അർബൻ സഹകരണ ബാങ്കുകൾ ഇനി മുതൽ ആർബിഐ നിയന്ത്രിക്കും: ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

adminmoonam

രാജ്യത്തെ അർബൻ സഹകരണ ബാങ്കുകൾ ഇനി മുതൽ ആർബിഐ നിയന്ത്രിക്കും. ഇതുസംബന്ധിച്ച ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അർബൻ സഹകരണ ബാങ്കുകളും മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആർബിഐ നിയമങ്ങൾക്ക് വിധേയമാക്കുന്ന ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഓർഡിനൻസ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തിൽ വരും.

പ്രധാനമായും അർബൻ സഹകരണ ബാങ്കുകളെയാണ് ഓർഡിനൻസ് ബാധിക്കുക. ഇതുവഴി 1482 അർബൻ സഹകരണ ബാങ്കുകൾ, 58 മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ എന്നിവ റിസർവ് ബാങ്കിന്റെ കീഴിലാകും.
നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷൻ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാൽ അത് പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരുന്നത്.
സഹകരണ ബാങ്കുകളിൽ 8.6 കോടി ആളുകൾക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂർണമായും റിസർവ് ബാങ്കിലേക്ക് പോകും.

ഇതൊടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും. സമീപകാലത്തായി ചില സംസ്ഥാനങ്ങളിൽ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News