കേരള ബാങ്കിലൂടെ സർക്കാർ പിടിച്ചുപറി നടത്തുന്നുവെന്ന് കെ .പി .എ.മജീദ്
കേരള ബാങ്ക് രൂപീകരണം സർക്കാരിന്റെ ദുരുദ്ദേശപരമായ നടപടിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഭവിഷ്യത്തുകൾ സംബന്ധിച്ച് യാതൊരു ആലോചനയുമില്ല.കേരള ബാങ്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു. സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോൺഗ്രസിലെ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനം -ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ആസൂത്രണ ബോർഡ് മുൻ അംഗം സി.പി.ജോൺ പ്രബന്ധം അവതരിപ്പിച്ചു.സഹകരണ പ്രസ്ഥാനങ്ങളെ ലോകത്തിന്റെ നിറുകയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളിൽ ഇഫ്കോയും ഗുജറാത്ത് കോ ഓപ്പറേറ്റിവ് മിൽക് സൊസൈറ്റിയും മാത്രമാണ് ആഗോള തലത്തിൽ മുൻ നിരയിൽ എത്തിയിട്ടുള്ളത്.ഈ സ്ഥിതിക്ക് മാറ്റം വരണം. ചെറുകിട രാജ്യങ്ങളിൽ പോലും വലിയ സഹകരണ പ്രസ്ഥാനങ്ങൾ ഉണ്ടാകുന്നു. വലിയ രാജ്യമായിട്ടും ഇന്ത്യക്ക് അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളെ നിയമാവലികൾക്കപ്പുറത്തേക്ക് കെട്ടഴിച്ച് വിടണം.ഒരാൾക്കു തന്നെ പല സൊസൈറ്റികളിലും അംഗമാവാനും പ്രവർത്തിക്കാനും സാധിക്കണം. എങ്കിലേ പൂർണ തോതിൽ വളർച്ച കൈവരിക്കാനാവൂ.രണ്ട് കോടി ജീവനക്കാരാണ് ലോകത്താകമാനം സഹകരണ ജീവനക്കാരായുള്ളത്. അത് ഇനിയും വർധിക്കണം.ഫ്രാൻസ്, ന്യൂസിലാന്റ്, ചൈന, നെതർലാന്റ്സ്, ഫിൻലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം സഹകരണ പ്രസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം നേടിയ രാജ്യങ്ങളാണ്.
ഇനിയും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങൾ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. രാജ്യത്തിന്റെ ദാരിദ്യം ഇല്ലായ്മ ചെയ്യാനുള്ള താക്കോലായി സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും സി.പി.ജോൺ പറഞ്ഞു.
സഹകരണ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ,വൈസ് ചെയർമാൻമാരായ പി.ആർ.എൻ നമ്പീശൻ, കെ.സുരേഷ് ബാബു, ട്രഷറർ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
[mbzshare]