എല്ലാ ജില്ലയിലും മാര്‍ച്ച് ഒന്നിനകം കോ-ഓപ് മാര്‍ട്ട് തുറക്കാന്‍ നിര്‍ദേശം
സഹകരണ ഉല്പന്നങ്ങള്ക്ക് ബ്രാന്‍ഡിങ്ങിനും മാര്‍ക്കറ്റിങ്ങിനുമുള്ള പദ്ധതിയുടെ ഭാഗമായി എല്ലാജില്ലകളിലും കോ-ഓപ് മാര്‍ട്ടുകള്‍ തുറക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്കി. നാല് ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ കോ-ഓപ് മാര്ട്ടുകളുള്ളത്. മറ്റ് പത്ത് ജില്ലകളില്‍ കൂടി മാര്‍ച്ച് ഒന്നിന് മുമ്പ് തുറക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനുള്ള മാര്‍ഗരേഖയും കോ-ഓപ് മാര്‍ട്ടിന്റെ ഡിസൈനും രജിസ്ട്രാര്‍ പുറത്തിറക്കി.
പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ 850 കോ-ഓപ് മാര്‍ട്ടുകള്‍ തുറക്കുമെന്നാണ് രണ്ടാം നൂറുദിന കര്‍മ്മപരിപാടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ ലക്ഷ്യം നേടാന്‍ സഹകരണ വകുപ്പിന് കഴിയില്ല. വിതരണ സംവിധാനം ഒരുക്കാനാകാത്തതാണ് പ്രശ്നം. അതുകൊണ്ടാണ് എല്ലാജില്ലകളിലും ഒരു കോ-ഓപ് മാര്‍ട്ട് തുറക്കുകയെന്ന നടപടിയിലേക്ക് സഹകരണ വകുപ്പ് മാറിയത്.
കോ-ഓപ് മാര്‍ട്ടുകള്‍ വില്പന കേന്ദ്രത്തിനൊപ്പം സംഭരണശാലകള്‍ കൂടിയാകണമെന്നാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഓരോ സഹകരണ സംഘത്തിന്റെയും ഉല്‍പ്പന്നങ്ങള്‍ ആ സംഘം തന്നെ കോ-ഓപ് മാര്ട്ടിന് നല്കുന്ന രീതിയിലാണ് ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇത് നേരിട്ട് എത്തിച്ചുനല്കാന് ബുദ്ധിമുട്ടുള്ള സംഘങ്ങള്‍, അവരുടെ ജില്ലയിലെ കോ-ഓപ് മാര്‍ട്ടില്‍ നല്‍കണം. ഏത് ജില്ലയിലെ കോ-ഓപ് മാര്‍ട്ടിലേക്കുള്ള സാധനമാണെന്ന് രേഖപ്പെടുത്തിവേണം സംഭരണ കേന്ദ്രത്തില്‍ നല്‍കേണ്ടത്. ഇവിടെനിന്ന് പാര്‍സല്‍ കമ്പനി വഴിയോ ലോജിസ്റ്റിക് ഏജന്‍സി വഴിയോ അത് ബന്ധപ്പെട്ട കോ-ഓപ് മാര്‍ട്ടിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, പാര്‍സല്‍ കമ്പനിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. മാര്‍ച്ച് ഒന്നിനകം ഏതെങ്കിലും പാര്‍സല്‍ കമ്പനിയുമായി ധാരണയുണ്ടാക്കാനാണ് ശ്രമം.
എല്ലാ കോ-ഓപ് മാര്‍ട്ടുകളും ഒരേമാതൃകയിലായിരിക്കും നിര്‍മിക്കുക. നെയിം ബോര്‍ഡ്, ഔട് ലെറ്റുകളുടെ മാതൃക, നിറം, അക്ഷരങ്ങളുടെ വലുപ്പം എന്നിവയെല്ലാം നിശ്ചയിച്ചിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്ക്ക് പുറമെ മില്‍മ, കയര്‍ഫെഡ്, മത്സ്യഫെഡ്, വ്യവസായ സഹകരണ സംഘങ്ങള്‍, ദേശീയ സഹകരണ സംഘങ്ങള്‍, ദേശീയ ഫെഡറേഷനുകള്‍ എന്നിവയുടെയെല്ലാം ഉല്പന്നങ്ങള് കോ-ഓപ് മാര്‍ട്ടിലൂടെ വില്പന നടത്താമെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സഹകരണ മേഖലയില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി ഏകീകൃത ബ്രാന്‍ഡിങ്ങില്‍ കൊണ്ടുവന്ന് വിപണന ശൃംഖല കെട്ടിപ്പെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള ഉല്പന്നങ്ങള് ന്യായവിലയ്ക്ക് ലഭ്യമാക്കുക, പ്രധാന സ്ഥലങ്ങളിലെല്ലാം ഔട്ലറ്റുകള് സ്ഥാപിക്കുക, ഗുണനിലവാര പരിശോധന ലാബുകള്‍ സ്ഥാപിക്കുക, ഓണ്‍ലൈന്‍ വിപണി സൃഷ്ടിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. ഇതിന്റെ ആദ്യപടിയായി സഹകരണ ഉല്പന്നങ്ങളുടെ സര്ട്ടിഫിക്കേഷന് മുദ്രയായ ‘കോ ഓപ് കേരള’ തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരം നേടിയിട്ടുണ്ട്.