തിരുവനന്തപുരം ഐസിഎംടിയില്‍ ലെക്‌ചററര്‍മാരുടെ ഒഴിവുകള്‍
ദേശീയസഹകരണപരിശീലനകൗണ്‍സിലിനു (എന്‍സിസിടി)ക്കുകീഴില്‍ തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകളിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (ഐസിഎംടി) ലെക്‌ചററര്‍മാരുടെ മൂന്ന് ഒഴിവുകളിലേക്കു കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. മൂന്നുവര്‍ഷത്തേക്കാണു നിയമനം. പ്രതിമാസപ്രതിഫലം 40000-90000രൂപ. പ്രായപരിധി 60വയസ്സ്. സഹകരണം, ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍, കൃഷി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, കോമേഴ്‌സ്, നിയമം, എഞ്ചിനിയറിങ് (കമ്പ്യൂട്ടര്‍ സയന്‍സ്/ വിവരസാങ്കേതികവിദ്യ/ ഡാറ്റാസയന്‍സ്) എന്നിവയിലൊന്നില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദം, ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധവിഷയത്തിലോ പ്രസക്തമായ വിഷയത്തിലോ പിഎച്ച്‌ഡി/നെറ്റ്/ എസ്‌എല്‍ഇടി/സെറ്റ്, രണ്ടുവര്‍ഷത്തില്‍ കുറയാത്ത അധ്യാപനപരിചയം, സഹകരണമാനേജ്‌മെന്റിലോ അഡ്‌മിനിസ്‌ട്രേഷനിലോ പരിചയം (ഇത് അധികയോഗ്യതയായി കണക്കാക്കും) എന്നിവയാണു നിര്‍ദേശിച്ചിട്ടുള്ള യോഗ്യതകള്‍.
മൂന്നുവര്‍ഷത്തേക്കാണു നിയമനം. വര്‍ഷാവര്‍ഷം മികവ് വിലയിരുത്തും. തൃപ്‌തികരമാണെങ്കില്‍ കാലാവധി കഴിയുംവരെ തുടരാനാവും. തൃപ്‌തികരമായ മികവ് പ്രകടിപ്പിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷംകൂടി കരാര്‍ നീട്ടിയേക്കും. അഞ്ചുവര്‍ഷത്തിലേറെ കാലാവധി നീട്ടില്ല.
പ്രവര്‍ത്തനമികവ് തൃപ്‌തികരമാണെങ്കില്‍ കണ്‍സൊളിഡേറ്റു ചെയ്‌ത പ്രതിഫലത്തിനുപുറമെ അഞ്ചുശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് ലഭിക്കും. ഓരോവര്‍ഷവും അഞ്ചുശതമാനം ഇന്‍ക്രിമെന്റോടെ സേവനം നീട്ടിനല്‍കുന്നതുസംബന്ധിച്ച തീരുമാനമെടുക്കുന്നത് എന്‍സിസിടിയുടെ സെക്രട്ടറിതലത്തിലായിരിക്കും. അസാധാരണമായ മികവു പ്രകടിപ്പിക്കുന്നവരുടെ കാര്യത്തില്‍ അഞ്ചുശതമാനത്തിനുമുകളില്‍ 15 ശതമാനംവരെ വാര്‍ഷികഇന്‍ക്രിമെന്റ് പരിഗണിക്കുന്നതാണ്. അവരുടെ കാര്യത്തില്‍ മതിയായ കാരണങ്ങളോടെയും രേഖാമൂലമുള്ള തെളിവുകളോടെയും അധികൃതരുടെ പരിഗണനയ്‌ക്കായി വിശദവിവരങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്‍സിസിടി ആസ്ഥാനത്തേക്ക് അയക്കുന്നതാണ്.
പ്രതിമാസപ്രതിഫലം 40000-90000രൂപയായിരിക്കും. മേല്‍പറഞ്ഞ കണ്‍സൊളിഡേറ്റഡ് പ്രതിമാസപ്രതിഫലത്തിനുപുറമെ, മറ്റ് അലവന്‍സുകള്‍ ഉണ്ടായിരിക്കില്ല. ഉദ്യോഗാര്‍ഥിയുടെ കഴിവുകളുടെയും യോഗ്യതകളുടെയും ഒടുവില്‍ വാങ്ങിയ ശമ്പളത്തിന്റെയും അടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ കുറഞ്ഞതും കൂടിയതുമായ നിരക്കിനിടയിലുള്ള തുകയാണു കണ്‍സൊളിഡേറ്റഡ് പ്രതിഫലമായി നിശ്ചയിക്കുക. ഇത് ഒടുവില്‍ വാങ്ങിയ ശമ്പളത്തെക്കാള്‍ 10 ശതമാനത്തില്‍ അധികമല്ലാത്ത തുകയായിരിക്കും.
ചുരുക്കപ്പട്ടികയില്‍ വരുന്ന ഉദ്യോഗാര്‍ഥികളെ അപേക്ഷയില്‍ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അഭിമുഖത്തിയതി അറിയിക്കും. അപേക്ഷയില്‍ കൊടുത്തിട്ടുള്ള മേല്‍വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍നമ്പരിലോ വ്യത്യാസം വന്നാല്‍ ഉടന്‍ ഐസിഎമ്മില്‍ അറിയിക്കണം. എംഡിപികള്‍ ഡിപ്ലോമാ പ്രാഗ്രോമുകള്‍ എംബിഎ പ്രോഗ്രാമുകള്‍ എന്നിവയുടെ ക്ലാസ്സുകള്‍ എടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തയ്യാറായിരിക്കണം.
ഒഴിവുകളുടെ എണ്ണം പിന്നീടു വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികള്‍ സഹിതം ഏപ്രില്‍ 28നകം ദി ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, മുടവന്‍മുകള്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.icmtvm.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.01/ഐസിഎംടിവിഎം/25-26 ആണ് വേക്കന്‍സി സര്‍ക്കുലര്‍ നമ്പര്‍. ഫോണ്‍ 0471-2340384. ഇ-മെയില്‍ [email protected]