കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ്

moonamvazhi

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചതിലെ പോരായ്മകള്‍ പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ് അനുവദിച്ചുള്ളതാണ് പുതിയ ഉത്തരവ്. ബാങ്ക് ജീവനക്കാര്‍ക്ക് സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

2021 ഫിബ്രവരിയിലാണ് കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥ പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. ഇതില്‍ പാര്‍ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ് അനുവദിച്ചിരുന്നില്ല. അര്‍ബന്‍ ബാങ്കുകളിലും പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലും പാര്‍ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ശമ്പള പരിഷ്‌കരണ ഘട്ടത്തില്‍ ഹയര്‍ഗ്രേഡ് അനുവദിച്ചിരുന്നു. ഇതേ രീതി കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലും ബാധകമാക്കാമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

ശമ്പളപരിഷ്‌കരണം കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷം 2022 ഫിബ്രവരി 18നാണ് രജിസ്ട്രാര്‍ കത്ത് നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഹയര്‍ഗ്രേഡ് അനുവദിച്ച് ഉത്തരവിറക്കിയത്. പാര്‍ട്ട് ടൈം സ്വീപ്പര്‍ ഗ്രേഡ്-1, പാര്‍ട്ട് ടൈം സ്വീപ്പര്‍ ഗ്രേഡ്-2 എന്നിങ്ങനെ രണ്ട് ഗ്രേഡായി തിരിച്ചാണ് രജിസ്ട്രാര്‍ ശുപാര്‍ശ നല്‍കിയത്. ഗ്രേഡ്-ഒന്നില്‍ 8050-16,400, ഗ്രേഡ്-രണ്ടില്‍ 8450-17300 എന്നിങ്ങനായാണ് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്ത ശമ്പളഘടന. ഇതേ രീതിയില്‍ തന്നെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

2021-ലെ ശമ്പള പരിഷ്‌കരണ ഉത്തരവില്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് സര്‍ക്കാര്‍ നിരക്കില്‍ എന്നാണ് പറഞ്ഞിരുന്നത്. നിലവില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് എടുത്തുമാറ്റുകയും അത് കൂടി കണക്കാക്കി വീട്ടുവാടക അലവന്‍സ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ഒന്നുകില്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് അനുവദിക്കുകയോ, അല്ലെങ്കില്‍ വീട്ടുവാടക അലവന്‍സ് കൂട്ടുകയോ വേണമെന്ന് രജിസ്ട്രാര്‍ കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. അടുത്ത ശമ്പള പരിഷ്‌കരണ കാലയളവായ 2023 ജൂണ്‍ 30വരെ കോമ്പന്‍സേറ്ററി അലവന്‍സ് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News