അന്ന് വനിതകള്‍ മുന്നില്‍
സഹകരണ രംഗം ശൈശവ ദശയിലായിരുന്നുവെങ്കിലും തിരുവിതാംകൂര്‍ ഉള്‍പ്പെടെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും വനിതകള്‍ ഈ മേഖലയില്‍ മുന്നിലായിരുന്നുവെന്ന് 1934-ലെ സഹകരണ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം.
തിരുവിതാംകൂറിലെ സഹകരണ സ്ഥാപനങ്ങളെപ്പറ്റി പഠിക്കാനാണ് പുണെയിലെ സര്‍വെന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയിലെ ജി.കെ ദേവാധര്‍ പ്രസിഡന്റായി അന്വേഷണ സമിതി രൂപവത്കരിച്ചത്. ശ്രീ ചിത്തിരത്തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1932 ലാണ് അന്വേഷണ സമിതി രൂപവത്കരിച്ച് ഉത്തരവിട്ടത്. രണ്ടു വര്‍ഷത്തിനുശേഷം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സഹകരണമേഖലയുടെ പരിഷ്‌കരണവും തിരുവിതാംകൂറിന്റെ പുരോഗതിക്കായി സഹകരണ മേഖലയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുമായിരുന്നു സമിതിയുടെ അന്വേഷണ വിഷയങ്ങളില്‍ പ്രധാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിശദമായി പഠിച്ച സമിതി സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കിയിരുന്നത്.
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ലോകത്ത് , പ്രത്യേകിച്ച് യുറോപ്പില്‍ , ഈ രംഗത്തുണ്ടായ പുരോഗതിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇംഗ്ലണ്ടിലും ഡന്‍മാര്‍ക്കിലും സ്വിറ്റ്‌സര്‍ലണ്ടിലും മറ്റ് യുറോപ്യന്‍ രാജ്യങ്ങളിലും ഗൃഹോപകരണ സാധനങ്ങളുടെ മേഖലയിലും പഴം , പച്ചക്കറി, മുട്ട, ഇറച്ചി തുടങ്ങിയ മേഖലകളിലും ആരംഭിച്ചിട്ടുള്ള സംഘങ്ങളില്‍ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന വനിതകളെപ്പറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഇവിടങ്ങളിലെ പല സംഘങ്ങളും നയിച്ചിരുന്നതും വനിതകള്‍ തന്നെയായിരുന്നു . ഇത്ര വിപുലമായല്ലെങ്കിലും ഇന്ത്യയിലും അക്കാലത്ത് സഹകരണ മേഖലയില്‍ വനിതകള്‍ സജീവമായിരുന്നു. പഞ്ചാബ് , ബംഗാള്‍, ബോംബേ തുടങ്ങി പലേടത്തും സ്ത്രീകള്‍ നടത്തുന്ന സംഘങ്ങളുണ്ടായിരുന്നു. അവയുടെ കീഴില്‍ ഒട്ടേറെ സ്ഥാപനങ്ങളും ഉണ്ടായിരുന്നു.
കടലോരത്തെ സംഘങ്ങള്‍
തിരുവിതാംകൂറില്‍ ആദ്യകാലത്ത്് കടലോരങ്ങള്‍ കേന്ദ്രീകരിച്ച് പലേടത്തും സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം, കരുനാഗപ്പള്ളി, അമ്പലപ്പുഴ , കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. ഈ സംഘങ്ങളെപ്പറ്റി പക്ഷേ, കൃത്യമായ അറിവ് വനിതകള്‍ക്ക് ലഭിച്ചിരുന്നില്ല. വായ്പ നല്‍കുക മാത്രമാണ് ഈ സംഘങ്ങള്‍ ചെയ്തിരുന്നത്. അതേസമയം, സര്‍ക്കാര്‍ തങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന ചിട്ടിയാണിത് എന്നാണ് വനിതകള്‍ തെറ്റിദ്ധരിച്ചിരുന്നത്. അതുകൊണ്ട് സമ്പാദ്യശീലം വളര്‍ത്തുന്നതിന് ഈ സംഘങ്ങള്‍ ഒട്ടും സഹായകമായിരുന്നില്ല. ഇതിന്റെ ഫലമായി, കടലോരങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച സംഘങ്ങള്‍ പിന്നീട് നിര്‍ത്തേണ്ടിവന്നതായി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേ കാലത്ത് തിരുവനന്തപുരത്തെ ഹിന്ദു വനിതാ സഹകരണസംഘം നെല്ല് സംഭരിച്ച് അത് പുഴൂങ്ങി അരിയാക്കി വിറ്റിരുന്നു. ഇത് ധാരാളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി. ഇൗ സംഘത്തിന്റെ കീഴില്‍ നെയ്ത്ത് ശാലയും നടത്തിയിരുന്നു. ഈ നെയ്ത്തുശാലയ്ക്ക് വ്യവസായ വകുപ്പ് മാസന്തോറും 12 രുപ ഗ്രാന്‍ഡ് അനുവദിച്ചിരുന്നു. ഇവിടെ നെയ്ത്തും വസ്ത്രങ്ങളില്‍ ചിത്രപ്പണി ചെയ്യാനും പഠിപ്പിച്ചിരുന്നു. ധാരാളം പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്താറുണ്ടായിരുന്നു. ഇവിടെ ഉണ്ടാക്കിയിരുന്ന ബെഡ്ഷീറ്റ്, ടവല്‍, തലയിണ ഉറ , ചവിട്ടുമെത്ത എന്നിവയ്ക്ക് നല്ല ഡിമാന്‍ഡായിരുന്നു. ജനറല്‍ ആശുപത്രിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇവ വാങ്ങിയിരുന്നു.
പാല്‍ക്കച്ചവടം
അടൂരിലെ വനിതാ സഹകരണസംഘം പശുക്കളെ വാങ്ങി സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. പല കുടുംബങ്ങള്‍ക്കും ഇതൊരാശ്വാസമായി. ധാരാളം സ്ത്രീകള്‍ കറവപ്പശുക്കളുടെ ഉടമകളായി മാറി. ഇവരുടെ പാലും പാല്‍ ഉല്‍പന്നങ്ങളും സംഘംതന്നെ വാങ്ങി മറ്റ് പ്രദേശങ്ങളില്‍ കൊണ്ടുപോയി വിറ്റിരുന്നു. അതേസമയം, പറവൂരിലെ വനിതാ സംഘം അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലാണ് കുടുതലായി ശ്രദ്ധിച്ചിരുന്നത്.
കയര്‍, കൈത്തറി, കൊയ്ത്ത്, നെല്ലുകുത്ത് എന്നീ രംഗങ്ങളിലും മറ്റു ചെറുകിട സംരംഭങ്ങളിലുമായി തിരുവിതാംകൂറില്‍ മാത്രം 4,46,000 സ്ത്രീകള്‍ ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വിദ്യാസമ്പന്നരായ സ്ത്രീകള്‍ ധാരാളമുള്ള നാടാണ് കേരളമെന്നും അവരെ സഹകരണ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കണമെന്നും അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുകയുണ്ടായി. ഇതിനായി സ്വയംതൊഴില്‍ കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.