കയര്‍ സംഘങ്ങള്‍ക്കായി 25 കോടി രൂപയുടെ കടാശ്വാസ പദ്ധതി
കയര്‍ മേഖലയ്ക്കായി 25 കോടിരൂപയുടെ കടാശ്വാസ പദ്ധതി നടപ്പാക്കുന്നിന് സര്‍ക്കാര്‍ നടപടി തുടങ്ങി. വായ്പ കുടിശ്ശികയ്ക്ക് പരിഹാരത്തിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണിത്. കയര്‍ സഹകരണ സംഘങ്ങളുടെ കാഷ് ക്രെഡിറ്റ്, വായ്പ കുടിശ്ശികകള്‍, ഇ.പി.എഫ്., ഇ.എസ്.ഐ., തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, വൈദ്യുതി-വെള്ളക്കരം എന്നിങ്ങനെയുള്ള കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കയര്‍ ബോര്‍ഡിന്റെ റിമോര്‍ട്ട് സ്‌കീമില്‍ ബാങ്ക് വായ്പ എടുത്ത് യൂണിറ്റുകള്‍ തുടങ്ങുകയും, അത് നഷ്ടത്തിലായവുകയും ചെയ്തിട്ടുണ്ടെങ്കില്‍ പദ്ധതിയുടെ ഗുണം ലഭിക്കും. ഇത്തരത്തില്‍ എടുത്ത വായ്പ ധനകാര്യ സ്ഥാപനങ്ങള്‍ കുടിശ്ശികയായി പ്രഖ്യാപിച്ചിരിക്കണം. ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക് കടന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം കിട്ടും. ഇത്തരം വായ്പ തുക എഴുതി തള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. റിമോര്‍ട്ട് സ്‌കീം പ്രകാരം വായ്പ എടുത്തിട്ടുള്ള വ്യക്തികള്‍ വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹിതം കയര്‍ പ്രൊജക്ട് ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.
കയര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഓഹരി മൂലധനവും വൈവിധ്യ വല്‍ക്കരണത്തിനുള്ള സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കയര്‍പിരി സംഘങ്ങളിലെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനം ഉയര്‍ത്തുന്നതിനും തൊഴിലാളികളുടെ പ്രതിദിന വരുമാനം 500 രൂപ ഉറപ്പുവരുത്തുന്നതിനും ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍ സ്ഥാപിച്ച കയര്‍ സഹകരണ സംഘങ്ങളുടെ ഉല്‍പാദന ക്ഷമതയെ പറ്റി പഠിക്കാന്‍ കയര്‍ഫെഡ് പ്രസിഡന്റ് എന്‍.സായികുമാര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഒരുകമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചത്.