കേരള ബാങ്കിൽ നിർബന്ധപൂർവ്വം സാലറി ചലഞ്ച്: നിർബന്ധിത സാലറി ചലഞ്ച്നെതിരെ ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്.

adminmoonam

കേരള ബാങ്കിൽ നിർബന്ധപൂർവ്വം സാലറി ചലഞ്ച് നടപ്പാക്കുന്നതായി ആക്ഷേപം.നിർബന്ധിത സാലറി ചലഞ്ച്നെതിരെ ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് രംഗത്ത്.കേരള ബാങ്കിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ അടിസ്ഥാനശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായി കാണിച്ചു ഇന്നലെ കേരള ബാങ്ക് സിഇഒ യുടെ സർക്കുലർ ഇറങ്ങി. ദുരിതാശ്വാസനിധിയിലേക്ക് മുഴുവൻ ജീവനക്കാരുടെയും അടിസ്ഥാനശമ്പളവകയായി15 കോടി രൂപ ആദ്യഗഡുവായി ഇതിനകം നൽകിയിട്ടുണ്ട്. ജീവനക്കാരിൽ നിന്നും മൂന്നു തുല്യ ഗഡുക്കളായി ഏപ്രിൽ മാസത്തെ ശമ്പളം മുതൽ ഈടാക്കാൻ തീരുമാനിച്ചു കൊണ്ടുള്ള സർക്കുലർ ജില്ലാ മേധാവികൾക്ക് സി.ഇ.ഒ അയച്ചു നൽകി.

ആകെ ജീവനക്കാരുടെ എണ്ണം, അടിസ്ഥാന ശമ്പളം, എന്നിവ കണക്കാക്കി 24.4.2020 ന് മുമ്പ് നൽകണമെന്നാണ് ഒരു നിർദ്ദേശം. ഏപ്രിൽ മാസത്തെ അടിസ്ഥാനശമ്പളം 3 ഗഡുക്കൾ ആക്കി ജീവനക്കാരിൽ നിന്ന് ഈടാക്കി ഏപ്രിൽ മാസത്തെ ഗഡു 2.5.2020 നു മുൻപും മെയ് മാസത്തെ ഗഡു 2.6.2020 നു മുൻപും ജൂൺ മാസത്തെ ഗഡു 2.7.2020 നു മുമ്പായി ഹെഡ് ഓഫീസിലെ സാലറി ചലഞ്ച് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നാണ് മറ്റൊരു നിർദ്ദേശം. കൂടാതെ ബാങ്കിൽ ജോലി ചെയ്യുന്ന താൽക്കാലിക/ കരാർ/ ദിവസവേതന/ കളക്ഷൻ ഏജന്റ് സെക്യൂരിറ്റി എന്നീ ജീവനക്കാർക്ക് താല്പര്യമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാവുന്നതാനെന്നും സർക്കുലറിൽ പറയുന്നു.

ജീവനക്കാരിലെ ബഹുഭൂരിപക്ഷം പേരും ശമ്പളത്തിലെ 20 ശതമാനം പോലും അറ്റ ശമ്പളമായി കൈപ്പറ്റാൻ ഇല്ലാത്തവരാണെന്നും അതിനാൽ അവരുടെ സമ്മതപത്രം വാങ്ങാതെ സാലറി ചലഞ്ച് നിർബന്ധപൂർവ്വം റിക്കവറി നടത്തരുതെന്ന് ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ്ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി നേതാക്കൾ അറിയിച്ചു. എന്നാൽ തങ്ങൾ നൽകിയ നിർദ്ദേശങ്ങൾകു വിരുദ്ധമായി ജീവനക്കാരിൽ നിന്നും സമ്മതപത്രം വാങ്ങാതെ ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്നും സാലറിചലഞ്ച് ലൂടെ ഒരു നിശ്ചിത തുക റിക്കവറി ചെയ്യാൻ ജില്ലയിലെ ജനറൽ മാനേജർമാർക്ക് നിർദേശം നൽകിയ നടപടി നിയമവിരുദ്ധവും സുപ്രീംകോടതിയുടെ 2018 ഒക്ടോബറിലെ സാലറി ചലഞ്ച് മായി ബന്ധപ്പെട്ട ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. അതിനാൽ ഈ ഉത്തരവ് പിൻവലിച്ചു ജില്ലാ ജനറൽ മാനേജർമാർക് നിർദ്ദേശം നൽകാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹ്മാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News