ഊരാളുങ്കല്‍ മാതൃകയില്‍ ആലപ്പുഴയില്‍ ഒരു സഹകരണ സംഘം

എസ്.ഡി. വേണുകുമാര്‍

ആലപ്പുഴ ജില്ല പ്രവര്‍ത്തനപരിധിയായി 2017 ല്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആലപ്പുഴ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട്
സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിട്ട്
ഒരു വര്‍ഷമേ ആയിട്ടുള്ളു. ഓഹരി ഒന്നിന് 250 രൂപ പ്രകാരം
5000 രൂപയുടെ ഓഹരിയുള്ള ആളുകള്‍ക്കാണ് എ ക്ലാസ് അംഗത്വം.
സംഘം ഏറ്റെടുക്കുന്ന നിര്‍മാണങ്ങളില്‍ പണിയെടുക്കുന്ന
തൊഴിലാളികളും സംഘത്തില്‍ അംഗത്വം എടുക്കണമെന്നാണു നിയമം.
പക്ഷേ, അവര്‍ക്കു 25 രൂപയുടെ സാധാരണ അംഗത്വം മതിയാകും.

 

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ( യു.എല്‍.സി.സി.എസ് ) മാതൃകയില്‍ ആലപ്പുഴയിലും ഒരു സഹകരണ സംഘം. ആലപ്പുഴ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം. സി.പി.എം. ജില്ലാ കമ്മിറ്റിയുടെ ആശിര്‍വാദത്തോടെ 2017 ല്‍ സംഘം രജിസ്റ്റര്‍ ചെയ്തുവെങ്കിലും പ്രവര്‍ത്തനം സജീവമായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു.

പൊതുവേ പറഞ്ഞാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതും ഏറ്റെടുത്തു ചെയ്യുന്ന സഹകരണസംഘം. നൂറോളം വ്യക്തികളും സി.പി.എം. ഭരണത്തിലുള്ള ജില്ലയിലെ സഹകരണ സംഘങ്ങളുമാണ് ഓഹരിഉടമകള്‍. ഓഹരി ഒന്നിന് 250 രൂപ പ്രകാരം 5000 രൂപയുടെ ഓഹരിയുള്ള ആളുകള്‍ക്കാണ് എ ക്ലാസ് അംഗത്വം. സംഘം ഏറ്റെടുക്കുന്ന നിര്‍മാണങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളും സംഘത്തില്‍ അംഗത്വം എടുക്കണമെന്നാണു നിയമം. പക്ഷേ അവര്‍ക്കു 25 രൂപയുടെ സാധാരണ അംഗത്വം മതിയാകും. സംഘത്തിന്റെ പ്രവര്‍ത്തനപരിധി ആലപ്പുഴ ജില്ല മാത്രമായിരിക്കും.

ഒന്നരക്കോടി രൂപയുടെ മൂലധനമുള്ള സംഘം ഇതിനോടകം 12 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതില്‍ റോഡുകളും പാര്‍ട്ടി ഓഫീസുകളും സഹകരണ ബാങ്ക് കെട്ടിടവുമെല്ലാം ഉള്‍പ്പെടും. സംഘത്തിനു നിരവധി നിര്‍മാണജോലികള്‍ക്കുള്ള കരാറുമായിട്ടുണ്ട്.

പൂര്‍ത്തിയാക്കിയതും ഏറ്റെടുത്തതുമൊന്നും വലിയ തുകയ്ക്കുള്ള ജോലികളല്ല. എം.എല്‍.എ. ഫണ്ടില്‍ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിയില്‍പ്പെട്ടതുമായി ചെറിയ റോഡുകളും സി.പി.എം. നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുമൊക്കെയാണ് ഇതേവരെ ചെയ്തത്. ഊരാളുങ്കല്‍ മാതൃകയില്‍ ഭാവിയില്‍ സംസ്ഥാനമാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന വലിയ നിര്‍മാണക്കരാര്‍ തൊഴിലാളി പ്രസ്ഥാനം എന്നതാണു സംഘത്തിന്റെ ലക്ഷ്യം.

ഗുണമേന്മയില്‍
വിട്ടുവീഴ്ചയില്ല

ഒരു വീട് നിര്‍മിക്കാനാഗ്രഹിക്കുന്ന ആള്‍ക്ക് അതിന്റെ പ്‌ളാന്‍, എസ്റ്റിമേറ്റ്, നിര്‍മാണ അനുമതിപത്രങ്ങളടക്കം എല്ലാം സംഘം ലഭ്യമാക്കിക്കൊടുക്കും. ഒപ്പം, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗുണമേന്മയോടെ, മുടക്കുന്ന പണത്തിനുള്ള മൂല്യം ഉറപ്പാക്കുന്ന രീതിയിലായിരിക്കും നിര്‍മാണമെന്നു പ്രസിഡന്റ് കെ. ആര്‍. ഭഗീരഥന്‍ പറഞ്ഞു. ഏതു നിര്‍മാണമായാലും ഗുണമേന്മയില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.

പ്‌ളാനും എസ്റ്റിമേറ്റും ഗുണഭോക്താവ് എടുത്തുകൊടുത്താല്‍ അതിനനുസരിച്ച് കെട്ടിടം നിര്‍മിച്ചു കൊടുക്കുന്നതിനൊപ്പം പഴയ വീടുകളോ മറ്റു കെട്ടിടങ്ങളോ നവീകരിക്കുന്ന ജോലിയും ഏറ്റെടുക്കുമെന്നു ഭഗീരഥന്‍ പറഞ്ഞു. ഇതിനു സംഘത്തിനു സ്വന്തമായി എഞ്ചിനീയറിംഗ് വിഭാഗവുമുണ്ട്. പെയിന്റിംഗ, പ്‌ളംബിംഗ്. വയറിംഗ് എന്നിങ്ങനെ ജോലികള്‍ ഭാഗികമായി ഏറ്റെടുക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല.

അഡ്വ. കെ. ആര്‍. ഭഗീരഥനാണ് ആലപ്പുഴ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രസിഡന്റ്. എ. ഓമനക്കുട്ടന്‍, ജി. രാജമ്മ, എം. സത്യപാലന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഡി. അജയന്‍, പി. ഷാജി മോഹന്‍, വി.ടി. രാജേഷ്‌മോന്‍, ടി.എം. ഷെരീഫ്, ഇന്ദിര തിലകന്‍, നിര്‍മല ശെല്‍വരാജ്, കെ.ജെ. സൈമണ്‍ എന്നിവര്‍ ഭരണസമിതിയംഗങ്ങളുമാണ്. ടി.ബി. സുദര്‍ശനനാണു ഓണററി സെക്രട്ടറി.

ആലപ്പുഴയിലെ സുശീല ഗോപാലന്‍ പഠനഗവേഷണ കേന്ദ്രം, കുട്ടനാട് താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ കെട്ടിടം, കാട്ടൂര്‍ എസ്.സി.ബി. കെട്ടിടം, കോര്‍ത്തുശ്ശേരി റോഡ്, ഊട്ടി ജംഗ്ഷന്‍ – എ.എസ്. കനാല്‍ റോഡ്, ആര്യാട് പഞ്ചായത്തിലെ പത്തു റോഡുകള്‍, സര്‍ക്കാരിന്റെയും വ്യക്തികളുടെയും കെട്ടിടങ്ങള്‍ എന്നിവയാണു ആലപ്പുഴ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഏറ്റെടുത്തു പൂര്‍ത്തിയാക്കിയ പ്രധാന പ്രവൃത്തികള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News