കുടിശ്ശിക കുറയ്ക്കാന്‍ പ്രായോഗിക സമീപനം വേണം

[mbzauthor]

ഡോ. എം. രാമനുണ്ണി

(ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ലാഡര്‍.
തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍
മാനേജരും കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിങ് ഡയരക്ടറും)

(2021 ഫെബ്രുവരി ലക്കം)

ഏറെ പ്രതീക്ഷയോടെ വായ്പയെടുക്കുന്നവര്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമ്പോള്‍ ബാങ്കിനെ കുറ്റപ്പെടുത്തുന്നത് സ്വാഭാവികം. കടം കൊടുക്കുന്ന ബാങ്കും കടമെടുക്കുന്ന വായ്പക്കാരനും ഒരുപോലെ തോല്‍ക്കുന്ന ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തിയേ തീരൂ.

നമ്മുടെ രാജ്യത്തും ആഗോളതലത്തിലും ബാങ്കുകളില്‍ കുടിശ്ശിക വര്‍ധിച്ചുവരികയാണ്. കോവിഡ് മഹാമാരി ലോക സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിക്കുകയും സമ്പദ്്ഘടനയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നതോടെ ഈ പ്രവണത വര്‍ധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ ബാങ്കിങ് വ്യവസായം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. റിസര്‍വ് ബാങ്ക് നിഷ്‌ക്രിയ ആസ്തി ( N P A ) സംബന്ധിച്ച നിബന്ധനകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു എന്നാണറിയുന്നത്. നിലവില്‍ ഏതെങ്കിലും ഒരു വായ്പയില്‍ 90 ദിവസം മുതലോ പലിശയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ തിരിച്ചടക്കുന്നതില്‍ വീഴ്ച വന്നാലാണ് എന്‍.പി.എ. ആയി കണക്കാക്കുന്നത്. എന്നാല്‍, ഇത് 120 ദിവസമായി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണിപ്പോള്‍ ആലോചിക്കുന്നത്. തന്നെയുമല്ല, ബാങ്കിന്റെ ഇ ഞ അ ഞ ( Capital – to – risk weighted assets ratio ) നിലവിലുള്ള ഒന്‍പത് ശതമാനം എന്നതില്‍ നിന്നു കുറയ്ക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. അല്ലാത്തപക്ഷം മിക്ക ബാങ്കുകളും പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയില്‍ എത്തിച്ചേരുമെന്നാണ് സൂചനകള്‍.

നരസിംഹം കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബാങ്കുകളുടെ ആസ്തികളെ തരംതിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ പ്രൊവിഷന്‍ / കരുതല്‍ സൂക്ഷിക്കുന്നതും. ഈ നടപടി നടപ്പാക്കിയ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയുണ്ടായി. ബാങ്ക് നേരിടുന്ന റിസ്‌ക് പരിഹരിക്കുന്നതിനു കൂടുതല്‍ മൂലധനം കണ്ടെത്തുക എന്നതിന്റെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ ഓഹരികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത് സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും കൈമാറിയത്. ഇതുവഴിയാണ് ഒന്‍പത് ശതമാനം മൂലധന പര്യാപ്തത കൈവരിക്കാനായത്. വായ്പ വര്‍ധിക്കുമ്പോഴോ കിട്ടാക്കടം പെരുകുമ്പോഴോ കൂടുതല്‍ മൂലധനം കണ്ടെത്തേണ്ടതായി വരും. ഇത്തരത്തില്‍ മൂലധന പര്യാപ്തത ഉറപ്പാക്കാനായില്ലെങ്കില്‍ ബാങ്കിങ് ലൈസന്‍സുതന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ബാങ്കിങ് പ്രവര്‍ത്തനത്തില്‍ അപകട സാധ്യതകള്‍ വര്‍ധിക്കുകയും നിക്ഷേപകരുടെ നിക്ഷേപം സുരക്ഷിതമല്ലാതാവുകയും ചെയ്യും എന്നര്‍ഥം. ഇതനുവദിക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയില്ല. അതുകൊണ്ടാണ് മൂലധന പര്യാപ്തതയും എന്‍.പി.എ. യും സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്.

ബാങ്കിങ് മേഖലക്ക് വെല്ലുവിളി

ഏതാനും വര്‍ഷങ്ങളായി ബാങ്കിങ് മേഖല കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. വായ്പക്കാരുടെ ആവശ്യത്തിലുണ്ടായ ഗണ്യമായ കുറവും നിക്ഷേപത്തിലെ ക്രമാതീതമായ വര്‍ധനവും കാരണം പലിശനിരക്ക് നന്നായി കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായി. സാമ്പത്തിക മേഖലയിലെ മാന്ദ്യം നിമിത്തം വായ്പാ തിരിച്ചടവില്‍ വന്‍തോതില്‍ വീഴ്ചകള്‍ സംഭവിച്ചു. ഇതോടൊപ്പം, വലിയ വായ്പകളെടുത്ത പലരും തങ്ങളുടെ ബിസിനസ്തന്നെ അവസാനിപ്പിച്ച് നാടു വിട്ടു. ഇവരുടെ പട്ടിക വളരെ വലുതാണ്. ഇതുകാരണം പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വലിയ തകര്‍ച്ചയെ നേരിട്ടു. ഇതിന്റെ പരിഹാരമെന്ന നിലയില്‍ പല ബാങ്കുകളും തമ്മില്‍ ലയിപ്പിച്ചു. കോടിക്കണക്കിനു രൂപ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിനായി കൈയയച്ച് നല്‍കി. എന്നിട്ടും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. സഹകരണ മേഖലയിലും പ്രശ്‌നങ്ങള്‍ വ്യത്യസ്തമല്ല. എന്‍.പി.എ., മൂലധന പര്യാപ്തത എന്നീ മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നിയന്തണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ബാങ്ക്, അര്‍ബന്‍ ബാങ്ക്, മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയ്ക്ക് ബാധകമാണ്. എന്നാല്‍, ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സംഘങ്ങള്‍, മള്‍ട്ടി പര്‍പ്പസ് സംഘങ്ങള്‍, ക്രെഡിറ്റ് സംഘങ്ങള്‍ എന്നിവയ്ക്ക് റിസര്‍വ് ബാങ്കിന്റെ എന്‍.പി.എ., മൂലധന പര്യാപ്തത എന്നീ നിബന്ധനകള്‍ ബാധകമല്ല. ഇവിടെ കുടിശ്ശികയായാണ് കണക്കാക്കുന്നത്. കരുതല്‍ നീക്കിവയ്ക്കുന്നതിനും റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ ഇവര്‍ക്ക് ബാധകമല്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ കുടിശ്ശിക സംബന്ധിച്ച ചിത്രം കൃത്യമായി കിട്ടണമെന്നില്ല.

കുടിശ്ശിക കുറച്ചുകൊണ്ടുവരാന്‍ ബാങ്കുകള്‍ വ്യക്തിപരമായ ബന്ധപ്പെടലിനപ്പുറം നിയമപരമായ നടപടികള്‍ സ്വീകരിക്കാറാണ് പതിവ്. കൊമേഴ്‌സ്യല്‍ ബാങ്കുകളും ജില്ലാ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളുമെല്ലാം സെക്യൂരിറ്റൈസേഷന്‍, കോടതി നടപടികള്‍ എന്നിവയാണ് നടപ്പാക്കാറ്. എന്നാല്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ എ.ആര്‍.സി. ( Arbitration Reffered Cases ) , ഇ. പി. ( Execution Petition ) നടപടികളാണ് സ്വീകരിക്കുന്നത്. ഇത് ചെലവേറിയതും കാലമേറെ എടുക്കുന്നതുമായ പ്രക്രിയയാണ്. പലപ്പോഴും ഇത്തരം നടപടികളെ രാഷ്ട്രീയമായും കോടതികള്‍ മുഖേനയും തടസ്സപ്പെടുത്താന്‍ വായ്പയെടുത്തവര്‍ ശ്രമിക്കാറുണ്ട്. ഇത് കൂടുതല്‍ കാലം നീളുന്ന നിയമ നടപടികളിലേക്ക് നയി ക്കുന്നു. ഇവിടെയാണ് കുറെക്കൂടി പ്രായോഗികമായ സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാകുന്നത്.

എന്താണ് പ്രായോഗിക സമീപനം ?

1. ഒരാള്‍ വായ്പക്കായി ബാങ്കിനെ സമീപിക്കുമ്പോള്‍ വായ്പക്കാരനേയും വായ്പയുടെ ആവശ്യമെന്തെന്നും തിരിച്ചറിയുകയാണ് ബാങ്കുദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ചെയ്യേണ്ടത്. ഇതിനായി വായ്പക്കാരുമായി വിശദമായി സംസാരിക്കുന്നത് ഗുണകരമായിരിക്കും. വായ്പയുടെ ആവശ്യം മനസ്സിലാക്കി പലിശനിരക്ക്, തിരിച്ചടവ് കാലാവധി, തിരിച്ചടവുതുക എന്നിവ തിട്ടപ്പെടുത്തുന്നത് നന്നായിരിക്കും. ഉദാഹരണമായി, വീട് വെക്കാന്‍ 15 ലക്ഷം രൂപ വായ്പ ആവശ്യമുള്ള ഒരാള്‍ക്ക് 10 ലക്ഷം മാത്രം വായ്പ നല്‍കിയാല്‍ അയാള്‍ നിര്‍ബന്ധമായും അഞ്ച് ലക്ഷം രൂപ മറ്റാള്‍ക്കാരില്‍ നിന്നോ സ്വകാര്യ പണമിടപാടുകാരില്‍ നിന്നോ വായ്പയെടുക്കുമെന്നുറപ്പാണ്. തന്നെയുമല്ല, വായ്പാകാലാവധി അഞ്ച് വര്‍ഷമായി അനുവദിച്ചാല്‍ തിരിച്ചടക്കേണ്ട ഓരോ ഗഡുസംഖ്യയും വലുതായിരിക്കും. ഇതുപോലെത്തന്നെയാണ് മുന്‍കടം വീട്ടാനും കൃത്യമായ ആവശ്യം നിര്‍ണയിക്കപ്പെടാത്ത വായ്പകള്‍ക്കും സംഭവിക്കുന്നത്. വായ്പക്കാരന്റെ തിരിച്ചടവുശേഷിയും ആവശ്യവും കൃത്യമായി പരിഗണിച്ചുവേണം വായ്പ അനുവദിക്കാന്‍. നിലവില്‍ അനുവദിച്ച വായ്പ കുടിശ്ശികയായിട്ടുണ്ടെങ്കില്‍ അത്തരം വായ്പക്കാരെ വിളിച്ചുവരുത്തി വിശദമായ ചര്‍ച്ചനടത്തി എങ്ങനെ നല്‍കിയ തുക തിരികെ ലഭിക്കാനാകുമെന്ന് ആരായേണ്ടതുണ്ട്. ഇതിനായി വായ്പക്കാരനെക്കുറിച്ച് കൃത്യമായ അന്വേഷണവും പഠനവും അനിവാര്യമാണ്. ഇതിനുപകരം, വായ്പയ്ക്ക് ഈടു കൊടുത്ത ഭൂമി നിയമ നടപടികളിലൂടെ ജപ്തി ചെയ്യുന്നത് നിലവിലുള്ള സാഹചര്യത്തില്‍ അഭികാമ്യമല്ല. ഭൂമി വാങ്ങലും വില്‍പ്പനയും തീരെ നടക്കാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഭൂമി ഏറ്റെടുത്തതുകൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാന്‍ കഴിയില്ല എന്നു തിരിച്ചറിയേണ്ടതുണ്ട്.

2. ചെറിയ വായ്പകള്‍ നല്‍കുക, ആ തുക നിത്യപ്പിരിവു വഴി ശേഖരിക്കുക എന്നത് അനുവര്‍ത്തിക്കാവുന്ന മാതൃകയാണ്. ഇത്തരത്തില്‍ വായ്പയും നിക്ഷേപവും ശേഖരിക്കുന്നതിനു അതതു പ്രദേശത്ത ചെറുപ്പക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ , നിയോഗിക്കുന്നത് ഗുണകരമാണ്. വായ്പത്തുക സ്വീകരിക്കുന്ന സമയത്തുതന്നെ വായ്പക്കാരന്റെ അക്കൗണ്ടിലേക്ക് വരവ് വയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആധാര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഇ-പെയ്‌മെന്റ് സംവിധാനങ്ങളും കൈയില്‍ കൊണ്ടുനടക്കാവുന്ന സിംപ്യൂട്ടര്‍ പോലുള്ള കളക്ഷന്‍ ഉപകരണങ്ങളും ഉപയോഗപ്പെടുത്തുന്നത് ഈ പ്രക്രിയ ശക്തിപ്പെടുത്തും.

3. കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ വഴി ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കുന്നത് കുടിശ്ശിക കുറയ്ക്കുന്നതിനു ഗുണകരമാണെന്നു കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ റിസ്‌ക് ഗ്രൂപ്പംഗങ്ങളും പങ്കുവയ്ക്കുന്നു എന്നുള്ളതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.

ഒറ്റത്തവണ തീര്‍പ്പാക്കല്‍

4. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ വായ്പക്കാര്‍ക്ക് പലിശയിളവ് നല്‍കി, വായ്പയുടെ കാലാവധി നീട്ടി പുതുക്കി നല്‍കുന്ന രീതിയാണ് മിക്കവാറും സ്ഥാപനങ്ങള്‍ തുടര്‍ന്നുവരുന്നത്. എന്നാല്‍, ഇത് കൃത്യമായ പരിശോധനകള്‍ നടത്താതെ ചെയ്താല്‍ വായ്പക്കാരന്റെ ബാധ്യത ക്രമാനുഗതമായി വര്‍ധിച്ച് കടക്കെണിയിലേക്ക് തള്ളിവിടുന്ന അവസ്ഥയുണ്ടാകും. ഇത് അവസാനിപ്പിക്കാന്‍ ബാങ്ക് ഭരണസമിതി കൃത്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. പലപ്പോഴും കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ഉത്തരവുകള്‍ തയാറാക്കുന്നത് സംസ്ഥാന തലത്തിലാണ്. ഇത് തയാറാക്കുന്നത് പലപ്പോഴും സഹകരണ വകുപ്പുദ്യോഗസ്ഥരാണ്. ഇവര്‍ക്ക് ഗ്രാമതലങ്ങളില്‍ നിലനില്‍ക്കുന്ന കടബാധ്യതകളെക്കുറിച്ചോ വായ്പക്കാരന്റെ പ്രശ്‌നങ്ങളെക്കുറിച്ചോ നേരിട്ടറിവ് ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികള്‍ പലപ്പോഴും വായ്പയുടെ തിരിച്ചടവിനു സഹായകമാകാറില്ല. ഒരേ വ്യക്തിതന്നെ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി സ്ഥിരമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ അപേക്ഷിക്കുന്നതും ഒരു പൈസ പോലും തിരിച്ചടയ്ക്കാതെ വായ്പ അതേപടി നിലനിര്‍ത്തുന്നതും കാണാറുണ്ട്. വായ്പയുടെ തിരിച്ചടവിലേക്ക് അടയ്ക്കുന്ന തുക മുഴുവന്‍ പലിശയിലേക്ക് വരവുവെക്കുകയും മുതല്‍ അങ്ങനെത്തന്നെ അവശേഷിക്കുകയും ചെയ്യുന്ന സ്ഥിതിയും പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഈ കോവിഡ് കാലത്ത് കുടിശ്ശിക നിവാരണം സാധ്യമാകണമെങ്കില്‍ സുതാര്യവും കാര്യക്ഷമവുമായ രീതി അനുവര്‍ത്തിക്കേണ്ടതുണ്ട്.

കുടിശ്ശിക നിവാരണം

5. ബാങ്ക് ജീവനക്കാരെയും ഭരണസമിതിയേയും വിശ്വസിച്ച് കുടിശ്ശിക നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതായിരിക്കണം ഈ വര്‍ഷം അനുവര്‍ത്തിക്കേണ്ട നടപടി. ഓരോ പ്രദേശത്തിന്റേയും ചുമതല നല്‍കി കുടിശ്ശികക്കാരനെക്കുറിച്ച് കൃത്യമായി പഠിച്ച് സെക്രട്ടറി മുന്‍പാകെ നിര്‍ദേശം നല്‍കാന്‍ ബാങ്ക് ജീവനക്കാരെ ഏല്‍പ്പിക്കുന്നതാണ് ഈ പരിപാടിയുടെ ഒന്നാം ഘട്ടം. വായ്പക്കുടിശ്ശിക ഇല്ലാതാക്കാന്‍ എന്തുചെയ്യാനാകുമെന്നു ചര്‍ച്ച ചെയ്തുവേണം ജീവനക്കാരന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍. ഇത്തരം റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതിയും പ്രായോഗികതയും പരിശോധിക്കുന്നതിനു സെക്രട്ടറി, അസി. സെക്രട്ടറി, ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ നിയോഗിക്കാവുന്നതാണ്. തുടര്‍ന്ന് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തത്തോടെ അദാലത്തുകള്‍ നടത്തണം. ഇത്തരം അദാലത്തുകളില്‍ വായ്പക്കാരനു അനുവദിക്കാവുന്ന ആനുകൂല്യം തീരുമാനിക്കാവുന്നതാണ്. പലിശ കുറച്ചു നല്‍കല്‍, പലിശ പൂര്‍ണമായും ഒഴിവാക്കല്‍, അടച്ച പലിശ മുതലിലേക്ക് വരവു വയ്ക്കല്‍, തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ മുതലില്‍ത്തന്നെ ഇളവു നല്‍കല്‍ എന്നിവ അദാലത്തില്‍ നടപ്പാക്കാവുന്നതാണ്. വളരെ പ്രായമായവര്‍, നിത്യ രോഗികള്‍, കാന്‍സര്‍ – കിഡ്‌നി രോഗബാധിതര്‍ എന്നിവരുടെയും മരിച്ചവരുടെയും വായ്പകള്‍ റിസ്‌ക് ഫണ്ടില്‍ നിന്നു കിട്ടാവുന്ന തുക വാങ്ങിയെടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിക്കാവുന്നതാണ്. അതുപോലെത്തന്നെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ ( ചിലപ്പോള്‍ ഇവരുടെ ഈടുവസ്തുവിനു നല്ല വിലയുണ്ടായിരിക്കും ) വായ്പകള്‍ പുതുക്കി നല്‍കുന്നതും പരിഗണിക്കണം.

മുകളില്‍പ്പറഞ്ഞ തരത്തില്‍ നടപ്പാക്കുന്ന നടപടികള്‍ സംഘാംഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേരും വകുപ്പുദ്യോഗസ്ഥരും ചേര്‍ന്നു പരിശോധിക്കുന്നതും നല്‍കിയ ആനുകൂല്യം സംബന്ധിച്ച വിവരങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതും ബാങ്കിന്റെ വെബ് സൈറ്റ്, ഗ്രാമപത്രങ്ങള്‍, വാര്‍ത്താ ബോര്‍ഡുകള്‍ എന്നിവ വഴി പരസ്യപ്പെടുത്തുന്നതും ഗുണകരമാണ്. ചുരുക്കത്തില്‍, വളരെ സുതാര്യമായി ജനകീയമായ ഇടപെടലുകളിലൂടെ വേണം കുടിശ്ശിക നിവാരണ യജ്ഞം നടപ്പാക്കാന്‍. മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്ന് എന്ന സമീപനത്തിനു പകരം വളരെ അവധാനതയോടെ സൂക്ഷ്മതലത്തില്‍ സമീപിച്ചുകൊണ്ട് സമചിത്തതയോടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായിരിക്കും അഭികാമ്യം. ഇതിനാവശ്യമായ തീരുമാനങ്ങള്‍ സഹകരണവകുപ്പ് കൈകൊള്ളുകയും സാമൂഹിക ഓഡിറ്റിന്റെ പിന്‍ബലത്തോടെ നടപ്പാക്കുകയും ചെയ്താല്‍ സഹകരണ മേഖലയ്ക്ക് നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും. അതിനുപകരം എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനും ജപ്തി നടപ്പാക്കാനും കുടുംബത്തെ ഒഴിപ്പിക്കാനും പുറപ്പെട്ടാല്‍ അത് സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും എന്നുറപ്പാണ്. അതേസമയം, വായ്പ കുടിശ്ശികയായി തുടര്‍ന്നാല്‍ ബാങ്കിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. അതിനാല്‍ വായ്പക്കാരില്‍ നിന്നു പരമാവധി പണം എങ്ങനെ തിരികെ സമാഹരിക്കാം എന്നതിലാണ് ശ്രദ്ധയൂന്നേണ്ടത്.

ചൂതുകളിക്ക് സമാനമോ ?

ചതുരംഗപ്പലകയില്‍ കരുക്കള്‍ നീക്കാതെ കളിക്കാനാവില്ല. കളി നടക്കണമെങ്കില്‍ രണ്ടുപേര്‍ ആവശ്യമാണ്. അതുപോലെത്തന്നെ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാതെയും വായ്പ നല്‍കാതെയും പ്രവര്‍ത്തിക്കാനാവില്ല. വായ്പ നല്‍കണമെങ്കില്‍ ബാങ്കും വായ്പക്ക് അപേക്ഷകരും ഉണ്ടാകണം. ചതുരംഗക്കളി പുരോഗമിക്കണമെങ്കില്‍ രണ്ടു ഭാഗത്തുനിന്നും നീക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതുപോലെ ബാങ്കിന്റെ പ്രവര്‍ത്തനം വിജയിക്കണമെങ്കില്‍ കൂടുതല്‍ വായ്പ വിതരണം ചെയ്യണം. ശക്തികൊണ്ടല്ല മറിച്ച് ബുദ്ധികൊണ്ടാണ് ചതുരംഗത്തില്‍ വിജയം നേടാന്‍ കഴിയുക. കഴിഞ്ഞ കാലങ്ങളിലെ അനുഭവസമ്പത്ത്, എതിരാളിയുടെ അവസ്ഥ വിലയിരുത്തി നീക്കം നടത്താനുള്ള കഴിവ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ബാങ്കിങ്ങിലും പ്രസക്തമാണ്.

മഹാഭാരതയുദ്ധത്തിന്റെ അടിസ്ഥാന കാരണമായി പറയുന്നത് കൗരവരും പാണ്ഡവരും തമ്മില്‍ നടന്ന ചൂതുകളിയാണ്. ഈ ചൂതുകളിയില്‍ പാണ്ഡവര്‍ക്ക് സര്‍വ്വസ്വവും നഷ്ടപ്പെടുന്നു. അവസാനം പാഞ്ചാലിയേയും പണയപ്പെടുത്തേണ്ടതായി വരുന്നു. പണയവസ്തു കൈകാര്യം ചെയ്യുന്നതില്‍ ദുര്യോധന, ദുശ്ശാസനാദികള്‍ കാണിച്ച പാകതയില്ലായ്മ പാഞ്ചാലിയുടെ ശപഥത്തിലേക്കും തുടര്‍ന്ന് ഭീമന്‍, അര്‍ജുനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യുദ്ധത്തിലേക്കും എത്തിക്കുന്നു. അവസാനം രണ്ടു ഭാഗത്തും നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടാകുന്നു. ഏതാണ്ട് ഇതുപോലെത്തന്നെയാണ് തന്റെ കിടപ്പാടം പണയം വയ്ക്കുന്ന വായ്പക്കാരന്റെ സ്ഥിതിയും. ഏറെ പ്രതീക്ഷയോടെയാണ് വായ്പയെടുക്കുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോകുമ്പോള്‍ പിന്നീട് തന്റെ തകര്‍ച്ചയ്ക്ക് കാരണം അമിതപലിശയും ബാങ്കുകാരുടെ കള്ളക്കളികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണെന്നു അയാള്‍ വാദിക്കുന്നു. ബാങ്കും ബാങ്ക് ജീവനക്കാരും ഭരണസമിതിയുമെല്ലാം അയാളുടെ കണ്ണില്‍ ശകുനികളായി മാറുന്നു. ഇങ്ങനെ രണ്ടു ഭാഗവും പരാജയപ്പെടുന്ന ഒരു യുദ്ധത്തിലേക്ക് എത്തിപ്പെടാതിരിക്കാന്‍ കൃത്യമായ ആസൂത്രണവും അതോടൊപ്പം നടത്തിപ്പും അനിവാര്യമാണ്. ഈ വര്‍ഷത്തെ കുടിശ്ശിക നിവാരണ യജ്ഞത്തിലൂടെ കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഒരു പുതിയ കേരള മാതൃകയ്ക്ക് രൂപം നല്‍കാന്‍ കഴിയേണ്ടതുണ്ട്. ബാങ്കും വായ്പക്കാരനും വിജയിക്കുന്ന ഒരു ഫോര്‍മുല കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ഈ കോവിഡ് കാലത്ത് നിയമ നടപടികളിലൂടെ മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ല കുടിശ്ശിക എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

[mbzshare]

Leave a Reply

Your email address will not be published.