കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ മാസ് കെയർ ഫാമിലി സ്കീം ചിങ്ങം 1 മുതൽ.

adminmoonam

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും എം വി ആർ കാൻസർ സെന്ററും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ മാസ് കെയർ ഫാമിലി സ്കീം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നേരത്തെയുണ്ടായിരുന്ന മാസ് കെയർ പദ്ധതിയുടെ ഗുണം കുടുംബത്തിലെ മുഴുവൻ പേർക്കും ലഭിക്കുന്നതിനുവേണ്ടിയാണ് പദ്ധതി വിപുലീകരിച്ചത്.

സ്കീം പ്രകാരം കുടുംബത്തിലെ ഒരു അംഗം 15000/- രൂപ തോതിൽ കാലിക്കറ്റ് സിറ്റി ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ ഒരാൾക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സയ്ക്കായി ലഭിക്കും. ഒരു കുടുംബത്തിലെ പദ്ധതിയിൽ ചേർന്ന ഗുണഭോക്താക്കളുടെ ആകെ വിഹിതം ഏതെങ്കിലും ഒരു ഗുണഭോക്താവിന്റെ കാൻസർ ചികിത്സക്കായി വിനിയോഗിക്കാവുന്നതാണ് ഫാമിലി കെയറിന്റെ പ്രത്യേകത. ഇതുമൂലം ഒരു കുടുംബത്തിൽ നിന്നും എത്രപേർ പദ്ധതിയിൽ ചേർന്നിട്ടുണ്ടോ അവരുടെ മുഴുവൻ തുകയും ഒരാളുടെ ചികിത്സയ്ക്കായി ലഭിക്കും. എം വി ആർ കാൻസർ സെന്റരിലെ ചികിത്സകാണ് ഈ ആനുകൂല്യം ലഭിക്കുക. 60 വയസ്സ് പൂർത്തിയാകാത്ത ഏതൊരാൾക്കും സ്കീമിൽ അംഗമാകാം എന്നതിനൊപ്പം തന്നെ ഈ പദ്ധതിയിൽ ചേർന്ന് ഒരു വർഷത്തിന് ശേഷം നിര്ണയിക്കപ്പെടുന്ന കാൻസർ ചികിത്സയ്ക്ക് മുഴുവൻ തുകയുടെ ആനുകൂല്യവും ലഭിക്കും എന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. പദ്ധതിപ്രകാരമുള്ള പ്രായപരിധി പൂർത്തിയായതിനുശേഷമോ ചികിത്സ ആനുകൂല്യം ലഭിച്ചതിനുശേഷമോ സിറ്റി ബാങ്കിൽ നിക്ഷേപിച്ച 15000 രൂപ പിൻവലിക്കുകയും ചെയ്യാം. വ്യക്തികൾക്ക് 15000 രൂപ നിക്ഷേപിച്ചുകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്ന മാസ് കെയർ പദ്ധതിയിൽ ചേരാനുള്ള സംവിധാനവുമുണ്ട്.

ചിങ്ങം 1 (ഓഗസ്റ്റ് 17)നു മുൻ മഹാരാഷ്ട്ര ഗവർണ്ണർ കെ. ശങ്കരനാരായണൻ പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കും.ഇതോടനുബന്ധിച്ചു തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ പോർട്ടൽ masscare. calicutcitybank. org കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാരം ഉള്ള ആദ്യ നിക്ഷേപം കോഴിക്കോട് സൗത്ത് അസിസ്റ്റന്റ്പോലീസ് കമ്മീഷണർ എ. ജെ. ബാബുവിൽ നിന്നും ബാങ്ക് ചെയർമാൻ ജി. നാരായണൻ കുട്ടി സ്വീകരിക്കും. ചടങ്ങിൽ എം. വി. ആർ ക്യാൻസർ സെന്റർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സിറ്റി ബാങ്ക് ഹെഡ് ഓഫീസിൽ ഓൺലൈനായാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക.

Leave a Reply

Your email address will not be published.