കേരള ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളുമായി മത്സരിക്കില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

adminmoonam

കേരള ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളുമായി മത്സരിക്കില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പ്രാഥമിക ബാങ്കുകളിലൂടെ നവീനമായ സാമ്പത്തിക ഉല്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേരള ബാങ്ക് സാഹചര്യമൊരുക്കും.ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സഹകരണ വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. കൂട്ടത്തില്‍ ഏറ്റവും അഭിമാനം തോന്നുന്നത് വിജയകരമായി കേരളത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് രൂപീകരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. സങ്കുചിത രാഷ്ട്രീയത്തിന്റെ ഫലമായി ഉയര്‍ന്നു വന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും കൊണ്ട് മറികടന്നു ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനത്തോട് കൂറ് പുലര്‍ത്താന്‍ ഇടതുപക്ഷ സര്‍ക്കാരിനു കഴിഞ്ഞുവെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ നാനൂറ്റി നാല്പത്തി ആറാമത് പോയന്റ് ആയി പറഞ്ഞിരുന്നത് ഇങ്ങനെയാണ്. “ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു സംസ്ഥാന സഹകരണ ബാങ്കിന് രൂപം നല്‍കും.” നാല് വര്‍ഷത്തിനിപ്പുറം നില്‍ക്കുമ്പോള്‍ ആ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കി കഴിഞ്ഞിരിക്കുന്നു.

കേരള ബാങ്ക് എന്ന ആശയവും അത് സാക്ഷാത്കരിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ളതും കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതുമാണ്. ‘Safe and Reliable Banking for Everyone’ എന്നതാണ് കേരള ബാങ്കിന്റെ കാഴ്ചപ്പാട്. കേരളത്തിലെ പ്രാഥമിക ബാങ്കുകള്‍ വളരെ പ്രധാനപ്പെട്ടതും കരുത്തുറ്റതും നിരവധി വായ്പാ-വായ്‌പേതര സേവനങ്ങള്‍ നല്കുന്നവയുമാണ്. കേരള ബാങ്ക് രൂപീകരണത്തോടെ നമുക്ക് പ്രാഥമിക ബാങ്കുകളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കാന്‍ കഴിയും.

നിക്ഷേപം, വായ്പ തുടങ്ങിയ ബാങ്കിംഗ് സേവനങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ സ്വന്തം നിലയില്‍ നല്കുകയും ബാങ്കിംഗ് രംഗത്തെ ആധുനിക സേവനങ്ങളും സാമ്പത്തിക ഉല്പന്നങ്ങളും കേരള ബാങ്കിലൂടെ പ്രാഥമിക ബാങ്കുകള്‍ ഉപഭോക്താക്കളിലെത്തിക്കുകയും വേണമെന്ന് വിഭാവനം ചെയ്യുന്നു. കേരള ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളുമായി മത്സരിക്കില്ല. പ്രൊഫഷണല്‍ വൈദഗ്ദ്ധ്യമുള്ള ജീവനക്കാരും, പ്രൊഫഷണല്‍ സമീപനവും, ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങളും, നവീനങ്ങളായ ബാങ്കിംഗ് ഉല്പന്നങ്ങളും കേരള ബാങ്കിന്റെ സവിശേഷതയായിരിക്കും. പ്രാഥമിക ബാങ്കുകളിലൂടെ നവീനമായ സാമ്പത്തിക ഉല്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേരള ബാങ്ക് സാഹചര്യമൊരുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.