കേരളത്തിന്റെ മുന്നേറ്റത്തിനു സഹകരണമേഖല വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മന്ത്രി.
കേരളത്തിന്റെ ഇന്നു കാണുന്ന മുന്നേറ്റത്തിന് വലിയ പങ്ക് സഹകരണമേഖല വഹിച്ചിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂർ നടത്തറ പഞ്ചായത്ത് വനിത സഹകരണ സംഘത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ സഹകരണ നിക്ഷേപത്തിന്റെ പകുതിയിലേറെ നിക്ഷേപം കേരളത്തിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ വിരോധം വച്ച് കേരള ബാങ്കിനെ എതിർക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്ക് വരുന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അത് ന്യൂജൻ ബാങ്കുകൾ കൊപ്പം മത്സരിക്കാൻ സഹകരണമേഖലയെ പ്രാപ്തമാക്കുമെന്നും പറഞ്ഞു.
നടത്തറ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് പി.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നീതി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം വനിത ഫെഡ് പ്രസിഡന്റ് കെ. ആർ. വിജയ നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. ജനപ്രതിനിധികളും സഹകാരികളും പങ്കെടുത്ത ചടങ്ങിൽ സംഘം പ്രസിഡണ്ട് വത്സല രാമകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് വസന്തകുമാരി നന്ദിയും പറഞ്ഞു.
[mbzshare]