ഊരാളുങ്കല്‍ വിമാനത്താവള-തുറമുഖപദ്ധതികളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നു

Moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) ഹൈവേനിര്‍മാണവും അടിസ്ഥാനസൗകര്യവികസനവുംപോലുള്ള പദ്ധതികളില്‍നിന്നു റെയില്‍വേയുമായും വിമാനത്താവളവുമായും തുറമുഖവുമായും ബന്ധപ്പെട്ട പദ്ധതികളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യുഎല്‍സിസിഎസ്‌ ചീഫ്‌ ഓപ്പറേറ്റീവ്‌ ഓഫീസര്‍ (സിഒഒ) അരുണ്‍ ബാബൂ ഇക്കണോമിക്‌ ടൈംസ്‌ ഇന്‍ഫ്രയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇത്തരം പ്രോജക്ടുകളുമായി ബന്ധപ്പെട്ട്‌, പ്രത്യേകിച്ച്‌ റെയില്‍വേ, വിമാനത്താവളം, ടണലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ പങ്കാളികളാക്കാന്‍ പറ്റുന്നവരുമായും പ്രീ-ക്വാളിഫിക്കേഷന്‍ നിബന്ധനകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സമാനചിന്താഗതിക്കാരായ പങ്കാളികളുമായും ചര്‍ച്ച നടത്തുന്നുണ്ട്‌. കേരളത്തിനുപുറത്തേക്കു സാന്നിധ്യം വ്യാപിപ്പിക്കാനും ആലോചിക്കുന്നു.

പ്രീഫാബ്രിക്കേറ്റഡ്‌ നിര്‍മാണഘടകങ്ങള്‍, യന്ത്രവല്‍കൃതനിര്‍മിതികള്‍, സ്‌കാഫോള്‍ഡിങ്‌ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ രംഗത്തായിരിക്കും കേരളത്തിനു പുറത്തേക്കു സാന്നിധ്യം വ്യാപിപ്പിക്കുക. ഇവയുടെ കാര്യത്തിലാവുമ്പോള്‍ ജോലികള്‍ പ്രാദേശികസാമൂഹികഘടകങ്ങള്‍ക്കു പ്രാധാന്യമുള്ളരീതിയില്‍ നിര്‍വഹിക്കാന്‍ കഴിയും. എന്റര്‍പ്രൈസ്‌ റിസോഴ്‌സ്‌ പ്ലാനിങ്ങും (ഇആര്‍പി) ബില്‍ഡിങ്‌ ഇന്‍ഫര്‍മേഷന്‍ മോഡലിങ്ങും (ബിഐഎം) പോലുള്ള സൊലൂഷനുകള്‍ വഴി പ്രൊപ്രൈറ്ററി ടെക്‌നോളജിക്കല്‍ സൊലൂഷനുകളിലൂടെ ഇടപാടുകാര്‍ക്കു പ്രിസിഷന്‍ അധിഷ്‌ഠിത ഡിസൈനുകള്‍ ലഭ്യമാക്കാന്‍ യുഎല്‍സിസിഎസിനു കഴിഞ്ഞിട്ടൂണ്ട്‌. വൈദഗ്‌ധ്യമുള്ള തൊഴിലാളികളുടെ കുറവുമൂലം നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള ഡിസൈനിന്റെയും ഓട്ടോമേഷന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന്‌ അരുണ്‍ ബാബു ഇക്കണോമിക്‌ ടൈംസ്‌ ഇന്‍ഫ്രയോടു പറഞ്ഞു. അതനുസരിച്ചാണു ഭാവിസംരംഭങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎല്‍സിസിഎസ്‌ ഒരു യു-സ്‌ഫിയര്‍ ആരംഭിച്ചിട്ടുണ്ട്‌. ഒരു മുന്‍നിരസംരംഭമാണിത്‌. സുസ്ഥിരനിര്‍മാണത്തിനും സാങ്കേതികവിദ്യാസംയോജനത്തിനും ഓട്ടോമേഷനും സമര്‍പ്പിതമായ ഒരു സംരംഭമാണിത്‌. ഹൈവേകളും പാലങ്ങളും, ഭവനപദ്ധതികളും പൊതുഅടിസ്ഥാനസൗകര്യങ്ങളും ഉള്‍പ്പെടുന്ന വന്‍കിടപദ്ധതികള്‍തന്നെയായിരിക്കും മുഖ്യപ്രവര്‍ത്തനമേഖല. സുസ്ഥിരതയും ഈടും വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി കേന്ദ്ര റോഡ്‌ ഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (സി.ആര്‍.ആര്‍.ഐ) പോലുള്ള പ്രമുഖസ്ഥാപനങ്ങളുമായി യുഎല്‍സിസിഎസ്‌ സഹകരിച്ചുവരികയാണ്‌.

കേന്ദ്രസര്‍ക്കാരിന്റെ മുന്‍നിരപദ്ധതിയായ ഭാരത്‌മാല പരിയോജനയുടെ ഒരു പ്രധാനഭാഗമായ ദേശീയപാതാപദ്ധതിയില്‍ 39കിലോമീറ്റര്‍ തലപ്പാടി-ചെങ്ങള സെക്ഷന്റെ നിര്‍മാണം നടത്തിവരികയാണു യുഎല്‍സിസിഎസ്‌ ഇപ്പോള്‍. നിര്‍മാണം പൂര്‍ത്തിയാകാറായി. 24 കിലോമീറ്ററുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്‌ പദ്ധതി, വയനാട്‌ സമഗ്രടൗണ്‍ഷിപ്പ്‌ പദ്ധതി, പുന്നപ്പുഴ നദീപുനരുജ്ജീവനപദ്ധതി തുടങ്ങിയവയും യുഎല്‍സിസിഎസ്‌ നിര്‍മാണം ഏറ്റെടുത്ത പദ്ധതികളാണ്‌. വെള്ളപ്പൊക്കസാധ്യതാപ്രദേശത്ത്‌ അതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ പരഹിരിക്കപ്പെടുംവിധമാണ്‌ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്‌പദ്ധതി രൂപകല്‍പന ചെയ്‌തിട്ടുള്ളത്‌. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ഭവനരഹിതരായ 410പേര്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള സമഗ്രമായ ടൗണ്‍ഷിപ്പ്‌ പ്രോജക്ടാണു വയനാട്ടിലെത്‌.പുന്നപ്പുഴനദീപുനരുജ്ജീവനപദ്ധതി 200കോടിരൂപയുടെ പ്രോജക്ടാണ്‌. ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ നീക്കി പാരിസ്ഥിതികസംന്തുലനം പുനസ്ഥാപിക്കുംവിധമാണ്‌ പുന്നപ്പുഴ പദ്ധതി.

 

Moonamvazhi

Authorize Writer

Moonamvazhi has 467 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!