കേന്ദ്ര-സംസ്ഥാന സഹകരണനിയമ ഭേദഗതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യും- കേരള സഹകരണ ഫെഡറേഷന്‍
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 2022 ല്‍ സഹകരണസംഘം നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എറണാകുളത്തു ചേര്‍ന്ന യോഗത്തില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
2022 ലെ കേരള സഹകരണ സംഘം നിയമഭേദഗതിയെക്കുറിച്ച് എല്ലാ ജില്ലകളിലും ഏപ്രിലില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഭേദഗതിയിലെ നിര്‍ദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സഹകരണമേഖലയിലെ മറ്റു സഹകാരികളെക്കൂടി ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കും. ഇതിനായി ജില്ലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. നാലാം ശനിയാഴ്ചത്തെ അവധി ദേശസാത്കൃത ബാങ്കുകളെപ്പോലെ സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കുക, ടീം ഓഡിറ്റ് നടത്തുന്നതിനു മുമ്പായി സംഘം സെക്രട്ടറിമാര്‍ക്ക് സഹകരണവകുപ്പ് ക്ലാസ് നല്‍കുക, സംഘങ്ങള്‍ക്കു നികുതിയില്ലാതെ പണം പിന്‍വലിക്കാനുള്ള പരിധി മൂന്നു കോടി രൂപയാക്കിയത് എടുത്തു കളയുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സഹകരണസംഘം പ്രസിഡന്റുമാരുടെ ഓണറേറിയവും ഡയറക്ടര്‍മാര്‍ക്കുള്ള സിറ്റിംഗ് ഫീസും യാത്രാബത്തയും കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിലില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.