ടിഡിഎസ്: ഇളവുള്ള സംഘങ്ങള്‍ക്കു പിടിച്ച തുക തിരിച്ചുകൊടുക്കാം – കേരളബാങ്ക്
സഹകരണസംഘങ്ങളുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയില്‍നിന്നു ടിഡിഎസ് പിടിക്കുമെന്ന അറിയിപ്പ് കേരളബാങ്ക് ശാഖകള്‍ സംഘങ്ങള്‍ക്ക് അയച്ചു തുടങ്ങിയതിനിടെ, ടിഡിഎസ് പിടിക്കുന്നതില്‍നിന്ന് ഇളവിന് അര്‍ഹത നേടി ഏതെങ്കിലും സംഘങ്ങള്‍ ഉത്തരവു സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അവയ്‌ക്കു പിടിച്ച തുക തിരിച്ചുകൊടുക്കാമെന്ന കാര്യം കൂടി ചേര്‍ത്ത് പുതിയ കത്ത് അയച്ചുതുടങ്ങി. കേരളബാങ്കിന്റെ ഗവണ്‍മെന്റ് ബിസിനസ് ടീം ജനറല്‍ മാനേജരുടെ നിര്‍ദേശപ്രകാരമാണിത്.

ഒക്ടോബര്‍ 25മുതല്‍ ടിഡിഎസ് പിടിക്കുമെന്നാണു കേരളബാങ്ക് ശാഖാമാനേജര്‍മാര്‍ സംഘംപ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അയക്കുന്ന അറിയിപ്പിലുള്ളത്. ആദായനികുതിനിയമത്തിലെ 194എ(3)(വി) പ്രകാരം സംഘങ്ങള്‍ കേരളബാങ്കില്‍ നടത്തന്ന നിക്ഷേപങ്ങളുടെ പലിശക്ക് പത്തുശതമാനം (പാന്‍ഇതരമെങ്കില്‍ 20ശതമാനം) നികുതി ഈടാക്കി 2020 ഏപ്രില്‍ ഒന്നുമുതല്‍ അടക്കേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു. കേന്ദ്രപ്രത്യക്ഷനികുതിബോര്‍ഡിന്റെ 19/2015 സര്‍ക്കുലര്‍ പ്രകാരം ഒരു സംഘം മറ്റൊരുസംഘത്തില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശക്കു നികുതി പിടിച്ചിരുന്നില്ല. പക്ഷേ, 2020ലെ ഫിനാന്‍സ് നിയമഭേദഗതിപ്രകാരം 2020 ഏപ്രില്‍മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ആദായനികുതിവകുപ്പിനു ടിഡിഎസ് അടക്കണം. അതുപ്രകാരം ടിഡിഎസ് പിടിക്കുന്നതിനെതിരെ സംഘങ്ങള്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വിധിയായിട്ടുണ്ട്. അതനുസരിച്ച്, കേരളബാങ്കിന്റെ വിറ്റുവരവ് 50കോടിയധികമായതിനാല്‍ സംഘങ്ങളുടെ കേരളബാങ്കിലുള്ള നിക്ഷേപങ്ങള്‍ക്കു കിട്ടുന്ന പലിശ അരലക്ഷം രൂപയിലധികമായാല്‍ 2025 ഒക്ടോബര്‍ 25മുതല്‍ ടിഡിഎസ് ഈടാക്കേണ്ടതുണ്ട്. (2025 ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കുന്ന പലിശക്കായിരിക്കും ഇതു ബാധകം) അതുകൊണ്ട് ഒക്ടോബര്‍ 25മുതല്‍ സംഘത്തിനു കിട്ടുന്ന പലിശക്കു ടിഡിഎസ് പിടിക്കുമെന്നാണ് നേരത്തേ നല്‍കിയിരുന്ന അറിയിപ്പിലുള്ളത്. ഇക്കാര്യത്തോടൊപ്പം, ടിഡിഎസ് പിടിക്കുന്നതില്‍നിന്ന് ഇളവുകിട്ടാന്‍ അര്‍ഹത ലഭിക്കുന്ന ഏതെങ്കിലും ഉത്തരവു കൈയിലുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അത്തരം പെന്റിങ് കേസുകളില്‍ ബാങ്ക് ടിഡിഎസ് പിടിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കുമെന്നുമുള്ള കാര്യംകൂടി ചേര്‍ത്താണു പുതിയ അറിയിപ്പ്.
പുതിയ കത്ത് ശാഖാമാനേജര്‍മാരെക്കൊണ്ട് ഒപ്പിടുവിച്ച് ശാഖയില്‍ നിക്ഷേപമുള്ള എല്ലാ സംഘങ്ങള്‍ക്കും നല്‍കണമെന്നു കേരളബാങ്കിന്റെ ജിബിടി വിഭാഗം ജനറല്‍ മാനേജര്‍ ബാങ്കിന്റെ റീജിയണല്‍ മാനേജര്‍മാര്‍ക്കും വായ്‌പ പ്രോസസിങ് കേന്ദ്രങ്ങളുടെ മേധാവികള്‍ക്കും അയക്കുന്നുണ്ട്. ടിഡിഎസ് പിടിക്കുന്നതിന് ഇളവനുവദിച്ച ഉത്തരവുമായി വരുന്നവരില്‍നിന്ന് ഉത്തരവിന്റെ വിവരങ്ങള്‍ വാങ്ങിയശേഷം ടിഡിഎസ് (പിടിച്ചിട്ടുണ്ടെങ്കില്‍) തിരിച്ചുകൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി കോടതിഉത്തരവിലുള്ള കേസ് നമ്പരുകളില്‍പെട്ട സംഘങ്ങളുടെ പട്ടിക ജനറല്‍ മാനേജരുടെ കത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആ സംഘങ്ങള്‍ക്കു ടിഡിഎസ് ഇളവുമായി ബന്ധപ്പെട്ടു മറ്റുകേസുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ കേരളബാങ്ക് ആസ്ഥാനത്ത് അറിയിക്കണം. സംഘങ്ങളുടെ പട്ടിക ശാഖാതലത്തില്‍ വേര്‍തിരിച്ച് ഓരോ ശാഖക്കും നല്‍കാനും ജനറല്‍ മാനേജര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

