കടുത്തുരുത്തി റബ്ബര്‍ സൊസൈറ്റിക്കും പി.എല്‍.സി. കമ്പനിക്കുമായി സഹകരണ കണ്‍സോര്‍ഷ്യം

[mbzauthor]
  • നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ രണ്ടു വര്‍ഷം സമയം ആവശ്യപ്പെടും
  • സര്‍ക്കാര്‍ ബാദ്ധ്യതയ്ക്ക് അഞ്ചു വര്‍ഷം സാവകാശം
     

കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും പി.എല്‍.സി. ഫാക്ടറിയും പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി കണ്‍സോര്‍ഷ്യം രൂപവത്കരിക്കുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. ഈ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് അഡ്വക്കേറ്റ് ജനറല്‍ വഴി ഹൈക്കോടതിയെ അറിയിച്ച ശേഷം പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സൊസൈറ്റിയും പി.എല്‍.സി. ഫാക്ടറിയും ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് നിയമപരമായും സാങ്കേതികമായും ബുദ്ധിമുട്ടുകളുണ്ടെന്നു മന്ത്രി വ്യക്തമാക്കി. നേരത്തെ സംഘത്തിന്റെ വസ്തുവകകള്‍ വിറ്റ് നിക്ഷേപകരുടെ പണം അടക്കമുള്ള ബാദ്ധ്യതകള്‍ തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വില്‍പ്പന നടത്തിയാല്‍ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഗവണ്‍മെന്റ് പ്ലീഡറെ അറിയിക്കാന്‍ വസ്തുവില്‍പ്പന സമിതി യോഗം തീരുമാനിച്ചിരുന്നു. നേരത്തെ മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സഹകരണ സംഘത്തിന്റെ ക്രംബ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിനായി രൂപവത്കരിച്ച കണ്‍സോര്‍ഷ്യത്തിന്റെ മാതൃകയില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സംഘത്തിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ച വിവരം കോടതിയെ അറിയിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ കുടിശ്ശികകള്‍ അടയ്ക്കുന്നതിന് അഞ്ച് വര്‍ഷത്തെ സാവകാശം തേടും. നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് നിക്ഷേപങ്ങള്‍ രണ്ട് വര്‍ഷത്തിനകം തിരികെ നല്‍കുമെന്ന് നിക്ഷേപകരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി നിക്ഷേപകരുടെ യോഗം വിളിക്കും – മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

2013 -14 ലെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രകാരം 1,00,45,665 രൂപയാണ് സംഘത്തിന്റെ ഓഹരി മൂലധനം. 80.64 ലക്ഷം രൂപ സര്‍ക്കാര്‍ ഓഹരിയുണ്ട്. 3,561 അംഗങ്ങളാണ് സംഘത്തിലുള്ളത്. 17,28,40,369 രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. സര്‍ക്കാര്‍ വായ്പ 1,62,50,000 രൂപയും പലിശ 35,42,871 രൂപയും റബ്ബര്‍ ബോര്‍ഡ് വായ്പ 5,50,000 രൂപയും തിരികെ അടയ്ക്കാനുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും കുടിശ്ശികയായി 1,46,99,823 രൂപയും നല്‍കാനുണ്ട്. കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 2,69,45,338 രൂപയാണ്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ളത് 891.936 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും ഫാക്ടറിയുമാണ്. 2015 മെയ് 20 മുതല്‍ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതിയാണ് ഭരണം നടത്തി വരുന്നതെന്നും മോന്‍സ് ജോസഫിന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.