കശുമാങ്ങയില്‍നിന്ന്ഫെനി ഉല്‍പാദിപ്പിക്കാന്‍സഹകരണ സംരംഭത്തിന്അനുമതി
പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം അവസരമാക്കി ഒരു സഹകരണ ബാങ്ക്. കശുമാങ്ങ നീരില്‍നിന്ന് ഫെനി (മദ്യം) ഉത്പാദിപ്പിക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു. എക്സൈസ് വകുപ്പിന്റെ അന്തിമാനുമതി ലഭിച്ചാല്‍ ബാങ്കിന് ഉല്‍പാദനം തുടങ്ങാനാകും. ഇത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും കൂടുതല്‍ കശുമാവുള്ള ജില്ലയാണ് കണ്ണൂര്‍. വര്‍ഷങ്ങളായി കശുമാവ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യമാണ് പാഴാക്കിക്കളയുന്ന കശുമാങ്ങ സംസ്‌കരിച്ച് ഫെനി ഉത്പാദിപ്പിക്കുക എന്നത്. കശുവണ്ടിക്ക് കിട്ടുന്ന വില തന്നെ ഭാവിയില്‍ മാങ്ങക്കും ലഭിക്കും. ഉത്പാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോര്‍പ്പറേഷന് വില്‍ക്കും.
പഴസംസ്‌കരണത്തിനുള്ള സംരഭകത്വം പ്രോത്സാഹിപ്പിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് തീരുമാനിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാനായിരുന്നു തീരുമാനം. 2016 ലാണ് പയ്യാവൂര്‍ സഹകരണ ബാങ്ക് അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചത്. പഴങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി കശുമാങ്ങയില്‍നിന്ന് ഫെനി ഉത്പാദിപ്പിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ത്തന്നെയുണ്ട്.
പദ്ധതിയിലൂടെ ഒരു സീസണില്‍ 500 കോടി രൂപ സര്‍ക്കാരിനും അത്രയും തുക കൃഷിക്കാര്‍ക്കും ലഭിക്കുമെന്നാണ് ബാങ്ക് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു ലിറ്റര്‍ ഫെനി ഉത്പാദിപ്പിക്കാന്‍ 200 രൂപ ചെലവ് കണക്കാക്കുന്നു. സര്‍ക്കാരിന് ഇത് 500 രൂപക്ക് വില്‍ക്കാം. ഗോവന്‍ ഫെനിക്ക് ലിറ്ററിന് 200 മുതല്‍ 1000 രൂപവരെ വിലയുണ്ട്. നാലേക്കറോളം ഭൂമി ബാങ്കിന് സ്വന്തമായുണ്ട്. കെട്ടിട സൗകര്യങ്ങളും. യന്ത്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ സാധിക്കും.
[mbzshare]