ആദ്യ അന്തർദേശീയ സഹകരണ ട്രേഡ് ഫെയറിൽ എട്ട് ജില്ലകളിൽ നിന്ന് 108 ഉൽപ്പന്നങ്ങൾ.
രാജ്യത്ത് ആദ്യമായി നടക്കുന്ന അന്തർദേശീയ സഹകരണ ട്രേഡ് ഫെയറിൽ കേരളത്തിലെ എട്ട് ജില്ലകളിലെ സഹകരണ സംഘങ്ങളുടെ 108 ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ 11 മുതൽ 13 വരെ ഡൽഹിയിലാണ് ട്രേഡ് ഫെയർ. പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, കാസർകോട്, തിരുവന്തപുരം ജില്ലകളിൽ നിന്നുള്ള ഉൽപന്നങ്ങളാണ് ട്രേഡ് ഫെയറിൽ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുകയെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി. കെ.ജയശ്രീ പറഞ്ഞു.
ഭൗമസൂചിക പദവി ലഭിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഗുണനിലവാരത്തിനും വിപണനസാധ്യതക്കും മുൻതൂക്കം നൽകിയാണ് പ്രദർശനത്തിനു കൊണ്ടുപോകുന്നത്. മൂന്നു ടൺ സാധനങ്ങളാണ് കേരളത്തിൽ നിന്നും സഹകരണവകുപ്പ് ട്രേഡ് ഫെയറിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 500 കിലോ പ്രദർശനത്തിനും 2500 കിലോ വില്പനയ്ക്കുമാണ് ഉദ്ദേശിക്കുന്നത്. മാർക്കറ്റ് ഫെഡിന്റെ സഹായത്തോടെയാണ് സംഘങ്ങളിൽ നിന്നും സാധനങ്ങൾ ശേഖരിക്കുന്നതും ഡൽഹിയിൽ എത്തിക്കുന്നതും. വടക്കൻ ജില്ലകളിലെ സംഘങ്ങളിൽനിന്നുള്ള സാധനങ്ങൾ കോഴിക്കോട് എൻ.എം.ഡി.സി ഗോഡൗണിലും തെക്കൻ ജില്ലകളിൽ നിന്നുള്ള സാധനങ്ങൾ എറണാകുളം മാർക്കറ്റ് ഫെഡ് ഗോഡൗണിലും ആണ് ശേഖരിക്കുക. മാർക്കറ്റ് ഫെഡിന്റെ സഹായത്തോടെ ഡൽഹിയിലെത്തിച്ചു പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രദർശനത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കാനായി പ്രത്യേക ഏജൻസിയെ നിയോഗിക്കാനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.
i
ഗുണനിലവാര സൂചികകളും മാർക്കറ്റിംഗ് സാധ്യതകളും ഉൽപ്പന്നത്തിന്റെ കെട്ടിലും മട്ടിലും ഉറപ്പുവരുത്താൻ വേണ്ട നിർദ്ദേശങ്ങൾ സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സംഘങ്ങളിൽ നിന്ന് 40 പ്രതിനിധികളാണ് ട്രേഡ് ഫെയറിൽ പങ്കെടുക്കുന്നത്. ഇതിന് പുറമേ ഉദ്യോഗസ്ഥരും ഉണ്ടാകും. പ്രദർശനത്തിനായി കൊണ്ടുപോകുന്ന സാധനങ്ങൾ ഈ മാസം 24 ന് 5 മണിക്ക് മുമ്പായി ഗോഡൗണുകളിൽ എത്തിച്ചിരിക്കണം. 12 കൗണ്ടറുകളിലാണ് സംസ്ഥാനത്തുനിന്നുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായാണ് പ്രദർശനം എന്നതിനാൽ കേരളത്തിലെ ഉൽപ്പന്നങ്ങൾ മൊത്തമായി ഒരു സ്ഥലത്ത്കാണാൻ സാധിക്കുകയില്ല. കൺസ്യൂമർ വിഭാഗത്തിന്റെ അഡീഷണൽ രജിസ്ട്രാർ ബിനോയ്, എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ സതീഷ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപ്പനക്കും നേതൃത്വപരമായ പങ്കു വഹിക്കുക.
പ്രദർശനത്തിന് ഒപ്പം വിൽപ്പനയും നടക്കും. പ്രദർശനത്തിന് വരാത്ത സംഘങ്ങളുടെ ഉല്പന്നങ്ങളുടെ പ്രദർശനത്തിന്റെ ഉത്തരവാദിത്വം സഹകരണവകുപ്പ് ഏറ്റെടുക്കും. പ്രദർശനത്തിനുശേഷം രാജ്യത്തെ സഹകരണ വകുപ്പിന് കീഴിലുള്ള ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി ഒരുക്കുക എന്നതാണ് എൻ.സി.ഡി.സി ട്രേഡ് ഫെയർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് രജിസ്ട്രാറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചുമതലപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാർമാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.