കാര്‍ഷികജനതയുടെ ഉന്നമനത്തിനായി പ്രാഥമിക വായ്പാസംഘങ്ങളെ എഫ്.പി.ഒ.കളാക്കി മാറ്റുക- അമിത് ഷാ
രാജ്യത്തു കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന 65 കോടിയാളുകളുടെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സഹകരണപ്രസ്ഥാനത്തിനു വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇതിനായി പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ കര്‍ഷക ഉല്‍പ്പാദക സംഘടനകളാക്കി ( എഫ്.പി.ഒ ) മാറ്റണമെന്നും കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.
സഹകരണമേഖലയിലെ എഫ്.പി.ഒ.കളുടെ മെഗാ കോണ്‍ക്ലേവ് വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ഉദ്ഘാടനം ചെയ്യവേയാണ് അമിത് ഷാ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. മഹാസമ്മേളനത്തില്‍ കേന്ദ്ര കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രി നരേന്ദ്രസിങ് തോമാര്‍, സഹകരണവകുപ്പു സഹമന്ത്രി ബി.എല്‍ വര്‍മ തുടങ്ങിയവരും പങ്കെടുത്തു. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( എന്‍.സി.ഡി.സി ) മുന്‍കൈയോടെ പ്രാഥമികസംഘങ്ങള്‍ രൂപവത്കരിക്കാന്‍ പോകുന്ന 1100 പുതിയ എഫ്.പി.ഒ.കള്‍ക്കായുള്ള കര്‍മപദ്ധതി മന്ത്രി അമിത് ഷാ പുറത്തിറക്കി.
65 കോടി വരുന്ന കാര്‍ഷികജനതയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ സഹകരണമേഖലയ്ക്കാവും. കാര്‍ഷികജനതയുടെ ചെറിയ മൂലധനം സഹകരണസംഘങ്ങളിലൂടെ വന്‍മൂലധനമാക്കിമാറ്റാന്‍ കഴിയും. 1100 പ്രാഥമിക കാര്‍ഷികവായ്പാസഹകരണസംഘങ്ങളെ എഫ്.പി.ഒ.കളാക്കാനുള്ള നടപടികള്‍ എന്‍.സി.ഡി.സി. കൈക്കൊള്ളും. ഏതു പ്രാഥമികസംഘത്തിനും എഫ്.പി.ഒ.കളായി മാറാനുള്ള തീരുമാനമെടുക്കാം. അതുവഴി സംഘങ്ങള്‍ക്കു വിവിധതരത്തിലുള്ള റിബേറ്റുകള്‍ കിട്ടും. പ്രാഥമികസംഘങ്ങള്‍ എഫ്.പി.ഒ.കളാവുമ്പോള്‍ എല്ലാ കര്‍ഷകര്‍ക്കും അതിന്റെ ഗുണം കിട്ടും. വരുംനാളുകളില്‍ കൃഷി-സഹകരണമന്ത്രാലയങ്ങള്‍ യോജിച്ചുപ്രവര്‍ത്തിച്ചു പ്രാഥമികസംഘങ്ങള്‍, എഫ്.പി.ഒ.കള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവയിലൂടെയാണു വികസനവും അഭിവൃദ്ധിയും കൊണ്ടുവരാന്‍പോകുന്നത് – അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ മൊത്തആഭ്യന്തരോല്പ്പാദനത്തിന്
അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന 2003 ല്‍ യോഗേന്ദ്ര അലഗ് സമിതിയാണു എഫ്.പി.ഒ. എന്ന ആശയം മുന്നോട്ടുവെച്ചതെന്നു അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴാണ് ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഫലമായി ഇന്നു രാജ്യത്താകെ 11,770 എഫ്.പി.ഒ.കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലൂടെ ലക്ഷക്കണക്കിനു കര്‍ഷകര്‍ക്കു തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 2027 ആകുമ്പോഴേക്കും 10,000 എഫ്.പി.ഒ.കള്‍ സ്ഥാപിക്കാന്‍ കേന്ദ്രബജറ്റില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ ലക്ഷ്യം നേടാന്‍ 6900 കോടി രൂപയാണു നീക്കിവെച്ചിരിക്കുന്നത്. ഈ തുകയ്ക്കു പുറമേ, എഫ്.പി.ഒ.കള്‍ക്കു വായ്പയായി ഇതുവരെ 127 കോടി രൂപ നല്‍കിയിട്ടുണ്ട്. വനോല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഗോത്രവര്‍ഗ ജില്ലകളില്‍ 922 എഫ്.പി.ഒ.കള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ എഫ്.പി.ഒ.മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണു നടത്തുന്നത്- അമിത് ഷാ അറിയിച്ചു.
[mbzshare]