“കൃതി 2020” ഫെബ്രുവരി 6 മുതൽ 16 വരെ കൊച്ചി മറൈൻ ഡ്രൈവിൽ.

adminmoonam

“കൃതി” പുസ്തകമേളയും വിജ്ഞാനോത്സവം ഫെബ്രുവരി 6 മുതൽ 16 വരെ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കും. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പുസ്തകോത്സവം ഒരുക്കുന്നത്. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി സഹകരണ വകുപ്പ് നേരിട്ടാണ് പുസ്തകോത്സവം ഒരുക്കുന്നത്. കഴിഞ്ഞവർഷം ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് പരിപാടി സംഘടിപ്പിച്ചതിൽ വീഴ്ച പറ്റിയത് വളരെ വിവാദമായിരുന്നു. ആ സാഹചര്യത്തിലാണ് ഈ വർഷം വകുപ്പ് നേരിട്ട് നടത്താൻ തീരുമാനിച്ചത്. മുൻവർഷങ്ങളിൽ നിന്നും കൂടുതലായി ഗുജറാത്തി, ബംഗാളി ഭാഷകളിലുള്ള പുസ്തകങ്ങളുടെ സ്റ്റാളുകളും ഒരുക്കും. 50,000 ചതുരശ്ര അടിയിൽ ശീതീകരിച്ച സ്ഥലത്താണ് പുസ്തക മേള സംഘടിപ്പിക്കുന്നത്.

അക്കാദമിക് , ജനറൽ, ഇംഗ്ലീഷ്, ചിൽഡ്രൻ, മലയാളം മറ്റ് ഇന്ത്യൻ ഭാഷകളിലും സ്റ്റാളുകൾ ഉണ്ടാകും. പുസ്തക മേള യോടൊപ്പം സാഹിത്യ വിജ്ഞാനോത്സവവും ഫുഡ് ഫെസ്റ്റിവലും ആർട് ഫെസ്റ്റിവലും സംഘടിപ്പിക്കും. ഇതുവഴി ജനകീയ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കും. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ ഈ വർഷം 1.5 കോടി രൂപയുടെ കൂപ്പണുകൾ വിതരണം ചെയ്യും. സഹകരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനു പുറമേ വിവിധ വകുപ്പുകളെ സമന്വയിപ്പിച്ച് സർക്കാർ/ സർക്കാർ ഇതര സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് അക്കാദമിക് / അക്കാദമിക് ഇതര പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള കേന്ദ്രമായി കൃതി പുസ്തകോത്സവത്തെ മാറ്റും. ഇതിനുള്ള അനുമതിയും നൽകും. വായനശാലകൾക്ക് പ്രത്യേക പദ്ധതിയിലൂടെ പുസ്തകങ്ങൾ വാങ്ങാൻ അവസരം നൽകും. പുസ്തക വിൽപ്പനയിൽ വർദ്ധന ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

കാക്കവര, കാക്കവരി, കാക്കഎഴുത്ത് തുടങ്ങിയ പേരുകളിൽ വിവിധ മത്സരങ്ങൾ നടക്കും. പി.വി.കെ. പനയാൽ മാഷാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ ഇന്നു കൊച്ചിയിൽ ചേർന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ചത്. പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നാണ് പൊതുവെയുള്ള വികാരം. ജ്ഞാനപീഠം ജേതാവ് പ്രതിഭാ റായ്‌ യെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമം നടത്തും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രി ഐ.എ.എസ്, പ്രൊഫസർ എം.കെ.സാനു, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് പുറമെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലെ ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News