കെയർ ഹോം പദ്ധതിയുടെ നേർകാഴ്ച്ച വിശദീകരിച്ച് സഹകരണ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്പോസ്റ്റ്.

adminmoonam

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ചു നൽകിയ വീടിന്റെ, ഈ പ്രളയത്തിലെ സാഹചര്യം വിവരിച്ചുകൊണ്ടാണ് സഹകരണ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ തുടങ്ങുന്നു.. ചെറുതന ചെറുവള്ളിതറയിൽ ഗോപാലകൃഷ്ണന്റെ വീടാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടമായ ഗോപാലകൃഷ്ണനും കുടുംബത്തിനും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകുകയായിരുന്നു. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാകണം കേരളത്തിന്റെ പുനർനിർമാണം എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ ഉയർത്തി നിർമിക്കുന്നത്. ഇപ്പോഴത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറി. പക്ഷെ ഗോപാലകൃഷ്ണനും കുടുംബവും അവരുടെ സ്വന്തം വീട്ടിൽ സുരക്ഷിതരാണ്. ഇത് ഒരു ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളിൽ നിരവധി വീടുകളാണ് ഇത്തരത്തിൽ പുനർനിർമിച്ചിരിക്കുന്നത്.

കെയർ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിർമിച്ചു നൽകുന്ന 2040 വീടുകളിൽ 1800ഓളം വീടുകൾ ഇതുവരെ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കെയർ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായവർക്കായി 2000 ഫ്‌ളാറ്റുകൾ നിർമിച്ചു നൽകുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്കരിച്ചു വരികയാണ്.

കേരളത്തിന്റെ പുനർനിർമാണം വെറുതെയങ്ങ് നടത്തുകയല്ല കേരള സർക്കാർ. ഇനി ഒരു ദുരന്തത്തെ കൂടി നേരിടാൻ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനർനിർമാണം നടത്തുന്നത്.
ഇത്രയും വിശദമായി പറഞ്ഞാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News