കേന്ദ്ര സഹകരണ മന്ത്രാലയം ഉയര്‍ത്തുന്ന ആശങ്കകള്‍
– കിരണ്‍ വാസു
കേന്ദ്ര കൃഷി വകുപ്പിനു കീഴിലായിരുന്ന സഹകരണത്തിനുവേണ്ടി
ഒരു പ്രത്യേക മന്ത്രാലയമുണ്ടാക്കി അതിന്റെ തലപ്പത്ത് ആഭ്യന്തര
മന്ത്രിയെത്തന്നെ നിയമിക്കുമ്പോള്‍ സഹകാരികള്‍ക്കിടയില്‍
ആശങ്കയുയരുന്നതു സ്വാഭാവികമാണ്. ബാങ്കിങ് നിയന്ത്രണ നിയമ
ഭേദഗതിപോലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ സഹകരണ
കാഴ്ചപ്പാടിനു വിരുദ്ധമായതിനാലാണു സഹകരണ മന്ത്രാലയത്തിന്റെ
വരാനിരിക്കുന്ന നീക്കങ്ങളെ ആശങ്കയോടെ കാത്തിരിക്കേണ്ടി വരുന്നത്.
കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയം നിലവില്‍ വന്നുകഴിഞ്ഞു. ആഭ്യന്തര മന്ത്രിയായ അമിത്ഷായ്ക്കാണു സഹകരണ വകുപ്പിന്റെയും ചുമതല. കൃഷിവകുപ്പിനു കീഴിലായിരുന്ന സഹകരണത്തെ എന്തുകൊണ്ട് ആഭ്യന്തര മന്ത്രിക്കു കീഴിലേക്കു മാറ്റി എന്ന ചിന്ത ഉയര്‍ന്നിടത്താണു പുതിയ മന്ത്രാലയം രൂപവത്കരിച്ചതിലെ ആശങ്കയും ഉണ്ടാകുന്നത്. ഒരു സഹകരണ സംഘം പിരിച്ചുവിടുന്ന ലാഘവത്തോടെ കശ്മീര്‍ എന്ന സംസ്ഥാനത്തെ പിരിച്ചുവിട്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതിനു നേതൃത്വം നല്‍കിയ മന്ത്രിയാണ് അമിത്ഷാ. അതുകൊണ്ടുതന്നെയാണു ഭരണഘടനയിലെ ഏഴാം പട്ടിക അനുസരിച്ച് സംസ്ഥാന വിഷയമായ സഹകരണത്തില്‍ അമിത് ഷാ ചുമതലക്കാരനാകുമ്പോള്‍ ബി.ജെ.പി. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ടാകുന്നത്. എന്നാല്‍, ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണു കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്നു കുറ്റപ്പെടുത്താന്‍ കഴിയില്ല. കൃഷിയും വിദ്യാഭ്യാസവുമെല്ലാം സംസ്ഥാന വിഷയമാണ്. കൃഷിക്കു കേന്ദ്രത്തില്‍ മന്ത്രാലയമുണ്ട്. അതേ കൃഷിവകുപ്പിനു കീഴിലായിരുന്നു ഇതുവരെ സഹകരണം. കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണു കേന്ദ്ര സഹകരണ രജിസ്ട്രാറായി പ്രവര്‍ത്തിച്ചത്. കൃഷിക്കു കേന്ദ്രത്തില്‍ മന്ത്രാലയമാകാമെങ്കില്‍ സഹകരണത്തിനുമാകാം. അതിനെ എതിര്‍ക്കേണ്ടതില്ല. പക്ഷേ, അതു ഭാവിയിലുണ്ടാക്കാവുന്ന പ്രശ്‌നങ്ങളാണ് ആശങ്കയ്ക്കു കാരണം. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി, ഫിനാന്‍സ് നിയമത്തിലെ ഭേദഗതി എന്നിങ്ങനെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെല്ലാം സഹകരണ കാഴ്ചപ്പാടിനു വിരുദ്ധമായിട്ടുള്ളതായിരുന്നു. അതിനാല്‍ പുതിയ മന്ത്രാലയത്തിന്റെ ഭാവിനടപടികളിലാണ് ആശങ്ക ഒളിഞ്ഞുകിടക്കുന്നത്.
സഹകരണ മേഖലയിലുള്ള കേന്ദ്ര ഇടപെടലാണു 97-ാം ഭരണഘടന ഭേദഗതിയിലൂടെ ഉണ്ടായത്. സഹകരണ സംഘങ്ങളുടെ ഓഡിറ്റ്, രൂപവത്കരണത്തിനുള്ള വ്യവസ്ഥകള്‍, ഭരണസമിതി, സംഘങ്ങളുടെ പിരിച്ചുവിടല്‍, അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഇത്. ഒരു സഹകരണ സംഘം രൂപവത്കരണം മൗലികാവകാശമാക്കിയത് ഈ ഭേദഗതിയിലാണ്. എന്നാല്‍, സംസ്ഥാന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് വന്നു. ഭേദഗതി റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടു. സഹകരണ സംഘം രൂപവത്കരിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന ഭേദഗതിയിലെ വ്യവസ്ഥ കോടതി അംഗീകരിച്ചു. ഇതു കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നത് അംഗീകരിച്ചായിരുന്നു വിധി. മറ്റെല്ലാ വ്യവസ്ഥകളും റദ്ദാക്കിയത് അതു സംസ്ഥാന വിഷയമാണെന്ന കാര്യം ഉന്നയിച്ചാണ്. ഇതിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി ഈയിടെ തള്ളുകയും ചെയ്തു. സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെ ആശങ്കയോടെ നോക്കുന്ന ഈ ഘട്ടത്തില്‍ ഗുജറാത്ത് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികള്‍ക്കു ഏറെ പ്രസക്തിയുണ്ട്. കേന്ദ്ര – സംസ്ഥാന ഏറ്റുമുട്ടല്‍ ഇനി ഈ മേഖലയില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
കേന്ദ്രമന്ത്രാലയത്തിലെ പ്രതീക്ഷകള്‍
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം വരുന്നതു ഗുണകരമാണ്. ഇതില്‍ പ്രധാനം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിയന്ത്രണമാണ്. 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമമനുസരിച്ച് കേന്ദ്രതലത്തിലാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണ സംവിധാനങ്ങളും നടക്കുന്നത്. എന്നാല്‍, രജിസ്‌ട്രേഷനല്ലാതെ മറ്റു ഭരണനിയന്ത്രണ സംവിധാനം നിലവില്‍ കാര്യക്ഷമമല്ല. നിക്ഷേപത്തിനും വായ്പയ്ക്കും സ്വയം പലിശ നിര്‍ണയിക്കുന്ന സ്വതന്ത്ര സംവിധാനമായാണ് ഇപ്പോള്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം. ഇതു നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന വിധത്തിലല്ലെന്നു മാത്രമല്ല, സഹകരണ മേഖലയുടെ വിശ്വാസ്യത കൂടി തകര്‍ക്കുന്ന രീതിയിലാണെന്ന പരാതി കേന്ദ്രത്തിനു പോലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പല നിബന്ധനകളും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല.
മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ ഓഡിറ്റിനും പരിശോധനക്കുമെല്ലാം കേന്ദ്രത്തില്‍ കാര്യക്ഷമമായ സംവിധാനമില്ല. റിസര്‍വ് ബാങ്കാണു വാണിജ്യ ബാങ്കുകള്‍ക്കുള്ള പലിശനിരക്ക് നിശ്ചയിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ഇതു ബാധകമാകും. ആര്‍.ബി.ഐ. നിശ്ചയിക്കുന്ന നിരക്ക് കണക്കാക്കി അതതു സംസ്ഥാന സഹകരണ രജിസ്ട്രാര്‍മാരാണു സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെയും വായ്പയുടെയും പലിശ നിരക്ക് നിശ്ചയിക്കുക. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഇതു ബാധകമാക്കാന്‍ കേന്ദ്ര രജിസ്ട്രാര്‍ പ്രത്യേകം സര്‍ക്കുലര്‍ ഇറക്കണം. എന്നാല്‍, ആദ്യത്തെ രണ്ടു ഘട്ടം കൃത്യമായി നടക്കുമ്പോഴും കേന്ദ്ര രജിസ്ട്രാര്‍ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരാറില്ല. പകരം, അതതു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ ഭരണസമിതികള്‍ക്കാണ് ഈ അധികാരം നല്‍കിയിരിക്കുന്നത്. അവരാകട്ടെ, നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും ഉയര്‍ന്ന പലിശ നിരക്കാണു നിശ്ചയിക്കാറുള്ളത്. നിക്ഷേപം പരമാവധി ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
നിലവില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ നിക്ഷേപത്തിനു പരമാവധി ഏഴ് ശതമാനം പലിശയാണ് ഈടാക്കേണ്ടതെന്നാണു രജിസ്ട്രാറുടെ നിര്‍ദേശം. ഇതേ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ നല്‍കുന്നതു 13 ശതമാനമാണ്. നിക്ഷേപം മള്‍ട്ടി സംഘങ്ങളിലേക്ക് ഒഴുകിപ്പോകുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തില്‍ അതു സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, അതു കാര്യമായി ബാധിക്കാത്തതു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ എണ്ണം കുറവായതുകൊണ്ടാണ്. കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം വരുമ്പോള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കും നിയന്ത്രണം ബാധകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് ഏതു രീതിയിലാണു നടപ്പാക്കുന്നത് എന്നതിനനുസരിച്ചിരിക്കും കേരളത്തെ എങ്ങനെ ബാധിക്കുമെന്നറിയാന്‍.
നിധി കമ്പനികള്‍ക്കു സമാനമായ രീതി മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കും കൊണ്ടുവരുമെന്ന ആശങ്ക നിലവിലുണ്ട്. നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ക്കുള്ള പലിശയാണു നിധികള്‍ക്കു ബാധകമാക്കാറുള്ളത്. ഇതു വാണിജ്യ- സഹകരണ ബാങ്കുകളുടെ നിക്ഷേപപ്പലിശയേക്കാള്‍ അഞ്ചു ശതമാനം കൂടുതലാകാറുണ്ട്. നിലവില്‍ പന്ത്രണ്ടര ശതമാനം പലിശയാണു നിക്ഷേപങ്ങള്‍ക്കു നിധി നല്‍കുന്നത്. ഇതാണു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കും ബാധകമാകുന്നതെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. കേരളത്തിലെ സഹകരണ സംഘങ്ങള്‍ കേന്ദ്ര – സംസ്ഥാന നിയന്ത്രണത്തിലുള്ളവ എന്ന രണ്ടു തട്ടിലായി പ്രവര്‍ത്തിക്കേണ്ടിവരും. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞതു സാമ്പത്തിക അച്ചടക്കം സഹകരണ ബാങ്കുകള്‍ക്കുകൂടി ബാധകമാക്കാന്‍ വേണ്ടിയാണ് എന്നാണ്. ഇതാണു കേന്ദ്രത്തിന്റെ പൊതുനിലപാട് എങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് അനുവദിച്ച് സംസ്ഥാനങ്ങളുടെ സഹകരണ വായ്പാ രംഗത്തു രണ്ടു പലിശനിരക്ക് വ്യവസ്ഥകള്‍ ഉണ്ടാക്കില്ലെന്നു പ്രതീക്ഷിക്കാം.
ലക്ഷ്യം രാഷ്ട്രീയമാകുമ്പോള്‍
സഹകരണ മേഖലയ്ക്കു രാഷ്ട്രീയമുണ്ട്. അതൊരു ജനാധിപത്യ സാമ്പത്തിക സംവിധാനത്തിന്റെ മഹനീയ മാതൃകയാണ്. ജനങ്ങളുടെ കൂട്ടായ്മയാണു സഹകരണ സംഘങ്ങള്‍. ഒരു പ്രദേശത്തെ ചെറിയ കൂട്ടായ്മ ഒരു രാഷ്ട്രീയ പാര്‍ട്ടിപിന്തുണയുള്ള സഹകരണ ഭരണ സംവിധാനത്തിനു കീഴില്‍ ഒന്നിക്കുന്നത് ആ രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു വഴിവെക്കുമെന്നതില്‍ ഒരു സംശയവുമില്ല. കേരളത്തിലെ കാര്യം പരിശോധിച്ചാല്‍ മാത്രം ഇതു ബോധ്യമാകും. സംഘത്തിലെ അംഗങ്ങള്‍, അവിടെ തൊഴില്‍ ലഭിക്കുന്നവര്‍, ആ സ്ഥാപനത്തിന്റെ സേവനം ലഭിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ആ സംഘത്തോടും അതു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടും ആഭിമുഖ്യമുണ്ടാവുക സ്വാഭാവികമാണ്. സഹകരണ സംഘങ്ങളിലൂടെ രാഷ്ട്രീയ മേധാവിത്വം നേടുകയെന്നത് അമിത് ഷാ ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവയാണു സഹകരണ മേഖലയ്ക്കു ശക്തിയുള്ള സംസ്ഥാനങ്ങള്‍. ഇതില്‍ വായ്പാ സഹകരണ സംഘങ്ങള്‍ക്കു കേരളത്തിലാണു സ്വാധീനം. മഹാരാഷ്ട്രയും കേരളവും സഹകരണ മേഖലയിലൂടെ പിടിക്കാന്‍ ബി.ജെ.പി. ലക്ഷ്യമിട്ടുകഴിഞ്ഞുവെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ടാണ് അമിത് ഷാ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ ചുമതലക്കാരനാകുമ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ടാകുന്നത്.
സഹകരണം സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിന് ഇടപെടാന്‍ ഒട്ടേറെ പഴുതുകളുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍, നിധി കമ്പനികള്‍ എന്നിവയിലൂടെയെല്ലാം രാഷ്ട്രീയ കൂട്ടായ്മയോ രാഷ്ട്രീയം വളര്‍ത്താനാവശ്യമായ കൂട്ടായ്മയോ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയും. സഹകരണ സംഘങ്ങള്‍ക്കു സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍ഷക ഉല്‍പ്പാദനക്കമ്പനികള്‍, സംരംഭങ്ങള്‍ എന്നിവ തുടങ്ങാം. ഇതിനു നബാര്‍ഡ്, എന്‍.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ സഹായം നല്‍കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്കു കേരള ബാങ്ക് വഴിയാണ് ഈ സഹായം കിട്ടുന്നത്. കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്കു കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജന്‍സികളുടെ സഹായം നേരിട്ട് ലഭ്യമാക്കാനാകും. കേരള ബാങ്കിന്റെ പലിശവിഹിതം ഒഴിവാകുന്നതോടെ പലിശനിരക്കിലും കുറവു വരും. ഇതെല്ലാം സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നേരിട്ട് കേന്ദ്ര ഇടപെടല്‍ സാധ്യമാക്കുന്നതും സഹകരണ രംഗത്തു ബി.ജെ.പി.ക്കു സ്വാധീനമുറപ്പിക്കാന്‍ അവസരം നല്‍കുന്നതുമാണ്.
കോണ്‍ഗ്രസ് മുക്ത ഗുജാറാത്തിനു അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് അവിടത്തെ ബി.ജെ.പി.യുടെ അടിത്തറ ബലപ്പെടുത്തിയത്. സഹകരണ മേഖലയ്ക്കു നല്ല സ്വാധീനമുള്ള മണ്ണാണു ഗുജറാത്ത്. അതിനാല്‍ സംഘങ്ങള്‍ നിയന്ത്രണത്തിലാക്കുകയാണു സംസ്ഥാന രാഷ്ട്രീയം നിയന്ത്രണത്തിലാക്കാനുള്ള വഴിയെന്നു ബി.ജെ.പി. തിരിച്ചറിഞ്ഞു. സഹകാരികളെ കൂടെ നിര്‍ത്തിയും പുതിയ അംഗങ്ങളെ ചേര്‍ത്ത് സംഘങ്ങളില്‍ ഭരണം നേടിയും അതു വിജയിപ്പിച്ചു. ഗുജറാത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്നു അമിത് ഷാ. അഹമ്മദാബാദ് ജില്ലാ ബാങ്ക് പ്രസിഡന്റ്സ്ഥാനം അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും വഹിച്ചിരുന്നു. ജില്ലാ ബാങ്കിനെ പ്രായോഗികമായി മാറ്റി സാമ്പത്തിക വളര്‍ച്ചയും പ്രവര്‍ത്തന മുന്നേറ്റവും ഉണ്ടാക്കാനായ ‘യുവസഹകാരി’ കൂടിയാണ് അദ്ദേഹം. അതിനാല്‍, സഹകരണത്തിന്റെ മര്‍മവും സാധ്യതയും അദ്ദേഹത്തിനു നന്നായറിയാം.
ഗുജറാത്തില്‍ മൂന്നിലൊന്നു ജനവിഭാഗവും സഹകരണ മേഖലയുമായി ബന്ധമുള്ളവരാണ്. ക്ഷീര സംഘങ്ങളും വായ്‌പേതര സംഘങ്ങളും കാര്‍ഷിക സംഘങ്ങളുമെല്ലാം അവിടെയുണ്ട്. 2017 ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ‘ഓപ്പറേഷന്‍ സഹകരണം’ അമിത് ഷാ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണു രാഷ്ട്രീയനിരീക്ഷര്‍ വിലയിരുത്തുന്നത്. ആദ്യം സംഘങ്ങള്‍, അതിലൂടെ ജനങ്ങള്‍ – ഇതാണു ബി.ജെ.പി.യിലേക്കു വോട്ടെത്തിക്കാന്‍ അമിത് ഷായുടെ ആസൂത്രണം. സഹകരണ സംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തില്‍ പതിനായിരം വോട്ടുവരെ മറിക്കാന്‍ ബി.ജെ.പി.ക്കു കഴിഞ്ഞുവെന്നാണു വിലയിരുത്തല്‍. അതാണു ഗുജറാത്ത് ഭരണത്തില്‍നിന്നു കോണ്‍ഗ്രസ്സിനെ പുറത്താക്കാനായതും തുടര്‍ഭരണമെന്നത് ആവര്‍ത്തിക്കാനാകുന്നതുമെന്നാണു വിലയിരുത്തല്‍. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോള്‍ ബി.ജെ.പി.യുടെ നിയന്ത്രണത്തിലാണ്.
സഹകരണത്തിന്റെ സേവന രാഷ്ട്രീയം
കോവിഡ് മഹാമാരിക്കു ശേഷം ‘സേവന രാഷ്ട്രീയം’ എന്നതു രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുരീതിയായി മാറുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍. ജനങ്ങള്‍ക്കു സേവനം ചെയ്യുന്നവരെ, ജനങ്ങളെ സഹായിക്കുന്നവരെ അവര്‍ സ്വീകരിക്കുമെന്ന ബോധ്യമാണ് ഇതിന്റെ അടിസ്ഥാനം. സഹകരണ സംഘങ്ങള്‍ സേവന രാഷ്ട്രീയത്തിനുള്ള ഒരു ‘ടൂള്‍’ ആണ്. അതു കേരളത്തില്‍ ഉപയോഗിക്കാനുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയ ലക്ഷ്യമാണു കേന്ദ്ര സഹകരണ മന്ത്രാലയം രൂപവത്കരിക്കുന്നതിനു പിന്നിലെന്നാണു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. നിധി കമ്പനികള്‍ രൂപവത്കരിക്കുന്നതിലൂടെ 200 അംഗങ്ങളാണ് അതിന്റെ ഭാഗമാകുന്നത്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളും ആ സംഘങ്ങള്‍ വഴി സ്വാശ്രയ സംഘങ്ങളും കേന്ദ്ര തലത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകും. ഇതിലൂടെ സഹകരണ സംരംഭങ്ങള്‍ വരും. അതിനു കേന്ദ്രസഹായവും ലഭിക്കും. അതിന്റെ ഭാഗമാകുന്നവരും കുടുംബവും ബി.ജെ.പി.യോടു ചേര്‍ന്നുനിന്നാല്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാവും. ഇതാണു ബി.ജെ.പി.യുടെ കണക്കുകൂട്ടലെന്നാണു പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതുകൊണ്ടാണു കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും ഒരേപോലെ കേന്ദ്രനീക്കത്തില്‍ പ്രതിഷേധവും ആശങ്കയും ഉയര്‍ത്തുന്നത്.
കേരളത്തില്‍ സഹകരണ മേഖലയില്‍ സി.പി.എമ്മിനാണു മേധാവിത്വം. എങ്കിലും, 40 ശതമാനം പങ്കാളിത്തം കോണ്‍ഗ്രസ്സിനും യു.ഡി.എഫിനുമുണ്ട്. യൂഡി.എഫ്. അനുകൂല സഹകരണ ജീവനക്കാരുടെ സംഘടനകള്‍ക്കും നല്ല സ്വാധീനമുണ്ട്. എന്നാല്‍, ഈ സ്വാധീനം തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടമാക്കാന്‍ യു.ഡി.എഫിനു കഴിയാറില്ല. കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെല്ലാം നേതാക്കളായ വ്യക്തികളുടെ നിയന്ത്രണത്തിലാണ്. അതില്‍ പാര്‍ട്ടിക്കു കാര്യമായ നിയന്ത്രണമില്ല. പുതിയ സാഹചര്യത്തില്‍ പ്രതിരോധത്തിനു സഹകരണ രംഗത്തു രാഷ്ട്രീയ നിയന്ത്രണം ശക്തമാക്കണമെന്ന ആലോചന യൂ.ഡി.എഫിലുമുണ്ട്. അല്ലെങ്കില്‍, അമിത്ഷായുടെ സഹകരണ പടയോട്ടം വന്നാല്‍ സഹകാരികളുടെ ചോര്‍ച്ചയും സംഘങ്ങളുടെ ഭരണനഷ്ടവുമെല്ലാം യു.ഡി.എഫ്. നേരിടേണ്ടിവന്നേക്കും. സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ.് പരിമിതികള്‍ മറികടന്നു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കേന്ദ്രത്തില്‍ പ്രത്യേക വകുപ്പ് രൂപവത്കരിച്ചതിലൂടെ ബി.ജെ.പി.ക്കു കഴിയും. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേന്ദ്രത്തിനു പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകും.
മള്‍ട്ടി സംഘങ്ങള്‍ പടി കടന്നെത്തുമ്പോള്‍
കേരളത്തില്‍ നിലവില്‍ 23 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളില്‍ ആസ്ഥാനമുള്ളതും ചിലതു ക്രെഡിറ്റ് സംഘങ്ങളുമാണ്. ഒരു വ്യവസ്ഥയുമില്ലാതെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയതോടെ രജിസ്‌ട്രേഷനു അതതു സംസ്ഥാനങ്ങളിലെ സഹകരണ സംഘം രജിസ്ട്രാറുടെ എതിര്‍പ്പില്ലാരേഖ ( എന്‍.ഒ.സി ) വേണമെന്നു കേന്ദ്ര രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. കേരളം പ്രവര്‍ത്തനപരിധിയാക്കാന്‍ അപേക്ഷ നല്‍കിയ ഒരു സംഘം ഇതിനെതിരെ കോടതിയെ സമീപിച്ചു. ഒരു സര്‍ക്കുലറിലൂടെ ഇത്തരമൊരു നിബന്ധന വെക്കുന്നതു നിയമപരമല്ലെന്നു ഹൈക്കോടതി വിധിയുണ്ടായി. ഇതോടെ, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ചട്ടം ഭേദഗതി ചെയ്തു എന്‍.ഒ.സി. വ്യവസ്ഥ കേന്ദ്രം ഉള്‍പ്പെടുത്തി. അതിനുശേഷം കേരളം ഒരു സംഘത്തിനും എന്‍.ഒ.സി. നല്‍കിയിട്ടില്ല. അതുകൊണ്ടാണു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ എണ്ണം കേരളത്തില്‍ കുറയാന്‍ കാരണം. എന്നാല്‍, എന്‍.ഒ.സി. നല്‍കാതെയും കേന്ദ്രം ഇത്തരം സംഘങ്ങള്‍ പിന്നീട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതു സംസ്ഥാനങ്ങള്‍ക്കു ചോദ്യം ചെയ്യാനാവില്ല. അതിനുള്ള അധികാരം കേന്ദ്ര രജിസ്ട്രാറില്‍ നിക്ഷിപ്തമാണ്.
കേരളം അനുമതി നല്‍കാതിരുന്നതോടെ വ്യാജ രേഖ ഹാജരാക്കി മള്‍ട്ടി സ്‌റ്റേറ്റ് സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഗുജറാത്ത് കേന്ദ്രമാക്കി രണ്ട് സഹകരണ സംഘങ്ങള്‍ കേരളം പ്രവര്‍ത്തനപരിധിയാക്കാന്‍ കേന്ദ്ര രജിസ്ട്രാര്‍ക്കു മുമ്പില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിലാണു സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ എന്‍.ഒ.സി. എന്ന നിലയില്‍ വ്യാജരേഖ ഹാജരാക്കിയത്. സര്‍ട്ടിഫിക്കറ്റില്‍ അക്ഷരത്തെറ്റ് കണ്ട് സംശയം തോന്നിയ കേന്ദ്ര രജിസ്ട്രാര്‍ അതിന്റെ പരിശോധനയ്ക്കായി കേരളത്തിലേക്കയച്ചപ്പോഴാണു വ്യാജരേഖ പിടിക്കപ്പെട്ടത്. കേരളം പ്രവര്‍ത്തന പരിധിയായിക്കിട്ടാന്‍ മറ്റു സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ എത്ര ശ്രമിക്കുന്നുണ്ടെന്നു ഇതില്‍നിന്നു വ്യക്തമാകുന്നുണ്ട്. കേരളത്തില്‍ സഹകരണ സംഘങ്ങള്‍ക്കുള്ള വിശ്വാസ്യതയും അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം കിട്ടാനുള്ള സാധ്യതയുമാണു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കു കേരളം പ്രിയപ്പെട്ടതാവാന്‍ കാരണം.
കേരള ബാങ്കിന്റെ ശക്തി കുറയും
മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനത്തിന്റെ അനുമതി വേണമെന്നതു നിയമപരമായ ബാധ്യതയല്ല. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥ ഒഴിവാക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുണ്ടായാല്‍ ഇഷ്ടംപോലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളത്തിലടക്കം തുടങ്ങാം. സംസ്ഥാനത്താകെ പ്രവര്‍ത്തനപരിധിയുള്ള കേരള ബാങ്കാണു കേരളത്തിലെ വലിയ സഹകരണ ബാങ്ക്. എന്നാല്‍, ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു മള്‍ട്ടി സ്റ്റേറ്റ് ബാങ്ക് വരുന്നതോടെ കേരള ബാങ്കിനു ഈ ശക്തി ഉണ്ടാകണമെന്നില്ല. ഇങ്ങനെ, ഒരു ബാങ്കല്ല എത്ര മള്‍ട്ടി സ്‌റ്റേറ്റ് ബാങ്കുകള്‍ വേണമെങ്കിലും കേന്ദ്രത്തിനു തുടങ്ങാനാകും. ഇതോടെ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ആകെ കുത്തഴിയും. സംസ്ഥാന സഹകരണ ബാങ്ക്, അതിനു താഴെ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിങ്ങനെയാണു സംസ്ഥാനത്തിന്റെ സഹകരണ വായ്പാ ഘടന. മലപ്പുറത്തു മലപ്പുറം ജില്ലാ സഹകരണ ബാങ്കുമുണ്ട്. ഇതിനു പുറമെ 60 അര്‍ബന്‍ ബാങ്കുകളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നു. ഇവയ്‌ക്കെല്ലാം പ്രവര്‍ത്തനപരിധിയും ഭരണ നിയന്ത്രണവും സംസ്ഥാന നിയമപ്രകാരമുണ്ട്. ഇതിനിടയിലേക്കാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കുത്തൊഴുക്കുണ്ടാകാനിരിക്കുന്നത്. അവയ്ക്കു സംസ്ഥാനത്താകെ പ്രവര്‍ത്തിക്കാം. ഏതു സഹകരണ ബാങ്കിന്റെ പരിധിയില്‍നിന്നും നിക്ഷേപം സ്വീകരിക്കാം. ഇവിടെയുള്ള സഹകരണ ബാങ്കുകള്‍ നല്‍കുന്നതിലും എത്രയോ അധികം പലിശ നിക്ഷേപത്തിനു നല്‍കാം. ഇതോടെ, അനാരോഗ്യകരമായ മത്സരവും കാര്യശേഷിയില്‍ കുറവുമുണ്ടാകും. സംസ്ഥാനത്തിന്റെ സഹകരണ ഘടന തകരും. ഇതു വലിയ അരാജകത്വത്തിലേക്കാണു സഹകരണ മേഖലയെ എത്തിക്കുക. ഈ മേഖലയുടെ നാശത്തിനും വിശ്വാസരാഹിത്യത്തിനും ഇതു വഴിവെക്കും.
[mbzshare]