കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍: സഹകരണ ബാങ്കുകള്‍ക്ക് കിട്ടാനുള്ളത് 200 കോടി

Deepthi Vipin lal

സഹകരണ ബാങ്കുകള്‍ വഴി നല്‍കിയിരുന്ന കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ മുടങ്ങി. പെന്‍ഷന്‍ നല്‍കിയ വകയില്‍ 200 കോടി രൂപയോളം ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് കിട്ടാനുണ്ട്. ധനവകുപ്പ് പണം നല്‍കിയില്ലെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഗതാഗതവകുപ്പ് ഫയല്‍ കൈമാറുന്നതിനുള്ള താമസമാണ് കാരണമെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്തായാലും, സഹകരണ ബാങ്കുകള്‍ക്ക് ഇതുവരെ പണം കിട്ടാത്തത് പെന്‍ഷന്‍ വിതരണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 

40,700 പെന്‍ഷന്‍കാരാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനായി ഒരു മാസം 63 കോടി രൂപയാണ് വേണ്ടത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സംസ്ഥാന സഹകരണ ബാങ്കാണ് ഫണ്ട് മാനേജര്‍. ഓരോ ബാങ്കും അവര്‍ക്കാവുന്ന വിഹിതം പെന്‍ഷന്‍ നല്‍കാനുള്ള പൊതുഫണ്ടിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നല്‍കുന്ന പണത്തിന് 10 ശതമാനം പലിശയാണ് നേരത്തെ നല്‍കിയിരുന്നത്. ഇത് കുറയ്ക്കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 8.8 ശതമാനമായി കുറച്ചു.

പെന്‍ഷന്‍കാര്‍ക്ക് സഹകരണ സംഘങ്ങളില്‍ നിന്ന് തുക അനുവദിക്കുന്നതിന് സംസ്ഥാന ബാങ്കും കെ.എസ്.ആര്‍.ടി.സി.യും സര്‍ക്കാരും തമ്മില്‍ ആഗസ്റ്റ് ആറിന് എം.ഒ.യു. ഒപ്പിടാന്‍ ഉത്തരവായിരുന്നു. ഇതനുസരിച്ച് 2021 ജൂലായ് മുതല്‍ 2022 ജൂണ്‍ വരെയുള്ള പെന്‍ഷന്‍ വിതരണം പ്രാഥമിക സഹകരണ ബാങ്കുകളുടെ ചുമതലയായി. ഇതിനുള്ള തുക കെ.എസ്.ആര്‍.ടി.സി.ക്ക് വായ്പയായി നല്‍കുന്നതാണ് രീതി. എന്നാല്‍, സംഘങ്ങള്‍ക്ക് തിരിച്ചുനല്‍കേണ്ട പണം നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മഴക്കെടുതിയും ദുരന്തങ്ങളുമുണ്ടാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വായ്പകളില്‍ കാര്യമായ തിരിച്ചടവ് വരുന്നില്ല. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സര്‍ക്കാരിന് കോടികളുടെ സഹായം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം ഉറപ്പാക്കാന്‍ പലിശരഹിത വായ്പ നല്‍കി. ഇങ്ങനെ എല്ലാ രീതിയിലും നല്‍കാവുന്ന പണം പരമാവധി സംഘങ്ങള്‍ ചെലവഴിച്ചുകഴിഞ്ഞു. ഇനി കിട്ടാനുള്ള പണം കുടിശ്ശികയായി കിടന്നാല്‍ സഹകരണ വായ്പാ മേഖലയും പ്രതിസന്ധിയിലാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News