എന്‍.എം.ഡി.സി – കര്‍ഷക മിത്ര അവാര്‍ഡ് :ഒന്നാം സമ്മാനം അയൂബ് തോട്ടോളിക്ക്

Deepthi Vipin lal

ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ്് മാര്‍ക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് (എന്‍.എം.ഡി.സി) കേരളത്തിലെ കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ കര്‍ഷക മിത്ര അവാര്‍ഡ് 2021 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വെള്ളമുണ്ട ആര്‍വാള്‍ സ്വദേശി അയൂബ് തോട്ടോളിക്കാണ് ഒന്നാം സമ്മാനം ( 10001 രൂപ ). രണ്ടാം സമ്മാനം ( 5001 രൂപ ) കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി ജൈവകം വീട്ടില്‍ എന്‍. ഷിംജിത്തും മൂന്നാം സമ്മാനം ( 3001 രൂപ ) തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ പാലുവായ് അരീക്കര വീട്ടില്‍ സുജാതാ സുകുമാരനും നേടി.
ഗുരുവായൂര്‍ തൈക്കാട് സ്വദേശി കെ.എസ് ഷീജക്ക് വനിതാ കര്‍ഷക പുരസ്‌കാരവും വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശി സി.വി.വര്‍ഗ്ഗീസിന് ലംബക്കൃഷി – മാതൃകാ കൃഷി പുരസ്‌കാരവും കാസര്‍ഗോഡ് ബി. അഭിഷേകിന് കുട്ടിക്കര്‍ഷക പുരസ്‌കാരവും 92 -ാം വയസ്സിലും ഉഷാറോടെ കപ്പക്കൃഷി ചെയുന്ന വയനാട്ടിലെ ചെറുതോട്ടില്‍ വര്‍ഗ്ഗീസിന് കര്‍ഷക കാരണവര്‍ പുരസ്‌കാരവും നല്‍കും. ഇവര്‍ക്ക് 1001 രൂപ വീതം കാഷ് അവാര്‍ഡും ലഭിക്കും.

കര്‍ഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തില്‍ നിന്ന് തയാറാക്കിയ മൂന്നു മിനുട്ടുള്ള വീഡിയോ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. പഴയ തലമുറയുടെ കൃഷിരീതികള്‍ പുതുതലമുറയുടെ മനസ്സില്‍ പകുത്ത് നല്‍കുക, പുതു തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, നൂതനമായ കൃഷിരീതികളും അറിവുകളും പങ്ക് വെക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. എം.കെ.പി മാവിലായി, ഡോ. അലന്‍ തോമസ്, രജിത്ത് വെള്ളമുണ്ട , എന്‍.എം.ഡി.സി. ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ എന്നിവരടങ്ങുന്ന ജ്യൂറിയാണ് അവാര്‍ഡ് തീരുമാനിച്ചത്.

ചെയര്‍മാന്‍ പി. സൈനുദ്ദീന്‍, വൈസ് ചെയര്‍മാന്‍ വി.പി. കുഞ്ഞിക്കൃഷ്ണന്‍, ജനറല്‍ മാനേജര്‍ എം. കെ. വിപിന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.