അമുല്‍ ബ്രാന്റില്‍ ഇനി ആട്ടിന്‍പാലും വില്‍പ്പനക്കെത്തും

moonamvazhi

പശുവിന്‍പാലും എരുമപ്പാലും ഒട്ടകപ്പാലും വിപണനം ചെയ്യുന്ന സഹകരണ ബ്രാന്റായ അമുല്‍ ആട്ടിന്‍പാലും സംഭരിച്ചു വിതരണം ചെയ്യാനൊരുങ്ങുന്നു. ഇതിനുള്ള പ്രോജക്ട് തയാറാക്കാന്‍ അമുല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷനോട് ( ജി.സി.എം.എം.എഫ് ) ഗുജറാത്ത്‌സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആടു മേയ്ക്കുന്ന നാടോടിവിഭാഗമായ മല്‍ധാരികളില്‍നിന്നാണ് അമുല്‍ ആട്ടിന്‍പാല്‍ ശേഖരിക്കുക.

പ്രോജക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് കൃഷിവകുപ്പു മന്ത്രി രാഘവ്ജി പട്ടേല്‍ സുരേന്ദ്രനഗര്‍ ജില്ലാ ഘേഡ-ബക്ര ഉച്ചറാക് മല്‍ധാരി സംഘടന്‍, ജി.സി.എം.എം.എഫ്, സുരേന്ദ്രനഗര്‍ ജില്ലാ സഹകരണ പാലുല്‍പ്പാദക യൂണിയന്‍ എന്നിവയുടെ യോഗം വിളിച്ചുചേര്‍ത്തു. ആട്ടിന്‍പാല്‍ സംഭരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തുമെന്നു യോഗത്തില്‍ മന്ത്രി രാഘവ്ജി പട്ടേല്‍ മല്‍ധാരികളുടെ പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി. പശുവിന്‍പാലും എരുമപ്പാലും ഒട്ടകപ്പാലും വിപണനം ചെയ്യുന്ന അമുല്‍പോലുള്ള സഹകരണശ്രൃംഖലയ്ക്കു ഏറെ പോഷകഗുണമുള്ള ആട്ടിന്‍പാല്‍ വിപണനത്തിലും മുന്നേറാനാകുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ആട്ടിന്‍പാലിന്റെ വില, പാക്കേജിങ്, വിപണനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണു വിശദമായ പ്രോജക്ട് തയാറാക്കുക. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കു സൗജന്യമായി പാല്‍ നല്‍കുന്ന ധൂത് സഞ്ജീവനി യോജന പദ്ധതിയില്‍ ആട്ടിന്‍പാലും ഉള്‍പ്പെടുത്താമെന്നു മന്ത്രി നിര്‍ദേശിച്ചു.

തങ്ങളുടെ പാല്‍ക്കച്ചവടം മെച്ചപ്പെടണമെങ്കില്‍ ആട്ടിന്‍പാല്‍ പ്രത്യേകബാന്റില്‍ വിപണനം ചെയ്യണമെന്നു മല്‍ധാരികളുടെ സംഘടനാപ്രസിഡന്റ് നരന്‍ റബാരി പറഞ്ഞു. അമുല്‍ ആട്ടിന്‍പാലും ചെമ്മരിയാടിന്‍പാലും എടുക്കാത്തതുകൊണ്ട് ലിറ്ററിനു 20-22 രൂപ നിരക്കില്‍ തങ്ങളിപ്പോള്‍ ഹോട്ടലുകള്‍ക്കു വില്‍ക്കുകയാണെന്നു റബാരി പറഞ്ഞു. പാലിന്റെ വിലക്കുറവുകാരണം ആടുകളെ പോറ്റാന്‍ ബുദ്ധിമുട്ടുകയാണ്. ഒട്ടകപ്പാലിന്റെ കാര്യത്തില്‍ ചെയ്തതുപോലെ ആട്ടിന്‍പാല്‍ സംഭരണത്തിനും വിപണനത്തിനും അമുല്‍ പ്രത്യേകസംവിധാനം ഒരുക്കണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു.

2019 ലാണു ഗുജറാത്തില്‍ അവസാനമായി കന്നുകാലി സെന്‍സസ് എടുത്തത്. ഇതനുസരിച്ചു സംസ്ഥാനത്തെ ആടുകള്‍ ഏതാണ്ട് 48 ലക്ഷം വരും. സംസ്ഥാനത്തു 167 ലക്ഷം മെട്രിക് ടണ്‍ പാലുല്‍പ്പാദിപ്പിക്കുന്നതില്‍ ആട്ടിന്‍പാല്‍ രണ്ടു ശതമാനമേ വരുന്നുള്ളു. ആറു വര്‍ഷം മുമ്പാണ് അമുല്‍ ഒട്ടകപ്പാല്‍ സംഭരിക്കാന്‍ തുടങ്ങിയത്. ഒട്ടകപ്പാലില്‍നിന്നു ചോക്കളേറ്റുണ്ടാക്കാന്‍ തുടങ്ങിയതോടെയാണു 2019 ല്‍ അമുല്‍ ഒട്ടകപ്പാല്‍ വിപണനരംഗത്തേക്കു കടന്നത്. ഒരുകാലത്ത് കച്ച് പ്രദേശത്ത് ഒട്ടകപ്പാല്‍ ആരും വാങ്ങില്ലായിരുന്നു. അമുല്‍ രംഗത്തിറങ്ങിയതോടെയാണ് ഇതില്‍ മാറ്റമുണ്ടായത്. ഇപ്പോള്‍ ഒട്ടകപ്പാലിനു ലിറ്ററിന് 51 രൂപ കിട്ടുന്നുണ്ട് – നരന്‍ റബാരി അറിയിച്ചു.

മല്‍ധാരി സമുദായം ഗുജറാത്തിലെ വോട്ട്ബാങ്കാണ്. 42-46 അസംബ്ലി മണ്ഡലങ്ങളിലും മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലും ഇവര്‍ നിര്‍ണായകശക്തിയാണ്. തിരഞ്ഞെടുപ്പുകാലത്തു ഭരണകക്ഷിയെ സമ്മര്‍ദത്തിലാക്കി ഇവര്‍ കാര്യങ്ങള്‍ നേടിയെടുക്കാറുണ്ട്. കന്നുകാലികള്‍ നഗരങ്ങളില്‍ അലഞ്ഞുതിരിയുന്നതിനെതിരെ സംസ്ഥാന ബി.ജെ.പി.സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലം കൊണ്ടുവന്ന ബില്‍ പിന്‍വലിപ്പിച്ച ചരിത്രമുണ്ടിവര്‍ക്ക്. കന്നുകാലികള്‍ നഗരത്തിലേക്കു വരികയല്ല, നഗരം കന്നുകാലികളുടെ വഴിയിലേക്കു വളരുകയാണ് എന്നാണു മല്‍ധാരി നേതാക്കള്‍ അന്നു പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News