ചെറുകിടകര്‍ഷകഅഗ്രിബിസിനസ് കണ്‍സോര്‍ഷ്യത്തിന്റെ പിഎംയുവില്‍ 6 ഒഴിവുകള്‍
ചെറുകിടകര്‍ഷകഅഗ്രിബിസിനസ് കണ്‍സോര്‍ഷ്യത്തെ (സ്‌മാള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം -എസ്‌എഫ്‌എസി) നടത്തിപ്പ് ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ള ഒരു പദ്ധതിക്കുവേണ്ടി ആറു തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ് വികസനകേന്ദ്രം (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് – സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രോഡക്ട് ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിങ് മാനേജര്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, ഓഫീസ് അഡ്‌മിനിസ്‌ട്രേറ്റര്‍, ജില്ലാകോഓര്‍ഡിനേറ്റര്‍/റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവയാണു തസ്‌തികകള്‍. ജില്ലാ കോഓര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ തസ്‌തികയില്‍ രണ്ടൊഴിവും ബാക്കി എല്ലാ തസ്‌തികയിലും ഒരു ഒഴിവുവീതവുമാണുള്ളത്.
ഭക്ഷ്യസാങ്കേതികവിദ്യയിലോ ഭക്ഷ്യഎഞ്ചിനിയറിങ്ങിലോ ബിടെക്കോ എംടെക്കോ ഉള്ളവര്‍ക്കു പ്രോഡക്ട് ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാം. ഉല്‍പന്നവികസനം, ഭക്ഷ്യസംസ്‌കരണം, സുരക്ഷാമാനദണ്ഡങ്ങള്‍, ഉല്‍പാദനപ്രക്രിയ, പ്ലാന്റ്, യന്ത്രസംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. പ്രായപരിധി 45 വയസ്സ്. ശമ്പളം ഒരുലക്ഷം രൂപ.

മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷനോടെ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ അഗ്രിബിസിനസ് മാനേജ്‌മെന്റിലോ ബിരുദാനന്തരബിരുദമുള്ളവര്‍ക്കു മാര്‍ക്കറ്റിങ് മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. കാര്‍ഷികോല്‍പന്നങ്ങളുടെയും എഫ്‌എംസിജി ഉല്‍പന്നങ്ങളുടെയും ബ്രാന്റിങ്ങിലും വിപണനത്തിലും ഡിജി്‌റ്റല്‍ വിപണനത്തിലും പ്രചരണപ്രവര്‍ത്തനങ്ങളിലും അഞ്ചുകൊല്ലത്തെ പരിചയം വേണം. പ്രായപരിധി 45 വയസ്സ്. ശമ്പളം ഒരുലക്ഷം രൂപ.
ബിസിനസ് അനലിറ്റിക്‌സിലോ ഓപ്പറേഷന്‍സ് മാനേജ്‌മെന്റിലോ സ്‌പെഷ്യലൈസേഷനോടെ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ അഗ്രിബിസിനസ് മാനേജ്‌മെന്റിലോ ബിരുദാനന്തരബിരുദമുള്ളവര്‍ക്കു ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. വിശദപദ്ധതിറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, വികസിപ്പിക്കല്‍, പങ്കാളിത്തങ്ങള്‍, ബി2ബി മീറ്റുകള്‍, വ്യവസായബന്ധങ്ങള്‍ തുടങ്ങിയവയില്‍ അഞ്ചുകൊല്ലത്തെ പരിചയം വേണം. പ്രായപരിധി 45 വയസ്സ്. ശമ്പളം ഒരുലക്ഷം രൂപ.
ബിസിനസ് അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തരഡിപ്ലോമയുമുള്ളവര്‍ക്ക് ഓഫീസ് അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. ഡാറ്റാ കളക്ഷന്‍, ഡാറ്റാ വിശകലനം, ഡോക്യുമെന്റേഷന്‍, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, വിവിധ ഇടപെടലുകളുടെ എഫ്‌പിസി അടിസ്ഥാനത്തിലുള്ള പ്രോജക്ട് വിശകലനങ്ങള്‍, ടീംഅംഗങ്ങളുമായുള്ള ഏകോപനം, എംഐഎസ് ബുക്ക് കീപ്പിങ് അക്കൗണ്ടിങ് എന്നിവയില്‍ ഏഴുകൊല്ലത്തെ പരിചയം വേണം. പ്രായപരിധി 50 വയസ്സ്. ശമ്പളം 75000 രൂപ.
കൃഷിയില്‍ ബിഎസ്‌സിയോ എംഎസ്‌സിയോ ഉള്ളവര്‍ക്കു ജില്ലാ കോഓര്‍ഡിനേറ്റര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം. എഫ്‌പിസികളുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങള്‍, വിപുലീകരണപ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍, ശേഷി കെട്ടിപ്പടുക്കല്‍ എന്നിവയില്‍ മൂന്നുകൊല്ലത്തെ പരിചയം വേണം. പ്രായപരിധി 35 വയസ്സ്. ശമ്പളം 45000 രൂപ.
2026 മാര്‍ച്ച് ഒന്ന് ആണ് പ്രായപരിധിക്ക് അടിസ്ഥാനം.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന പമ്പാവാലി മേഖലയിലെ 15 കര്‍ഷഉല്‍പാദകസ്ഥാപനങ്ങളുടെ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്-എഫ്‌പിഒ) വിപണീപ്രാപ്യത വര്‍ധിപ്പിക്കാന്‍ റെസിലന്റ് കേരള പദ്ധതിപ്രകാരം നടപ്പാക്കുന്ന ഡിസ്‌ബേഴ്‌സ്‌മെന്റ് ലിങ്ക്‌ഡ് ഇന്‍ഡിക്കേറ്റര്‍-8 (ഡിഎല്‍ഐ-8) പദ്ധതിയിലാണ് ഒഴിവുകള്‍. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും അഗ്രിബിസിനസ് ശക്തിപ്പെടുത്താനുമുള്ള കേരളസര്‍ക്കാര്‍-േേലാകബാങ്ക് സഹായപദ്ധതിയാണിത്. എസ്‌എഫ്‌എസിയെ നടത്തിപ്പ് ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ള അതില്‍ ഫലപ്രദമായ നടത്തിപ്പിനും കാര്യക്ഷമമായ ഏകോപനത്തിനും മേല്‍നോട്ടത്തിനുമായി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പിഎംയു) രൂപവല്‍കരിച്ചിട്ടുണ്ട്. അതിനുവേണ്ടിയാണു നിയമനം. കരാറടിസ്ഥാനത്തിലാണി നിയമനം. സിഎംഡിയുടെ വെബ്‌സൈറ്റായ www.cmd.kerala.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 22 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍ കിട്ടും.

