സര്‍ച്ചാര്‍ജ് വ്യവസ്ഥകളില്‍ വ്യക്തതവരുത്തി സര്‍ക്കുലര്‍
സഹകരണനിയമപ്രകാരമുള്ള സര്‍ച്ചാര്‍ജ് വ്യവസ്ഥകള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തി. സഹകരണസംഘം രജിസ്‌ട്രാറുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ പതിമൂന്നിനു നടന്ന ജോയിന്റ് രജിസ്‌ട്രാര്‍മാരുടെ അവലോകനയോഗത്തിലെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണിത്. 37/90, 21/92, 49/13 നമ്പര്‍ സര്‍ക്കുലറുകളില്‍ വ്യക്തത വരുത്തി 47/2025 സര്‍ക്കുലര്‍ ഇറക്കുകയാണുണ്ടായത്.ഇതുപ്രകാരം നാലുസാഹചര്യങ്ങളില്‍ 68(1) വകുപ്പുപ്രകാരം നഷ്ടോത്തരവാദിത്തം നിര്‍ണയിക്കാന്‍ ഉത്തരവിറക്കാം. ഓഡിറ്റില്‍ സംഘംപ്രവര്‍ത്തനത്തില്‍ ഗുരുതരക്രമക്കേടുകളും ധനദുര്‍വിനിയോഗവും മന:പൂര്‍വഅനാസ്ഥയുംമൂലം നഷ്ടമോ ആസ്‌തിശോഷണമോ ഉണ്ടായെന്നു റിപ്പോര്‍ട്ടു കിട്ടിയാല്‍ ഉത്തരവാദിത്തം നിര്‍ണയിക്കാന്‍ ഉത്തരവിറക്കാം. സഹകരണചട്ടം 66ലെ നടപടിക്രമങ്ങള്‍ പാലിച്ച് 65/66(2),66(2എ) പ്രകാരം സംഘത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സാമ്പത്തികസ്ഥിതിയെയുംപറ്റി നടത്തിയ അന്വേഷണം/ പരിശോധന/ ടീംപരിശോധന എന്നിവയില്‍ ഗുരുതരസാമ്പത്തികക്രമക്കേടും പണാപഹരണവും സാമ്പത്തികത്തിരിമറിയും മൂലം സംഘത്തിന് നഷ്ടമോ ആസ്‌തിശോഷണമോ ഉണ്ടായെന്നു റിപ്പോര്‍ട്ടുകിട്ടിയാലും ഈ ഉത്തരവിറക്കാം. 66(2എ) പ്രകാരമുള്ള ടീം പരിശോധനയില്‍ 66(2ബി) പ്രകാരമുള്ള നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ലിക്വിഡേഷന്‍ നടപടി നടക്കവെ നഷ്ടമോ ആസ്‌തിശോഷണമോ ഉണ്ടായെന്നതുസംബന്ധിച്ച ഉത്തരവിന്‍മേലും ഉത്തരവാദിത്തം നിര്‍ണയിക്കാന്‍ ഉത്തരവിറക്കാം. നഷ്ടമോ ആസ്‌തിശേഷമോ ഉണ്ടായെന്ന സഹകരണവിജിലന്‍സ് റിപ്പോര്‍ട്ടിലും ഈ ഉത്തരവിറക്കാം.

ഉത്തരവ് ആര്‍ക്കൊക്കെ എതിരായി നിര്‍ണയിക്കാം എന്നതിലും വ്യക്തത വരുത്തി. സംഘംനിയമാവലിപ്രകാരം ഭരണച്ചുമതല ഏല്‍പിക്കപ്പെട്ടവര്‍, ബന്ധപ്പെട്ട കാലത്തെ ഭരണസമിതിയംഗങ്ങള്‍, ചീഫ് എക്‌സിക്യൂട്ടീവോ സെക്രട്ടറിയോ ഓഫീസറോ ജീവനക്കാരനോ ആയിരുന്നയാള്‍ എന്നിവര്‍ക്കെതിരെ നഷ്ടോത്തരവാദിത്തം നിര്‍ണയിക്കാം. സംഘംരേഖകളും കണക്കും പണവും സ്വത്തും സൂക്ഷിക്കേണ്ടതും സുരക്ഷിതമാക്കേണ്ടതും ഭരണസമിതിയായതിനാലാണ് അവര്‍ക്കെതിരെ വ്യക്തപരമായും കൂട്ടായും നഷ്ടോത്തരവാദിത്തം നിര്‍ണയിക്കാന്‍ വ്യവസ്ഥ. ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നുണ്ടോ എന്നു നോക്കേണ്ടതും ഭരണസമിതിയായതിനാലാണ് നാശനഷ്ടങ്ങള്‍ക്കും സാമ്പത്തികനഷ്ടങ്ങള്‍ക്കും അവര്‍ക്കു വ്യക്തിപരമായും കൂട്ടായും ബാധ്യത വരുന്നത്.രജിസ്‌ട്രാര്‍ക്കു നേരിട്ടോ ക്രമപ്രകാരം ചുമതലപ്പെടുത്തിയ ഓഫീസര്‍വഴിയോ നഷ്ടോത്തരവാദം നിര്‍ണയിക്കാനുള്ള അന്വേഷണം നടത്താം.ചട്ടം 66(7) പ്രകാരമുള്ള ഉത്തരവിലെ നടപടിക്രമങ്ങള്‍ പാലിച്ചു യഥാസമയം യഥാസമയം നഷ്ടോത്തരവാദറിപ്പോര്‍ട്ടു സമര്‍പ്പിക്കണം. വ്യക്തിഗതബാധ്യത തിട്ടപ്പെടുത്താന്‍ രേഖകള്‍ സംഘത്തില്‍നിന്നു കണ്ടെടുക്കാനായില്ലെങ്കില്‍ ബാധ്യത അക്കാലത്തെ ചീഫ് എക്‌സിക്യൂട്ടീവിനും/ സെക്രട്ടറിക്കും ഭരണസമിതിയംഗങ്ങള്‍ക്കും തുല്യമായി വീതിക്കണം. താഴെപറയുന്നവ റിപ്പോര്‍ട്ടിലുണ്ടാകണം: സംഘത്തിന്റെ പേര്, ക്ലിപ്‌തം നമ്പര്‍, മേല്‍വിലാസം, അന്വേഷണഉത്തരവുനമ്പര്‍, തിയതി, അന്വേഷണോഫീസറുടെ പേര്, തസ്‌തിക, കാലാവധി, ഏതറിപ്പോര്‍ട്ടിലും ഏതുസാഹചര്യത്തിലുമാണു അന്വേഷണോത്തരവു പുറപ്പെടുവിച്ചതെന്ന കാര്യം, അതില്‍ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍, ക്രമക്കേടുകള്‍, അതിലൂടെ സ്ഥാപനത്തിനുണ്ടായ നഷ്ടത്തുകയുടെ വിവരങ്ങള്‍, നിലവിലുള്ള നഷ്ടത്തുക, നഷ്ടോത്തരവാദികളുടെ പേര്, മേല്‍വിലാസം, വ്യക്തിപരമായി ഓരോരുത്തരില്‍നിന്നും ഈടാക്കേണ്ട തുകകളുടെ പട്ടിക, നിഗമനത്തിനു സ്വീകരിച്ച മാനദണ്ഡങ്ങള്‍, അന്വേഷണോഫീസര്‍ക്ക് അനിവാര്യമെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും സംഘത്തില്‍ അവരുമായി ബന്ധപ്പെട്ട് ആരോപിതമായ ക്രമക്കേടുകളില്‍ അവര്‍ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് തേടിയ വിശദീകരണത്തിന് അവര്‍ നല്‍കിയ മറുപടി, അന്വേഷണോഫീസറുടെ കണ്ടെത്തല്‍, ഓരോരുത്തരുടെയും നഷ്ടോത്തരവാദിത്തം, അവരുടെ വീഴ്‌ചകള്‍, വ്യക്തികള്‍ക്കു ക്രമക്കേടുകള്‍ക്കു പൂര്‍ണഉത്തരവാദിത്തവും പങ്കാളിത്തവും ഉണ്ടോ എന്ന കാര്യം, ഉണ്ടെങ്കില്‍ എത്രത്തോളമെന്ന കാര്യം, അതില്‍ ഭരണസമിതിക്ക് അറിവോ സമ്മതമോ ഉണ്ടായിരുന്നോ എന്ന കാര്യം, ഏതുതിയതിമുതല്‍ ഏതുതിയതിവരെയുള്ള തുകയും പലിശയുമാണ് ഈടാക്കേണ്ടതെന്ന കാര്യം, അന്വേഷണത്തിനു കാരണമായ റിപ്പോര്‍ട്ടുപ്രകാരം നഷ്ടപ്പെട്ടെന്നു കണ്ടെത്തിയതിലൂടെ ഈടാക്കേണ്ട തുക, ഈടാക്കാന്‍ ബാക്കിയുള്ള തുക, മറ്റെന്തെങ്കിലും ചെലവു സംബന്ധിച്ച വിവരങ്ങള്‍ (ഇവ മൂന്നും പട്ടികയായി നല്‍കണം), രേഖകളും തെളിവുകളും ആവശ്യപ്പെട്ടിട്ടു കിട്ടാതെ പോയോ എന്ന കാര്യം, സഹകരണനിയമത്തിനും ചട്ടത്തിനു സംഘം നിയമാവലിക്കും വിരുദ്ധമായ സംഘത്തിന്റെ പണം ചെലവഴിച്ചോഎന്ന കാര്യം, സംഘത്തിനു നഷ്ടം വരുത്തിയത് എപ്രകാരമാണെന്ന കാര്യം, അതു മന:പൂര്‍വമായിരുന്നോ എന്ന കാര്യം, വിവിധഇനങ്ങളില്‍ സംഘത്തിനു നഷ്ടപ്പെട്ടതും ഓരോഉത്തരവാദിയില്‍നിന്നും ഈടാക്കേണ്ടതുമായ തുകകള്‍ ഇനംതിരിച്ചു പേരും തസ്‌തികയും മേല്‍വിലാസവും ഉള്‍പ്പെടെ തയ്യാറാക്കിയ സംക്ഷിപതം. – ഇത്രയും കാര്യങ്ങളാണു റിപ്പോര്‍ട്ടിലുണ്ടായിരിക്കേണ്ടത്.

അന്വേഷണാധാരറിപ്പോര്‍ട്ടില്‍ പറയുന്ന തെളിവുരേഖകള്‍ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടേ റിപ്പോര്‍ട്ടു കൊടുക്കാവൂ. അവയ്‌ക്കു പുറമെ വേറെ രേഖകളും തെളിവുകളും വേണമെങ്കില്‍ അതു റിപ്പോര്‍ട്ടില്‍ പറയണം.ആ രേഖയോ തെളിവോ കിട്ടിയില്ലെങ്കില്‍ അതും റിപ്പോര്‍ട്ടില്‍ പറയണം.
ബന്ധപ്പെട്ടവര്‍ തങ്ങളുടെയോ സാക്ഷികളുടെയോ മൊഴി രേഖപ്പെടുത്തി തെളിവെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പരിഗണിക്കണം.
അന്വേഷണാധാരറിപ്പോര്‍ട്ടില്‍ കണ്ട നഷ്ടങ്ങള്‍ക്കു നഷ്ടോത്തരവാദിത്തം നിര്‍ണയിക്കാനേ അന്വേണഓഫീസര്‍ക്ക് അധികാരമുള്ളൂ. പുതിയ കണ്ടെത്തലോ നിരീക്ഷണങ്ങളോ ഉണ്ടെങ്കില്‍ പ്രത്യേകം നല്‍കണം. തുടര്‍ന്ന് നഷ്ടോത്തരനിര്‍ണയസാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കു വിധേയമായി സര്‍ചാര്‍ജ് നടപടി പൂര്‍ത്തിയാക്കണം.
നഷ്ടോത്തരവാദറിപ്പോര്‍ട്ടു കിട്ടിയാല്‍ രജിസ്‌ട്രാര്‍ നടപടിക്രമം പൂര്‍ത്തിയാക്കി സര്‍ച്ചാര്‍ജ്‌ഉത്തരവിറക്കണം.ആരോപിതര്‍ക്കു നോട്ടീസ് കൊടുത്ത് അവര്‍ക്കു പറയാനുള്ളതു കേട്ടിട്ടേ വ്യക്തിഗതസര്‍ച്ചാര്‍ജ് ഉത്തരവിറക്കാവൂ. ഇതിറക്കിയ സാഹചര്യവും തെളിവും റിപ്പോര്‍ട്ടില്‍ വേണം. സര്‍ചാര്‍ജ് ഉത്തരവ് ബന്ധപ്പെട്ടവര്‍ വ്യക്തിപരമായി കൈപ്പറ്റിയ അന്നുമുതല്‍ 60ദിവസത്തിനകം അതു പൂര്‍ണമായി പാലിച്ചില്ലെങ്കില്‍ വകുപ്പ് 79 പ്രകാരം നടപടിയെടുത്തു തുക ഈടാക്കാം. ഉത്തരവിന്റെ കോപ്പി സംഘംപ്രസിഡന്റിനും ചീഫ് എക്‌സിക്യൂട്ടീവിനും/സെക്രട്ടറിക്കും അപ്പെക്‌സ് സ്ഥാപനത്തിനും ഫിനാന്‍സിങ് സ്ഥാപനത്തിനും അഫിലിയേറ്റ് ചെയ്‌ത സ്ഥാപനത്തിനും സംഘവുമായി ബന്ധമുള്ള അനുബന്ധസ്ഥാപനത്തിനും കൊടുക്കണം. നടപടിയെടുക്കുംമുമ്പു നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി പാലിച്ചെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.
2022 ജൂലൈ ഒന്നുമുതല്‍ വിരമിച്ചവര്‍ക്കു ക്ഷാമബത്തക്കുടിശ്ശികക്ക് അര്‍ഹത
സഹകരണസ്ഥാപനങ്ങളില്‍നിന്ന് 2022 ജൂലൈ ഒന്നുമുതല്‍ വിരമിച്ചവര്‍ക്കും ക്ഷാമബത്തക്കുടിശ്ശികക്ക് അര്‍ഹതയുണ്ടായിരിക്കും. ജീവനക്കാരുടെ ക്ഷാമബത്തക്കാര്യത്തില്‍ രജിസ്‌ട്രാര്‍ പുറപ്പെടുവിച്ച 39/2025 സര്‍ക്കുലര്‍ പ്രകാരമാണിത്. ഇതുസംബന്ധിച്ച ഒരു സംശയനിവാരണഅപേക്ഷക്കുള്ള മറുപടിയായി അറിയിച്ചതാണിക്കാര്യം.
സഹകരണജീവനക്കാര്‍ക്കു മുന്‍ഗണനാറേഷന്‍കാര്‍ഡ് ഇല്ലെന്ന് ഉറപ്പാക്കണം
സഹകരണജീവനക്കാര്‍ക്കാര്‍ക്കും മുന്‍ഗണനാറേഷന്‍കാര്‍ഡ് ഇല്ലെന്ന് ഉറപ്പാക്കണമെന്നു സര്‍ക്കുലര്‍ ((45/2025). സംസ്ഥാന, പ്രാഥമികസഹകരണസംഘങ്ങള്‍/ ബാങ്കുകള്‍/ അപ്പെക്‌സ് സംഘങ്ങള്‍/ ബോര്‍ഡുകള്‍ എന്നിവയിലെ ജീവനക്കാരുടെ റേഷന്‍കാര്‍ഡുകള്‍ പരിശോധിച്ച് ആര്‍ക്കെങ്കിലും മുന്‍ഗണനാവിഭാഗത്തില്‍ കാര്‍ഡുണ്ടെങ്കില്‍ ആ വിഭാഗത്തില്‍നിന്നു മാറ്റാന്‍ നിര്‍ദേശിക്കണം. മാറ്റിയില്ലെങ്കില്‍ താലൂക്ക് സപ്ലൈഓഫീസില്‍ രേഖാമൂലം അറിയിക്കണം. ജോലിക്കാര്യം മറച്ചുവച്ചോ അബദ്ധത്തിലോ ആരെങ്കിലും മുന്‍ഗണനാപ്പട്ടികയില്‍ വന്നിട്ടുണ്ടെങ്കില്‍ റേഷന്‍കാര്‍ഡുനമ്പര്‍ സഹിതം താലൂക്ക് സപ്ലൈഓഫീസറെ അറിയിക്കണം. ജീവനക്കാര്‍ റേഷന്‍കാര്‍ഡ് ഇല്ല എന്ന് അറിയിച്ചാല്‍ അവരുടെ സത്യവാങ്‌മൂലം വാങ്ങി പരിശോധനക്കായി താലൂക്ക് സപ്ലൈഓഫീസര്‍ക്കു നല്‍കണം. സ്ഥാപനത്തിന്റെ സെക്രട്ടറിമാരും ചീഫ് എക്‌സിക്യൂട്ടീവുമാരും മാനേജിങ് ഡയറക്ടര്‍മാരുമാണ് ഇക്കാര്യങ്ങള്‍ ചെയ്യേണ്ടത്. സഹകരണപെന്‍ഷന്‍കാരുടെയും കുടുംബപെന്‍ഷന്‍കാരുടെയും കാര്യത്തില്‍ പെന്‍ഷന്‍ബോര്‍ഡുദ്യോഗസ്ഥര്‍ കാര്‍ഡുപരിശോധിച്ചു മുന്‍ഗണനാകാര്‍ഡുള്ളവരെപ്പറ്റി കാര്‍ഡുനമ്പര്‍സഹതിതം താലൂക്ക് സപ്ലൈഓഫീസര്‍മാരെ അടിയന്തരമായി അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

