കെ.എസ്.ആര്‍.ടി.സി.യെ സഹകരണ സംഘമാക്കാന്‍ മാനേജ്‌മെന്റിന്റെ ശുപാര്‍ശ
സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി.യെ സഹകരണ മേഖലയിലേക്ക് മാറ്റി രക്ഷാമാര്‍ഗം കണ്ടെത്താന്‍ ശുപാര്‍ശ. കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് തന്നെയാണ് ഇത്തരമൊരു ശുപാര്‍ശ തൊഴിലാളി നേതാക്കള്‍ക്ക് മുമ്പില്‍ വെച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ആശ്രയിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കെ.എസ്.ആര്‍.ടി.സി.യെ മാറ്റുന്നതിനുള്ള എത് നിര്‍ദ്ദേശവും അംഗീകരിക്കാമെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്.
തൊഴിലാളി സംഘടനകളുമായി സി.എം.ഡി. ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. 9000 കോടിരൂപ ഇതിനകം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് അംഗത്വം നല്‍കിയുള്ള സഹകരണ സംഘമാണ് രൂപീകരിക്കുന്നതില്‍ ഈ 9000 കോടിരൂപയും തൊഴിലാളികളുടെ ഓഹരിവിഹിതമാക്കി മാറ്റാമെന്ന നിര്‍ദ്ദേശമാണ് ചര്‍ച്ചയിലുണ്ടായത്. സഹകരണ സംഘത്തിന് പകരം കമ്പനിയാണ് രൂപീകരിക്കാന്‍ തയ്യാറുള്ളതെങ്കില്‍ അതും പരിഗണിക്കാമെന്നാണ് ജീവനക്കാരുടെ സംഘടനാനേതാക്കളോട് സി.എം.ഡി. നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ജീവനക്കാരുടെ സംഘടനാനേതാക്കള്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സഹകരണ സംഘമാകുമ്പോള്‍ സേവന-വേതന വ്യവസ്ഥകള്‍ സംഘത്തിന്റെ ലാഭനഷ്ട കണക്ക് അനുസരിച്ച് മാറ്റമുണ്ടാകാനിടയുണ്ടെന്നതും ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബാധ്യതകള്‍ കുന്നുകൂടുന്നതിനാല്‍ ഇതേരീതിയില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ് മാനേജ്‌മെന്റ് ഉന്നയിക്കുന്നത്. 2022-23 ല്‍ മാര്‍ച്ചുവരെയുള്ള കണക്കുകള്‍ പ്രകാരം 1342.13 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ശമ്പളവും പെന്‍ഷനും നല്‍കാനാണ് ഇത് ചെലവിട്ടത്. മാസം പെന്‍ഷന് 80 കോടിയും ശമ്പളത്തിന് 50 കോടിയും സര്‍ക്കാര്‍ നല്‍കേണ്ട സ്ഥിതിയാണ്.
നിലവിലെ കെ.എസ്.ആര്‍.ടി.സി.യുടെ ബാധ്യത ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനാകുമെന്നതാണ് സഹകരണ സംഘമാക്കി മാറ്റുമ്പോഴുള്ള നേട്ടമായി കാണുന്നത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അംഗത്വം നല്‍കിയാല്‍ ഓഹരി ഇനത്തില്‍ നിലവിലെ ബാധ്യത തീര്‍ക്കാനുള്ള തുക പിരിച്ചെടുക്കാനാകുമെന്നാണ് പറയുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തിന്റെ നല്ലൊരുഭാഗം വായ്പയിലേക്ക് അടക്കേണ്ട സ്ഥിതിയാണ്. കടബാധ്യത തീര്‍ത്താല്‍ ലഭിക്കുന്ന വരുമാനം മുഴുവന്‍ ഉപയോഗപ്പെടുത്തി കെ.എസ്.ആര്‍.ടി.സി.ക്ക് വളരാനാകുമെന്നാണ് കരുതുന്നത്.