വൈകുണ്‌ഠമേത്ത സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിജിഡിഎം-എബിഎം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (വാംനികോം) 2025-27 ബാച്ച് മാനേജ്‌മെന്റ് അഗ്രിബിസിനസ് മാനേജ്‌മെന്റ് ബിരുദാനന്തരഡിപ്ലോമ (പിജിഡിഎം-എബിഎം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ പൂര്‍ണസമയറെസിഡന്‍ഷ്യല്‍ കോഴ്‌സാണിത്. എംബിഎയ്‌ക്കു തുല്യമായി അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസകൗണ്‍സിലും (എഐസിടിഇ) ഇന്ത്യന്‍ സര്‍വകലാശാലകളുടെ അസോസിയേഷനും ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ദേശീയഅക്രഡിറ്റേഷന്‍ബോര്‍ഡിന്റെ അക്രഡിറ്റേഷനുമുണ്ട്.
കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ ദേശീയതല അപ്പെക്‌സ് സഹകരണമാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനമാണു വാംനികോം. വിവിധ ബി-സ്‌കൂള്‍ സര്‍വേകളില്‍ ഇന്ത്യയിലെ കാര്‍ഷിക-ബിസിനസ് മാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച അഞ്ചു ബി-സ്‌കൂളുകളിലൊന്നായി വാംനികോമിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നു സ്ഥാപനം അറിയിച്ചു. വാംനികോം സ്‌കോളര്‍ഷിപ്പ്, രണ്ടുപേര്‍ക്കു സിഐസിടിഎബി മെരിറ്റോറിയസ് അവാര്‍ഡ്, പട്ടികജാതി-വര്‍ഗവിദ്യാര്‍ഥികള്‍ക്കു കേന്ദ്രസാമൂഹ്യക്ഷേമ-ഗോത്രവര്‍ഗമന്ത്രാലയങ്ങളുടെ പോസ്‌റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ലഭ്യമാണ്. കാര്‍ഷിക സര്‍വകലാശാലകളില്‍നിന്നു കൃഷിയിലും അനുബന്ധവിഷയങ്ങളിലും ഒന്നാംറാങ്കുനേടിയവര്‍ക്കു ട്യൂഷന്‍ഫീസില്‍ 25%ഇളവു ലഭിക്കും.
ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 10+2+3 ക്രമത്തില്‍ 15വര്‍ഷത്തെ പൂര്‍ണസമയവി്‌ദ്യാഭ്യാസത്തിലൂടെ നേടിയ ബിരുദമായിരിക്കണം. (ജനറല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കും മറ്റുപിന്നാക്കവിഭാഗം വിദ്യാര്‍ഥികള്‍ക്കും ബിരുദത്തിന് 50% മാര്‍ക്കുണ്ടായിരിക്കണം. പട്ടികജാതി-വര്‍ഗവിദ്യാര്‍ഥികള്‍ക്കു 45% മതി) സിഎടി, ക്‌സാറ്റ്, സിഎംഎടി (എന്‍ടിഎ), (വിദേശവിദ്യാര്‍ഥികളാണെങ്കില്‍ ജിഎംഎടി, ജിആര്‍ഇ-ഒസിഐ ) എന്നീ ദേശീയപൊതുപ്രവേശനപരീക്ഷകളിലൊന്നില്‍ മികച്ച സ്‌കോര്‍ ഉണ്ടായിരിക്കണം. എഐസിടിഇയുടെയോ സര്‍ക്കാരിന്റെയോ മാനദണ്ഡങ്ങളില്‍ വരുന്ന വ്യത്യാസമനുസരിച്ച് ഇതില്‍ മാറ്റം വരാം. ബിരുദപ്പരീക്ഷയ്‌ക്കു തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ ഓഗസ്റ്റ് 14നകം മേല്‍പറഞ്ഞയോഗ്യതകള്‍ നേടിയിരിക്കണം.
ക്രീമിലെയറില്‍ പെടാത്ത ഒബിസിക്കാര്‍, പട്ടികജാതി-വര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍, കശ്‌മീരി കുടിയേറ്റക്കാരുടെയും കശ്‌മീരി പണ്ഡിറ്റുകളുടെയും കശ്‌മീര്‍ താഴ്‌വരയില്‍ താമസിക്കുന്നു കശ്‌മീരി കുടുംബങ്ങളുടെയും (കുടിയേറ്റക്കാരല്ലാത്തവര്‍) സംരക്ഷണയിലുള്ള കുട്ടികള്‍ എന്നിവര്‍ക്കു സംവരണമുണ്ട്. ദേശീയസഹകരണപരിശീലനകോര്‍പറേഷന്‍ (എന്‍സിസിടി), ദേശീയസഹകരണയൂണിയന്‍ (എന്‍സിയുഐ), വാംനികോം എന്നിവയിലെ ജീവനക്കാരുടെ മക്കള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും വാംനികോമിലുള്ള വിദേശികള്‍ക്കും ഏതാനും സീറ്റുകള്‍ ലഭ്യമാണ്.വിദേശവിദ്യാര്‍ഥികളും സാര്‍ക് രാജ്യങ്ങളിലെയും ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെയും സഹകരണസ്ഥാപനങ്ങളിലും ഗ്രാമീണധനസഹായസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരും ജിമാറ്റ്/ജിആര്‍ഇ സ്‌കോറുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ഏറ്റവും പുതിയ സിഎടി, ക്‌സാറ്റ്, ജിമാറ്റ് സിമാറ്റ് (എന്‍ടിഎ), ജിമാറ്റ്/ജിആര്‍ഇ) സ്‌കോറിന്റെയും ഗ്രൂപ്പ് ചര്‍ച്ചയുടെയും വ്യക്തിഗതഅഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഗ്രൂപ്പുചര്‍ച്ചയിലും അഭിമുഖത്തിലും നിര്‍ദിഷ്ടമിനിമം മാര്‍ക്ക് നിര്‍ബന്ധമാണ്. മാര്‍ച്ച് 31നകം അപേക്ഷിക്കണം. www.vamnicom.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് അടയ്‌ക്കേണ്ടതും ഓണ്‍ലൈനായിത്തന്നെ. അപേക്ഷാഫോം മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. 200രൂപയാണ് അപേക്ഷാഫീസ്‌്. വിദേശവിദ്യാര്‍ഥികള്‍ക്ക് ഇതു 2.38 യുഎസ് ഡോളറാണ്. ഫീസ് ഡയറക്ടര്‍, വാംനികോം, പുണെ എന്ന വിലാസത്തിലാണ് അടയ്‌ക്കേണ്ടത്. ഏപ്രിലില്‍ ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഡെറാഡൂണ്‍, ഗാന്ധിനഗര്‍, ജബല്‍പൂര്‍, ജയ്‌പൂര്‍ (രാജസ്ഥാന്‍), കല്യാണി (പശ്ചിമബംഗാള്‍), നാഗ്‌പൂര്‍, ന്യൂഡല്‍ഹി, പാറ്റ്‌ന, പാന്ത്‌നഗര്‍ (ഉത്തരാഖണ്ഡ്), പുണെ എന്നിവിടങ്ങളില്‍ ഗ്രൂപ്പുചര്‍ച്ചയും അഭിമുഖവും നടത്തും.