കേരള ബാങ്ക്- മലപ്പുറം ജില്ലാ ബാങ്ക് വിഷയത്തിൽ രമേശ് ചെന്നിത്തല ഇടപെടുന്നു.

[mbzauthor]

കേരള ബാങ്കിൽ നിന്നും മാറിനിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുസ്ലിംലീഗ് നേതൃത്വവുമായി ചർച്ച നടത്തി പരിഹാരം കാണുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്ത ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി ചർച്ച നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ ചർച്ചകൾക്ക് ഇരിക്കാംമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. രമേശ് ചെന്നിത്തലയോട് പറഞ്ഞു. കേരള ബാങ്ക് തത്വത്തിൽ നിലവിൽ വന്ന സാഹചര്യത്തിൽ കേരള ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം മാറി നിൽക്കുന്നത് ആത്മഹത്യാപരമായ നിലപാടാണെന്ന് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ നേതാവിനെ ബോധ്യപ്പെടുത്തിയ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതിപക്ഷനേതാവ് ഇടപെടുന്നതും കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടതും.

ഹൈക്കോടതിയിലെ 21 കേസുകൾ തീർപ്പാക്കി കൊണ്ട് ഉത്തരവ് വരുകയും കേരള ബാങ്കിന് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും വന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് മാത്രമായി ഒറ്റയ്ക്ക് നിൽക്കുക അസാധ്യമാകുമെന്ന വിലയിരുത്തലിന്റെയും ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ അഭ്യർത്ഥനയുടെയും അടിസ്ഥാനത്തിലാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇടപെടുന്നത്. തന്നെയുമല്ല കഴിഞ്ഞ പ്രവർത്തി ദിവസങ്ങളിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിൽ നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങളിൽ എന്ത് നിലപാട് എടുക്കണമെന്ന് സംബന്ധിച്ച് ആശങ്കകൾ പങ്കു വെക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ അനുരഞ്ജന നീക്കത്തിന് പ്രസക്തിയുണ്ട്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിനായി ഏതറ്റം വരെയും പോകുമെന്ന് സംഘടന, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർക്കു ഉറപ്പുനൽകിയിട്ടുണ്ട്. മറ്റു പ്രത്യാഘാതങ്ങൾ ഒഴിവാക്കാനായി ഇപ്പോൾ ഈ രാഷ്ട്രീയ തീരുമാനം എടുക്കുന്നതായിരിക്കും നല്ലതെന്ന വിലയിരുത്തലിലാണ് മലപ്പുറം ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിലേക്ക് വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവർത്തിച്ചു. മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടു മൂന്നു ദിവസം മാത്രമേ ആയിട്ടുള്ളൂ. വൈകാതെ കാര്യങ്ങൾ ബോധ്യപ്പെട്ടു മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പൂർണാർഥത്തിൽ കേരള ബാങ്കിനെ യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കേരള ബാങ്കിൽ നിന്നും മാറി നിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് ഡി.ബി.ഐ.എഫ് മലപ്പുറം ജില്ലാ നേതാക്കൾ നിവേദനം നൽകിയിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.