യുഎല്‍സിസിഎസില്‍ സ്റ്റൈപ്പന്റോടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു;100%പ്ലേസ്‌മെന്റ് വാഗ്‌ദാനം
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തില്‍ (യുഎല്‍സിസിഎസ്) സ്‌റ്റൈപ്പന്റോടെ ഒരുവര്‍ഷത്തെ സാങ്കേതികവിദ്യാപരിശീലനത്തിന് അപേക്ഷക്ഷണിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു യുഎല്‍സിസിഎസ് തന്നെ നിയമനം ഉറപ്പാക്കും. കെട്ടിടം, റോഡ്, പാലം നിര്‍മാണങ്ങളുടെ വിവിധതൊഴില്‍മേഖലകളിലായിരിക്കും നിയമനം. പത്താംക്ലാസ്സോ പ്ലസ്‌ടുവോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. നിര്‍മാണപ്രവൃത്തിയില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ശാരീരികക്ഷമതയും കണക്കിലെടുക്കും. പ്രായം 18നും 25നും മധ്യേ. മെയ് 14നകം അപേക്ഷിക്കണം. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലക്കാര്‍ക്കാണു പ്രവേശനം. https://forms.gle/bMto9aiAtmWLno5d9https://forms.gle/bMto9aiAtmWLno5d9 എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്.
യുഎല്‍സിസിഎസിന്റെ ചുമതലയില്‍ കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്റ് കണ്‍സ്‌ട്രക്ഷനിലായിരിക്കും പരിശീലനം. തൊഴില്‍വകുപ്പിന്റെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനു കീഴിലുള്ള സ്ഥാപനമാണിത്. ഇതിന്റെയും മറ്റു പ്രമുഖവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ക്ലാസ്സിലും അത്യാധുനികലാബിലും യുഎല്‍സിസിഎസിന്റെ വര്‍ക്‌സൈറ്റുകളിലുമായി ആറുമാസത്തെ തിയറിയും പ്രാക്ടിക്കലുമടങ്ങുന്ന നൈപുണ്യപരിശീലനവും തുടര്‍ന്ന് ആറുമാസം വര്‍ക്‌സൈറ്റുകളില്‍ അപ്രന്റീസ്‌ഷിപ്പുമായിരിക്കും. പരിശീലനത്തിനിടയിലും ഒടുവിലും പ്രായോഗികപരിജ്ഞാനപരീക്ഷകള്‍ ഉണ്ടാകും. ബില്‍ഡിങ് റോഡ് ടെക്‌നോളജികള്‍, ബാര്‍ബെന്റിങ്, സ്‌റ്റേജിങ്, സ്‌കഫോള്‍ഡിങ്, ഷട്ടറിങ്, കോണ്‍ക്രീറ്റിങ്, റോഡ്‌ജോലികള്‍ തുടങ്ങിയവ പഠിക്കാനുണ്ടാകും. രാജ്യത്തു നിര്‍മാണവിദഗ്‌ധരുടെ ആവശ്യം വര്‍ധിച്ചതിനാലാണു പരിശീലനം. സവിശേഷതൊഴില്‍ സംസ്‌കാരമുള്ള വിദഗ്‌ധതൊഴിലാളികളെ സൃഷ്ടിക്കലാണു ലക്ഷ്യം. വിദേശത്തു തൊഴില്‍ തേടാന്‍ നിര്‍ബന്ധിതമാകുന്നത് ഒഴിവാക്കലും, ആധുനികസമ്പ്രദായങ്ങളും യന്ത്രോപകരണപ്രവര്‍ത്തങ്ങളും പരിശീലിപ്പിച്ചു തൊഴിലിന് അര്‍ഹരാക്കലും ലക്ഷ്യങ്ങളാണ്. കൂടുതല്‍ വിവരം 9072556742 എന്ന ഫോണ്‍നമ്പരിലും www.ulccsltd.comhttp://www.ulccsltd.com എന്ന വെബ്‌സൈറ്റിലും ലഭിക്കും.