ടിഡിഎസ്‌: വേണ്ടിവന്നാല്‍ സുപ്രീംകോടതിവരെ പോകും – മന്ത്രി വാസവന്‍

Moonamvazhi
50കോടിയില്‍പരം വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ടിഡിഎസ്‌ പിടിക്കണമെന്ന വിധിക്കെതിരെ വേണ്ടിവന്നാല്‍ സുപ്രീംകോടതിവരെ പോകുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. തൃശ്ശൂരില്‍ സംസ്ഥാനസഹകരണയൂണിയന്റെ സഹകരണവാരാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടിഡിഎസ്‌ പിടിക്കണമെന്ന സിംഗിള്‍ബെഞ്ച്‌ വിധി ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ ചെയ്‌തിട്ടുണ്ട്‌. കേരളബാങ്ക്‌ ടിഡിഎസ്‌ പിടിക്കാനെടുത്ത നടപടികള്‍ നിര്‍ത്തിവച്ചിട്ടുമുണ്ട്‌. ഡിവിഷന്‍ബെഞ്ച്‌ സ്റ്റേ ഒഴിവാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരും സഹകരണയൂണിയനും വായ്‌പാസഹകരണസംഘങ്ങളും ഐക്യത്തോടെ നീങ്ങണം. യോജിച്ചു പോരാടണം. വികസിതഭാരതപദ്ധതിയുടെ രണ്ടാംഎഞ്ചിന്‍ സഹകരണമായിരിക്കുമെന്നാണു കേന്ദ്രനയം പറയുന്നത്‌. പക്ഷേ, ഇന്ത്യയിലെ മൊത്തം സഹകരണനിക്ഷേപത്തിന്റെ 71ശതമാനവും കേരളത്തിലാണെന്നിരിക്കെ കേരളത്തിലെ നിക്ഷേപത്തില്‍ കണ്ണുവച്ചാണു കേന്ദ്രനീക്കം. അതുകൊണ്ടാണു നിക്ഷേപങ്ങളുടെ മുഴുവന്‍ വിവരവും കേന്ദ്രഡാറ്റാബാങ്കിലേക്കു കൊടുക്കാന്‍ ആവശ്യപ്പെടുന്നത്‌. സഹകരണത്തെ സംസ്ഥാനവിഷയമായി അംഗീകരിച്ചും കേന്ദ്രം കൈകടത്തുന്നതു തടഞ്ഞുമുള്ള സുപ്രീംകോടതിവിധിക്കുശേഷവും കേന്ദ്രാനുകൂലനിയമഭേദഗതിക്കു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. മള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘങ്ങളിലൂടെ കേന്ദ്രത്തിന്റെ കൈകള്‍ ശക്തമാക്കുന്നതിനനുകൂലമായ ഭൂരിപക്ഷവിധിക്കെതിരായി ജസ്റ്റിസ്‌ കെ.എം.ജോസഫിന്റെ വിയോജനവിധിയുണ്ട്‌. അതിന്റെ ചുവടുപിടിച്ചാണു സംസ്ഥാനസര്‍ക്കാര്‍ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
പി. ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ മുരളി പെരുനെല്ലി, യു.ആര്‍.പ്രദീപ്‌, സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു, മുന്‍ആസൂത്രണബോര്‍ഡംഗം സി.പി. ജോണ്‍, തൃശ്ശൂര്‍ മേയര്‍ ഡോ. നിജി ജസ്‌റ്റിന്‍, തൃശ്ശൂര്‍ ജില്ലാപഞ്ചായത്തുപ്രസിഡന്റ്‌ മേരി തോമസ്‌, സംസ്ഥാനസഹകരണയൂണിയന്‍ പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണന്‍നായര്‍, പ്രാഥകികാര്‍ഷികസഹകരണസംഘങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്റ്‌ പി. ഹരീന്ദ്രന്‍, സഹകരണഓഡിറ്റ്‌ ഡയറക്ടര്‍ എം.എസ്‌.ഷെറിന്‍, കൊച്ചിദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. രീവന്ദ്രന്‍,, സര്‍ക്കിള്‍ സഹകരണയൂണിയനുകളുടെ ചെയര്‍പേഴ്‌്‌സണ്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 839 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!