ഉത്തരാഖണ്ഡില്‍ ഓരോ ജില്ലയിലും സഹകരണ ഗ്രാമം സ്ഥാപിക്കുന്നു
ഉത്തരാഖണ്ഡിലെ 13 ജില്ലകളിലും ഓരോ സഹകരണഗ്രാമം വീതം സ്ഥാപിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യ പ്രോജക്ടിനുശേഷം ഓരോ ജില്ലയിലും കൂടുതല്‍ സഹകരണഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും.
ഡൂണ്‍ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസ്ഥാന സഹകരണ മന്ത്രി ധാന്‍ സിങ് റാവത്ത് അറിയിച്ചതാണീ കാര്യം. ഒരു സഹകരണഗ്രാമം നിലവില്‍ വന്നുകഴിഞ്ഞാല്‍ ഗ്രാമീണര്‍ക്കുള്ള സാമ്പത്തിക സഹായമെല്ലാം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വഴി ഓണ്‍ലൈനായി നല്‍കും. സംസ്ഥാനത്തെ 108 മള്‍ട്ടി പര്‍പ്പസ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയായെന്നും മറ്റുള്ള സംഘങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിനകം കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തു സഹകരണ ബാങ്കുകളില്‍ അഞ്ചു ലക്ഷം പുതിയ അക്കൗണ്ടുകള്‍ തുടങ്ങുമെന്നു മന്ത്രി അറിയിച്ചു. ദീന്‍ദയാല്‍ ഉപാധ്യായ കിസാന്‍ കൃഷി വായ്പാ പദ്ധതിയില്‍ ആറു ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്കായി 3600 കോടിയില്‍പ്പരം രൂപ വിതരണം ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുദ്ദേശിച്ചുള്ള ഈ പദ്ധതിയിലെ വായ്പക്കു തീരെ പലിശ ഈടാക്കുന്നില്ല.