മൂന്നു തവണ നിയന്ത്രണം റദാക്കിയ ഉത്തരവിനു സ്റ്റേ
വായ്പ സഹകരണസംഘങ്ങളിൽ ആരും തുടർച്ചയായി മൂന്നു തവണയിലേറെ ഭരണ സമിതി യംഗങ്ങൾ ആകരുത് എന്നു സഹകരണഭേദഗതി നിയമത്തിൽ കൊണ്ടുവന്ന വ്യവസ്ഥ റദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നേരത്തെ ഒരുകൂട്ടം ഹർജികൾ ഒരുമിച്ചു പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് മൂന്നുതവണ നിയന്ത്രണം റദാക്കിയത്. ഇതേ തുടർന്ന് 2024ഡിസംബർ 31നു പ്രാബല്യത്തിൽ വരുത്തിയ ചട്ടങ്ങളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും സർക്കാർ സിംഗിൾ ബെഞ്ച് വിധിക്ക് എതിരെ അപ്പീൽ നൽകിയിരുന്നു. അതിലാണ് ഇടക്കാല സ്റ്റേ അനുവദിക്കപ്പെട്ടിട്ടുള്ളത്. ജസ്റ്റിസുമാരായ അമിത് റാ വലും കെ വി ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് സ്റ്റേ അനുവദിച്ചത്. ഇനി ഉത്തരവുകൾ വരും വരെയാണ് സ്റ്റേ. ഭരണഘടനയുടെ 43 ബി വകുപ്പിനോട് പൊരുത്തപ്പെടാത്തതും വിവേചനപരവുമാണ് എന്ന കാരണത്താലാണ് സിംഗിൾ ബെഞ്ച് മൂന്നു തവണയിലേറെ തുടർച്ചയായി സംഘം ഭരണസമിതിയംഗം ആകരുതെന്ന വ്യവസ്ഥ റദാക്കിയത്.എന്നാൽ സഹകരണ സംഘങ്ങൾക്ക് 19(1)സി വകുപ്പ് പ്രകാരം സ്വയംഭരണാവകാശം ഉണ്ടെങ്കിലും,അതു ഭരണ സമിതിയിലേക്ക് മത്സരിക്കാൻ എണ്ണമറ്റ അവസരങ്ങൾ നൽകുന്ന വിധത്തിലുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്നു അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു.വായ്പവിതരണം കൈകാര്യം ചെയ്യുന്ന വായ്പസംഘങ്ങളെ ഉദ്ദേശിച്ചാണ് തവണനിയന്ത്രണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായി. സഹകരണസംഘം നിയമത്തിൽ മറ്റു പല ഭേദഗതികൾക്കും എതിരെയും റിട്ട് ഹർജികൾ ഉണ്ടെന്നും അപ്പീലുകൾ നീങ്ങുകയാണെന്നും അറിയിക്കപ്പെട്ടിട്ടുണ്ടെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.വിവിധ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഷെഡ്യൂൾ ചെയ്യുകയോ ഭേദഗതി ചെയ്ത വ്യവസ്‌ഥ പ്രകാരം നടക്കാൻ സാധ്യത ഉള്ളതോ ആയ സാഹചര്യം കണക്കിലെടുത്തു ഇടക്കാല നടപടി എന്ന നിലയിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് ഇനി ഉത്തരവുകൾ വരുംവരെ ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഭേദഗതി ചെയ്യപ്പെടാത്ത വ്യവസ്ഥകൾ പ്രകാരം എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അവയ്ക്കു പ്രശ്നമില്ലെന്നും ഉത്തരവിലുണ്ട്.