഹകരണ നിയമത്തിലും ഘടനയിലും പൊളിച്ചെഴുത്ത് അനിവാര്യമാക്കുന്നു. ഈ ഭേദഗതി ഒട്ടേറെ ആശയക്കുഴപ്പങ്ങളും ആശങ്കകളും കേരളത്തിലെ സഹകരണ മേഖലയിലുണ്ടാക്കുന്നുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ എല്ലാ തലത്തിലും തിരുത്തലുകള്‍ നിര്‍ദേശിക്കുന്നതാണ് ഭേദഗതി. നിയമം നടപ്പായെങ്കിലും തിരുത്തല്‍ നടപടികള്‍ തുടങ്ങുന്നതേയുള്ളൂ. സഹകരണ ബാങ്കുകളെ ബാധിക്കുന്ന 13 വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന നിബന്ധന 2020 ജൂണ്‍ 26 നു നിലവില്‍വന്നു. അര്‍ബന്‍ ബാങ്കുകള്‍ക്കു ബാങ്കിങ് ഭേദഗതിയിലെ വ്യവസ്ഥകള്‍ 2020 ജൂണ്‍ 29 നു ബാധകമാക്കി. 2021 ഏപ്രില്‍ ഒന്നു മുതല്‍ കേരള ബാങ്കിനും ഈ വ്യവസ്ഥകള്‍ ബാധകമാകും. ഇതിലൂടെ കേരള നിയമത്തിലെ ചില വ്യവസ്ഥകള്‍ മാറ്റേണ്ടിവരും.

റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കുന്നതും സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തസ്സത്തയ്ക്കു വിരുദ്ധവുമായ പരിഷ്‌കാരങ്ങളാണ് വരാനിരിക്കുന്നത്. ഇതു കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ ഇതു ബാധകമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതിനൊപ്പം, റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം കൂടി ഇനി ബാങ്കുകള്‍ക്കു ലഭിക്കാനുണ്ട്. സഹകരണം സംസ്ഥാന വിഷയവും സഹകരണ സംഘങ്ങള്‍ സംസ്ഥാന നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവയുമാണ്. ബാങ്കിങ് കേന്ദ്രവിഷയമായതിനാല്‍ സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിനു ഇടപെടാനുള്ള അധികാരമുണ്ട്. എന്നാല്‍, ഭരണസമിതി തിരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസര്‍വ് ബാങ്കിനോ കേന്ദ്ര സര്‍ക്കാരിനോ ഇതുവരെ ഇടപെടാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതാണ് പുതിയ ഭേദഗതിയിലൂടെ തിരുത്തുന്നത്.

ഇരട്ടപ്പദവി പാടില്ല

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 16 സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയതോടെ കേരളത്തിലെ സഹകരണ ബാങ്കുകളിലെ അംഗത്വം പുനര്‍ നിര്‍ണയിക്കേണ്ടിവരും. ഒരാള്‍ക്കു ഒരേസമയം രണ്ട് സഹകരണ ബാങ്കുകളില്‍ ഡയരക്ടര്‍മാരായിരിക്കാനാവില്ലെന്നാണ് വകുപ്പ് 16 ല്‍ പറയുന്നത്. സഹകരണ ബാങ്ക് എന്നതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ എന്നതാണ് ആര്‍.ബി.ഐ. ഉദ്ദേശിക്കുന്നത്. അതിനാല്‍, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവയില്‍ ഒരേസമയം ഭരണസമിതി അംഗങ്ങളായാല്‍ അത് ഇരട്ടപ്പദവിയായി കണക്കാക്കും. ഇതു കേരള ബാങ്കിനെയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെയുമാണ് ബാധിക്കുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളുടെയും അര്‍ബന്‍ ബാങ്കുകളുടെയും അപ്പക്സ് ബാങ്കാണ് കേരള ബാങ്ക് എന്നതാണ് സംസ്ഥാന നിയമത്തിലെ വ്യവസ്ഥ. കേരള ബാങ്കിന്റെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അംഗസംഘങ്ങളായ അര്‍ബന്‍ ബാങ്കുകളുടെയും പ്രാഥമിക ബാങ്കുകളുടെയും പ്രതിനിധികളാണ്. സംസ്ഥാനത്തെ ഏക ജില്ലാ സഹകരണ ബാങ്കായ മലപ്പുറത്തിന്റെയും സ്ഥിതി സമാനമാണ്. മലപ്പുറം ജില്ലയിലെ പ്രാഥമിക ബാങ്കുകളും അര്‍ബന്‍ ബാങ്കുകളുമാണ് മലപ്പുറം ജില്ലാ ബാങ്കിലെ അംഗങ്ങള്‍. എന്നാല്‍, അര്‍ബന്‍ ബാങ്കുകളുടെ അപ്പക്സ് ബാങ്ക് എന്ന പരിഗണന കേരള ബാങ്കിനു കേന്ദ്ര ധനകാര്യ മന്ത്രാലയം നല്‍കുന്നില്ല. കാരണം, അര്‍ബന്‍ ബാങ്ക് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണ് എന്നതുകൊണ്ടാണിത്. അതുകൊണ്ട്, അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി കേരള ബാങ്കിന്റെയോ മലപ്പുറം ജില്ലാ ബാങ്കിന്റെയോ ഭരണസമിതിയില്‍ ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കായി റിസര്‍വ് ബാങ്ക് അംഗീകരിക്കാത്തതിനാല്‍ അവയുടെ പ്രതിനിധികള്‍ക്ക് ഇപ്പോഴത്തെ നിയമവിലക്ക് ബാധകമാവില്ല. അതിനാല്‍, കേന്ദ്ര നിയമ ഭേദഗതിക്കനുസരിച്ച് കേരള ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക് എന്നിവയുടെ അംഗങ്ങളെയും ഭരണസമിതി അംഗത്വവും പുനര്‍നിര്‍ണയിച്ച് സംസ്ഥാന നിയമത്തിലും ഭേദഗതി വരുത്തേണ്ടിവരും.

ചെയര്‍മാന്മാര്‍ക്ക് അയോഗ്യത

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലും മലപ്പുറം ജില്ലാബാങ്ക് ചെയര്‍മാന്‍ അഡ്വ.യു.എ. ലത്തീഫും സ്ഥാനമൊഴിയേണ്ടിവരും. അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായാണ് ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെയും ലത്തീഫ് മലപ്പുറം ജില്ലാ ബാങ്കിന്റെയും ഭരണസമിതിയിലെത്തിയത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതിയ നുസരിച്ച് ഒരാള്‍ക്ക് രണ്ട് ബാങ്കുകളുടെ ഭരണസമിതിയില്‍ അംഗമാകാനാവില്ല. അര്‍ബന്‍ ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കായതിനാല്‍ ഇരുവര്‍ക്കും നിയമത്തിന്റെ വിലക്കു വീഴും. കേരള ബാങ്കിന്റെ ഭരണസമിതിയുടെ ഘടന മാറ്റിയാല്‍ ഇവരെ നിലനിര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞേക്കും. ഇതിനായി, അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി കേരള ബാങ്കിന്റെയോ ജില്ലാ ബാങ്കിന്റെയോ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ അര്‍ബന്‍ ബാങ്കുകളുടെ ഭരണസമിതി അംഗമാവേണ്ടതില്ലെന്ന വ്യവസ്ഥ കേരള സഹകരണ നിയമത്തില്‍ കൊണ്ടുവരേണ്ടിവരും. ആ വ്യവസ്ഥ കേരള ബാങ്കിന്റെയും ജില്ലാ ബാങ്കിന്റെയും ബൈലോയില്‍ ഉള്‍പ്പെടുത്തുകയും വേണം. ബൈലോ ഭേദഗതിക്കു പൊതുയോഗം ചേരണമെന്നു മാത്രമല്ല, കേന്ദ്ര നിയമ ഭേദഗതി അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയും വാങ്ങണം. ഏപ്രില്‍ ഒന്നുമുതലാണ് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതികള്‍ സംസ്ഥാന – ജില്ലാ ബാങ്കുകള്‍ക്ക് ബാധകമാകുന്നത്. അതിനു മുമ്പ് ചെയര്‍മാന്റെ അയോഗ്യതാ പ്രശ്നം സര്‍ക്കാരിനു തീര്‍ക്കാനാകണം.

ഭരണസമിതിയുടെ കാലാവധി

കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഭരണസമിതിയുടെ കാലാവധി അഞ്ചു വര്‍ഷമാണ്. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഭരണസമിതി അംഗമാകാനോ ചെയര്‍മാന്‍ സ്ഥാനം വഹിക്കാനോ വിലക്കില്ല. എന്നാല്‍, ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഇതിനു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അര്‍ബന്‍ ബാങ്ക്, കേരള ബാങ്ക്, ജില്ലാ ബാങ്ക് എന്നിവയിലെ ഭരണസമിതിക്കാണ് പുതിയ വ്യവസ്ഥ ബാധകമാകുന്നത്. ബാങ്ക് ഭരണസമിതി അംഗങ്ങളുടെ കാലാവധി എട്ടു വര്‍ഷമായി നിജപ്പെടുത്തി. അതേസമയം, ചെയര്‍മാന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയനുസരിച്ച് ഒരു ഭരണസമിതിക്ക് അതേ പോലെ അടുത്ത ടേമില്‍ തുടരാനാവില്ല. എട്ടു വര്‍ഷം പൂര്‍ത്തിയാകുന്ന ഓരോ അംഗവും രണ്ടാം ടേം പൂര്‍ത്തിയാവുന്നതിനു മുമ്പ് സ്ഥാനം ഒഴിയേണ്ടിവരും.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പത്താം വകുപ്പാണ് ഭരണസമിതി അംഗങ്ങളുടെ കാലാവധിയും യോഗ്യതയും നിശ്ചയിക്കുന്നത്. വകുപ്പ് 10 (എ) അനുസരിച്ച്, ഭരണസമിതി അംഗങ്ങളില്‍ 51 ശതമാനം പ്രൊഫഷണല്‍ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവരോ ആയിരിക്കണം. നിശ്ചിത ശതമാനം അംഗങ്ങള്‍ ഈ യോഗ്യതയില്ലാവരായാല്‍ റിസര്‍വ് ബാങ്കിനു ഇടപെടാനാകും. രണ്ടു മാസത്തിനുള്ളില്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കും. അതിനിടയില്‍ നിയമനം നടത്താനായില്ലെങ്കില്‍ ആര്‍.ബി.ഐ. സ്വന്തം നിലയില്‍ ആ ഒഴിവ് നികത്തും. റിസര്‍വ് ബാങ്ക് നികത്തുമ്പോള്‍ അത് ബാങ്കിന്റെ അംഗങ്ങളാകണമെന്നു നിബന്ധനയില്ല. ഇന്ത്യയില്‍ എവിടെയുള്ളവരെയും ആര്‍.ബി.ഐ.യ്ക്ക് ഡയരക്ടറായി നിയമിക്കാനാകും. ഇത് കോടതിയില്‍ ചോദ്യം ചെയ്യാനുമാവില്ല. കൃഷി, ഗ്രാമീണ സമ്പദ് വ്യവസ്ഥ, ബാങ്കിങ്, സഹകരണം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ മേഖലയിലാണ് യോഗ്യത നിര്‍ദേശിക്കുന്നത്.

വകുപ്പ് 10 (ബി) യിലാണ് ചെയര്‍മാന്റെ യോഗ്യതയും കാലാവധിയും വ്യവസ്ഥ ചെയ്തിട്ടുള്ളത്. ചെയര്‍മാന്‍ മുഴുവന്‍സമയ ജീവനക്കാരായിരിക്കും. ചെയര്‍മാനെ ഒരേസമയം ഭരണസമിതിയുടെയും ബാങ്കിന്റെയും ചെയര്‍മാനായാണ് കണക്കാക്കുന്നത്. ഇദ്ദേഹത്തിനു റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള മേഖലയില്‍ പ്രൊഫഷണല്‍ യോഗ്യതയും പ്രായോഗിക പരിചയവും ഉണ്ടാകണമെന്നാണ് നിര്‍ദേശം.( ബാങ്കിങ്, ഇക്കണോമിക്‌സ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് പ്രൊഫഷണല്‍ യോഗ്യത നിര്‍ദേശിക്കുന്നത്. ബാങ്കിന്റെ മൊത്തം മാനേജ്‌മെന്റാണ് ചെയര്‍മാന്റെ ചുമതല. നിശ്ചിത യോഗ്യതയില്ലാത്തയാളാണ് ചെയര്‍മാനെങ്കില്‍ അദ്ദേഹത്തെ പാര്‍ട് ടൈം ചെയര്‍മാനായി നിയമിക്കാം. ബോര്‍ഡിന്റെ മാത്രം ചെയര്‍മാനായിരിക്കും അദ്ദേഹം. പാര്‍ട് ടൈം ചെയര്‍മാനാണെങ്കില്‍ ബാങ്കിനു പ്രത്യേകം മാനേജിങ് ഡയരക്ടറെ നിയമിക്കണം. അതു പാലിച്ചില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് മാനേജിങ് ഡയരക്ടറെ നേരിട്ട് നിയമിക്കാനാകും. അങ്ങനെ നിയമിക്കുന്ന വ്യക്തിയുടെ ശമ്പളവും മറ്റ് അലവന്‍സുകളും റിസര്‍വ് ബാങ്ക് നിശ്ചയിക്കും. ഇത്തരം നിയമനത്തെ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല.

ഓഹരി പിന്‍വലിക്കാന്‍ വിലക്ക്

സഹകരണ ബാങ്കുകളുടെ ഓഹരിയെ കോര്‍പ്പറേറ്റ് കാഴ്ചപ്പാടിലേക്ക് മാറ്റി എന്നതാണ് ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടാകുന്ന മറ്റൊരു മാറ്റം. 12-ാം വകുപ്പിലാണ് ഇക്കാര്യം പറയുന്നത്. വകുപ്പ് 12 (1) അനുസരിച്ച്, ബാങ്കിന്റെ ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കാനാകും. കടപ്പത്രങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും പുറത്തിറക്കാനാകും. ഇതിനെല്ലാം റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നു മാത്രം. വകുപ്പ് 12 (2) അനുസരിച്ച് ബാങ്കില്‍ ഓഹരി എടുത്തുകഴിഞ്ഞാല്‍ അതു തിരിച്ചുകൊടുക്കാന്‍ കഴിയില്ല. 12 (2)(2) പ്രകാരം, ഒരാള്‍ക്ക് നല്‍കിയ ഓഹരി ബാങ്കിനു തിരിച്ചെടുക്കണമെങ്കിലും റിസര്‍വ് ബാങ്കിന്റെ അനുമതി വേണം.

ഈ മൂന്നു വ്യവസ്ഥകളും സഹകരണ സംഘങ്ങളുടെ ഓഹരി ഘടനയെത്തന്നെ ബാധിക്കുന്നതാണ്. മാത്രവുമല്ല, അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും വലുതാണ്. സ്വമേധയാ അംഗങ്ങള്‍ക്കു എടുക്കാവുന്ന ഒന്നാണ് സഹകരണ സംഘങ്ങളിലെ ഓഹരി. അത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനാവുകയും ചെയ്യും. അംഗങ്ങള്‍ക്കു മാത്രമേ ഓഹരി എടുക്കാനാകൂവെന്നു സംസ്ഥാന സഹകരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കേരള ബാങ്കിലെ അംഗങ്ങള്‍ പ്രാഥമിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും സര്‍ക്കാരുമാണ്. നോമിനല്‍ അംഗങ്ങളായി വരുന്ന വ്യക്തികള്‍ക്ക് വായ്പയുടെ രണ്ടു ശതമാനം ഓഹരിയായി അനുവദിക്കാറുണ്ട്. എന്നാല്‍, പൊതുജനങ്ങള്‍ക്ക് ഓഹരി നല്‍കാവുന്ന വ്യവസ്ഥയില്ല. കോര്‍പ്പറേറ്റ് കമ്പനികളുടെ മാതൃകയില്‍ സഹകരണ ബാങ്കുകളുടെ ഓഹരിയും കൈമാറാന്‍ അനുമതി നല്‍കുമ്പോള്‍ അത് സംസ്ഥാനത്തെ സഹകരണ ഘടനയില്‍ മാറ്റമുണ്ടാക്കും.

എടുത്ത ഓഹരി പിന്‍വലിക്കാനാവില്ലെന്നതും വലിയ പ്രതിസന്ധിയുണ്ടാക്കും. അഞ്ചു കോടി രൂപ വരെ കേരള ബാങ്കില്‍ ഓഹരിയെടുത്ത പ്രാഥമിക സഹകരണ സംഘങ്ങളുണ്ട്. കേരള ബാങ്കിന്റെ മൂലധന പര്യാപ്തത നിലനിര്‍ത്താനുള്ള സഹായമായിക്കൂടിയാണ് ഇത്തരത്തില്‍ ഓഹരി എടുത്തത്. നേരത്തെ ജില്ലാ ബാങ്കുകളെ സഹായിക്കാനായി നല്‍കിയ ഓഹരിത്തുക കേരള ബാങ്കിന്റേതായി മാറുകയാണുണ്ടായത്. ജില്ലാ ബാങ്കുകളേറെയും ലാഭത്തിലായിരുന്നതിനാല്‍ ഓഹരിത്തുകയ്ക്ക് ആനുപാതികമായി ലാഭവിഹിതം സംഘങ്ങള്‍ക്കു കിട്ടുമായിരുന്നു. കേരള ബാങ്ക് അറ്റലാഭത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. അതിനാല്‍, രണ്ടു വര്‍ഷമായി ലാഭവിഹിതവുമില്ല. അംഗങ്ങളില്‍ നിന്നു വാങ്ങിയ നിക്ഷേപത്തുക ഉപയോഗിച്ചാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ ഇത്തരത്തില്‍ ഓഹരി എടുത്തിട്ടുള്ളത്. അഞ്ചു കോടി രൂപ ഓഹരിക്കായി നല്‍കിയ ഒരു സംഘം ഒരു വര്‍ഷം കുറഞ്ഞത് 40 ലക്ഷം രൂപയെങ്കിലും ഈ തുകയ്ക്ക് നിക്ഷപപ്പലിശ നല്‍കണം. കേരള ബാങ്കില്‍നിന്നു ലാഭവിഹിതം കിട്ടാത്ത കാലത്തോളം ഇത് സംഘങ്ങളുടെ നഷ്ടമാണ്. ഏപ്രില്‍ ഒന്നിനു ശേഷം ഓഹരി പിന്‍വലിക്കാന്‍കൂടി കഴിയാത്ത സ്ഥിതിയുണ്ടായാല്‍ സംഘം പ്രതിസന്ധിയിലാകും. ഓഹരിയുടെ പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടാകും. അര്‍ബന്‍ ബാങ്കുകളില്‍ ഓഹരി പിന്‍വലിക്കുന്നതിനുള്ള വിലക്ക് വന്നുകഴിഞ്ഞു.

ആര്‍.ബി.ഐ. നിയന്ത്രണം കടുക്കുന്നു

കേരള ബാങ്കിലും ജില്ലാ ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം കടുക്കുന്നുവെന്നതാണ് മറ്റൊരു മാറ്റം. നേരത്തെ ബാങ്കിങ് കാര്യങ്ങളില്‍ മാത്രമുണ്ടായിരുന്ന നിയന്ത്രണം ഇപ്പോള്‍ ഭരണപരമായ കാര്യങ്ങളിലേക്കുകൂടി വ്യാപിക്കുകയാണ്. ഈ മൂന്നു സ്ഥാപനങ്ങളിലും വകുപ്പുതല ഓഡിറ്റിനു ഇനി പ്രസക്തിയില്ലാതായി. നൂറോളം സഹകരണ വകുപ്പുദ്യോഗസ്ഥര്‍ അര്‍ബന്‍ ബാങ്കിലും കേരള ബാങ്കിലുമായി ഓഡിറ്റ് ജോലികള്‍ ചെയ്യുന്നുണ്ട്. ഈ തസ്തികയ്ക്ക് ഇനി പ്രസക്തിയില്ല. വകുപ്പ് ഓഡിറ്റര്‍മാരുടെ സേവനം തുടരേണ്ടതില്ലെന്നു ഇതിനകം തന്നെ അര്‍ബന്‍ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 30 അനുസരിച്ച് കമ്പനി ഓഡിറ്റ് നിര്‍വഹിക്കാന്‍ യോഗ്യരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരിക്കണം സഹകരണ ബാങ്കിന്റെ അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടത് എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. വകുപ്പ് ഓഡിറ്റര്‍മാര്‍ക്കു അതിനുള്ള അധികാരമില്ല. മൂന്നു മാസത്തിനുള്ളില്‍ ഓഡിറ്റ് ചെയ്ത കണക്ക് പരസ്യപ്പെടുത്തണം. വകുപ്പ് 32 അനുസരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ മൂന്നു കോപ്പി വീതം റിസര്‍വ് ബാങ്കിനും സംസ്ഥാന സര്‍ക്കാരിനും നല്‍കണമെന്നാണു വ്യവസ്ഥ.

റിസര്‍വ് ബാങ്കിനു ബാങ്കിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരവും വര്‍ധിപ്പിച്ചു. 12 (മ) വകുപ്പനുസരിച്ച് ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാനും ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താനും റിസര്‍വ് ബാങ്കിനു അധികാരമുണ്ട്. 36 (മ) വകുപ്പില്‍ റിസര്‍വ് ബാങ്കിനു അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരവും വ്യക്തമാക്കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, ചെയര്‍മാന്‍, മാനേജിങ് ഡയരക്ടര്‍ എന്നിവര്‍ക്കെതിരെ റിസര്‍വ് ബാങ്കിനു നടപടി സ്വീകരിക്കാം. അത്തരം ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടിയെടുക്കാവൂവെന്നു നിഷ്‌കര്‍ഷിക്കുന്നില്ല. നേരത്തെ ഇത്തരം നടപടികള്‍ ആവശ്യമാണെങ്കില്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കാനേ റിസര്‍വ് ബാങ്കിനു അധികാരമുണ്ടായിരുന്നുള്ളു.

ഭരണസമിതിക്കെതിരെയുള്ള നടപടിക്കും റിസര്‍വ് ബാങ്കിനു അധികാരം നല്‍കി. വകുപ്പ് 36 (മ) പ്രകാരം, സഹകരണ ബാങ്കിന്റെ മൊത്തം ഭരണസമിതിയെ റിസര്‍വ് ബാങ്കിനു പിരിച്ചുവിടാം. അതും സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നു മാത്രമേയുള്ളൂ. വകുപ്പ് 44, 44 (മ), 45 എന്നിവയില്‍ ലയനം സംബന്ധിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. ഇന്ത്യയിലെ ഏതു ബാങ്കുമായും സഹകരണ ബാങ്കിനെ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനു അധികാരമുണ്ട്. ലയിപ്പിക്കുന്നത് സഹകരണ ബാങ്കുമായോ സംസ്ഥാനത്തിനകത്തുള്ള ബാങ്കുമായോ ആവണമെന്നു നിര്‍ബന്ധമില്ല.

നിയമം 0െപാളിച്ചെഴുതണം

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി എന്തു മാറ്റമാണ് കേരളത്തിലെ സഹകരണ മേഖലയില്‍ ഉണ്ടാക്കാനിരിക്കുന്നതെന്നു ഭാവിയില്‍ വ്യക്തമാകേണ്ടതാണ്. എന്തായാലും, ഇതുവരെ തുടര്‍ന്നുവന്ന രീതിയില്‍ സഹകരണ വായ്പാ മേഖലയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്നു ഉറപ്പാണ്. മാത്രവുമല്ല, സഹകരണ നിയമത്തിലും ഇതനുസരിച്ച് മാറ്റം വരുത്തേണ്ടിവരും. കേന്ദ്രനിയമത്തെ എതിര്‍ക്കണമെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ വിയോജിപ്പുകള്‍ പുലര്‍ത്തുമ്പോഴും നിയമം പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് അതനുസരിക്കേണ്ട ബാധ്യത സഹകരണ സ്ഥാപനങ്ങള്‍ക്കുണ്ട്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ സഹകരണ ബാങ്കുകള്‍ എന്ന രീതിയില്‍ സഹകരണ നിയമത്തിലും ചട്ടത്തിലും പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്ര നിയമമനുസരിച്ചാകുമ്പോള്‍ ഇതില്‍ തിരുത്തലുകള്‍ വേണ്ടിവരും.

അംഗത്വ ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. അര്‍ബന്‍ ബാങ്കുകളെ സ്വതന്ത്ര വിഭാഗമായി പരിഗണിക്കേണ്ടിവരുമെന്നതാണ് മറ്റൊരു മാറ്റം. വായ്പയുടെ രണ്ടു ശതമാനം വ്യക്തിഗത ഓഹരിയാക്കി മാറ്റുന്ന രീതിയും ഒഴിവാക്കേണ്ടിവരും. ഒരാള്‍ വായ്പ എടുക്കുന്നതുകൊണ്ട് അയാള്‍ക്കു ലഭിക്കേണ്ട പണം ഓഹരിയായി എല്ലാ കാലത്തേക്കും കെട്ടിക്കിടക്കേണ്ടിവരുന്ന സ്ഥിതി ഭൂഷണമാവില്ല. മാത്രവുമല്ല, കേരള ബാങ്കില്‍ നിന്നു വലിയ തുക വായ്പയെടുക്കുന്നവര്‍ക്ക് ഈ വ്യവസ്ഥ തിരിച്ചടിയുമാണ്. കേന്ദ്ര നിയമത്തിലെ വ്യവസ്ഥ നിലനില്‍ക്കെ ഓഹരി പ്രശ്‌നം മറികടക്കാന്‍, വ്യക്തിഗത ഓഹരിക്ക് ഇളവ് നല്‍കുക എന്നതു മാത്രമാകും പോംവഴി. എന്തായാലും, കേരള സഹകരണ നിയമം കാലോചിതമായി പരിഷ്‌കരിക്കേണ്ട ഘട്ടത്തിലാണ് ഇപ്പോള്‍ സഹകരണ മേഖല എത്തിനില്‍ക്കുന്നത്.

Leave a Reply

Your email address will not be published.