ടാക്സിസഹകരണസംഘം: എന്‍സിഡിസി രൂപരേഖ തയ്യാറാക്കി
ഊബര്‍, ഒലെ മാതൃകയില്‍ ടാക്‌സിവാഹനഡ്രൈവര്‍മാര്‍ക്കായി കേന്ദ്രസഹകരണമന്ത്രാലയം മുന്‍കൈയെടുത്തു നടപ്പാക്കുന്ന ടാക്‌സിവാഹനസഹകരണസംരംഭത്തിന്റെ വിശദരൂപരേഖ ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍സിഡിസി) തയ്യാറാക്കി. കഴിഞ്ഞദിവസം കേന്ദ്രസഹകരണമന്ത്രാലയ സെക്രട്ടറി ആഷിഷ്‌കുമാര്‍ ഭൂട്ടാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ എന്‍സിഡിസി അധികൃതര്‍ ഇതിന്റെ വിശദവിവരങ്ങള്‍ അവതരിപ്പിച്ചു. സംരംഭത്തില്‍ ഏതൊക്കെ വിഭാഗങ്ങളെ പങ്കാളികളാക്കും, എന്തൊക്കെയാണു ലക്ഷ്യങ്ങള്‍ എന്നൊക്കെ അവര്‍ വിശദമാക്കി. സഹകരണസംഘങ്ങളെ ഇതെങ്ങനെ ശക്തമാക്കുമെന്നും സുസ്ഥിരജീവിതമാര്‍ഗങ്ങള്‍ എങ്ങനെ പ്രദാനം ചെയ്യുമെന്നും വിശദീകരിച്ചു.
കേന്ദ്രസഹകരണമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി പങ്കജ്‌കുമാര്‍ ബന്‍സാല്‍ അടക്കം മന്ത്രാലയത്തിലെയും എന്‍സിഡിസിയിലെയും ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്തു. പദ്ധതി നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ വിവിധവിഭാഗങ്ങളുടെ പിന്തുണ എങ്ങനെ സജ്ജമാക്കും തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.താഴെത്തലത്തില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും ഉറപ്പുവരുത്താന്‍ സഹകരണമാതൃക ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.