കേന്ദ്ര മള്‍ട്ടി സംഘങ്ങള്‍ കേരളത്തില്‍ സ്വാശ്രയ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയേക്കും
കേന്ദ്രസര്‍ക്കാര്‍ പുതുതായി തുടങ്ങുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കേരളത്തിലെ പ്രവര്‍ത്തനത്തിന് ബദല്‍ മാര്‍ഗം തേടുന്നു. ഓരോ സംസ്ഥാനത്തെയും പ്രാഥമിക സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക അനുബന്ധ മേഖലയില്‍ ഉല്‍പാദനവും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും ആലോചിക്കുന്നത്. എന്നാല്‍, കേരളത്തില്‍ ഇതിന് എത്രത്തോളം സഹകരണം ഉണ്ടാകുമെന്ന സംശയം കേന്ദ്ര സംഘങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്. അതുകൊണ്ടാണ് ബദല്‍ മാര്‍ഗം കൂടി ആലോചിക്കുന്നത്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്വാശ്രയ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി ബിസിനസ് ക്രമീകരിക്കാനാണ് കേന്ദ്ര മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ആലോചിക്കുന്നത്. ഇതിനായി, കേരളത്തില്‍ വ്യാപകമായി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നുണ്ട്. 1300 സ്വാശ്രയ ഗ്രൂപ്പുകളാണ് ഇത്തരത്തില്‍ നിലവിലുള്ളത്. ഇവയ്ക്ക് ബി.ജെ.പി. അനുകൂല രാഷ്ട്രീയ കാഴ്ചപ്പാടാണുള്ളത്. ഇത്തരം സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായവും കേന്ദ്രമള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലൂടെ ലഭ്യമാക്കാനാണ് സാധ്യത.
കര്‍ഷകരെ ചെറുഗ്രൂപ്പുകളാക്കി മാറ്റി കാര്‍ഷിക ഉല്‍പാദനം കൂട്ടാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ മുഴുവന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം സംഭരിക്കും. ഇതിനായി കേന്ദ്രീകൃത സംഭരണ ശാലകള്‍ തുറക്കാനും പദ്ധതിയുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ അതേരീതിയില്‍ കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാണ്. ഇതിനാണ് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയാകും മള്‍ട്ടി സംഘം സംഭരിക്കുക. ഇത് ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്ന ഘട്ടത്തില്‍ മാത്രം ഉറപ്പുവരുത്തിയാല്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകും. അതിനാല്‍, വിത്ത് നല്‍കുന്നതുമുതല്‍ വിളവെടുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും മള്‍ട്ടി സംഘങ്ങള്‍ സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കും.
മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് സഹായം കിട്ടും. ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണിയും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കും. കേരളത്തിലാകെ കണ്‍സ്യൂമര്‍ വിപണന കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ട്. ഇത് ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ തുടങ്ങാനാണ് ആലോചിക്കുന്നത്.