ഊരാളുങ്കല്‍ സഹകരണ സംഘത്തിന് വീണ്ടും അംഗീകാരം
സഹകരണമന്ത്രി വി.എന്‍. വാസവന്റെ പ്രത്യേക അവാര്‍ഡിന് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണ സംഘം (യുഎല്‍സിസിഎസ്) അര്‍ഹമായി. ഇന്‍ഡസ്ട്രീസ് ആന്‍ഡ് യൂട്ടിലിറ്റീസ് വിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ സഹകരണസംഘമായി യുഎല്‍സിസിഎസിനെ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സിന്റെ വേള്‍ഡ് കോപ്പറേറ്റീവ് മോണിറ്റര്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും തെരഞ്ഞെടുത്തതുകൂടി പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്. ഇതിലൂടെ യുഎല്‍സിസിഎസ് വീണ്ടും അന്താരാഷ്ട്രപ്രശസ്തി നേടിയിരിക്കുകയാണെന്ന് കോട്ടയത്ത് പുരസ്ക്കാരം പ്രഖ്യാപിച്ചുകൊണ്ട് സഹകരണമന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വം ലഭിച്ച ഏക പ്രാഥമിക സഹകരണസംഘമാണ് യുഎല്‍സിസിഎസ്. മാതൃകാ സഹകരണസംഘമായി യുഎന്‍ഡിപി സൊസൈറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിക്കുള്ള ദേശീയപുരസ്ക്കാരങ്ങളും എന്സിയുഐയുടെയും നാഷണല്‍ ലേബര്‍ കോപ്പറേറ്റീവ് ഫെഡറേഷന്റെയും പുരസ്കാരങ്ങളും ഇന്ദിര ഗാന്ധി സദ്ഭാവന പുരസ്കാരവും അടക്കം ആഗോളവും ദേശിയവുമായ പല അംഗീകാരങ്ങളും നേടിയിട്ടുള്ള സംഘം രാജ്യത്തെ സഹകരണനവരത്നങ്ങളില് ഒന്നാണ്.
അഴിമതിക്കു പേരുകേട്ടിരുന്ന പൊതുമരാമത്തുരംഗത്ത് അഴിമതിരഹിതമായും സമയബന്ധിതമായും ഉന്നതഗുണമേന്മയോടെയും നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ പുതിയ മാതൃക സൃഷ്ടിച്ച യുഎല്‍സിസിഎസിന് ഈ അംഗീകാരങ്ങള്‍ക്കൊപ്പം മികച്ച ജനസമ്മതിയും നേടാനായിട്ടുണ്ട്.