കയര്‍ സംഘങ്ങളുടെ പ്രതിസന്ധിക്ക് സമഗ്ര പരിഹാരം ലക്ഷ്യമിട്ട് പഠനത്തിന് വിദഗ്ധ സമിതി

moonamvazhi

കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനമാരംഭിച്ചു. ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും കയര്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധികളിലേക്ക് നീങ്ങിത്തുടങ്ങിയതോടൊണ് പ്രത്യേക പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സ്വതന്ത്ര സ്വഭാവത്തോടെയാകും കമ്മിറ്റി പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

ചെന്നൈ ഐ.ഐ.ടി പ്രൊഫസര്‍ ഡോ. ശങ്കര്‍ കൃഷ്ണപിള്ള, സി.ഇ.ടി പ്രൊഫസര്‍ ഡോ.കെ.ബാലന്‍, പാലക്കാട് ഐ.ഐ.ടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.വി. ദിവ്യ, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ.ജി.വേണുഗോപാല്‍, കൊച്ചി സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എം. രാകേഷ്, കയര്‍ വികസന ഡയറക്ടര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

കുറഞ്ഞ വിലക്ക് തമിഴ് നാട്ടില്‍ നിന്ന് ചകിരിയെത്തുന്നതും, കയറുല്‍പന്നങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതും കയര്‍ സംഘങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കയര്‍ മേഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പുന:സംഘടന വേണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. വിപണനം, യന്ത്രവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ കാലാനുസ്യതമായ മാറ്റം വരണം. പുതിയ ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും വേണം. തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തണം. ഇപ്രകാരം കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിദഗ്ധ സമിതിയുടെ പരിശോധനാ വിഷയങ്ങള്‍ക്ക് യോഗം രൂപം നല്‍കി. കയര്‍ മേഖലയിലെ പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളുടെ ഘടനാപരമായ പുന:സംഘടന, കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, കയര്‍ ഉല്‍പാദനത്തിലെ യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ട സാധ്യതകള്‍ എന്നിവയുള്‍പ്പെടെ 11 പരിഗണനാ വിഷയങ്ങളാണ് സമിതിക്ക് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News