കേന്ദ്രഓണ്‍ലൈന്‍ ടാക്‌സിസഹകരണസംരംഭം: സാങ്കേതികവിദ്യാപങ്കാളിത്തത്തിനു പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
ഓണ്‍ലൈന്‍ യാത്രാസേവനസംരംഭങ്ങളായ ഊബറിന്റെയും ഒലെയുടെയുമൊക്കെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സിസഹകരണസംരംഭത്തിന്റെ (സഹകാര്‍ ടാക്‌സി) സാങ്കേതികവിദ്യാപങ്കാളിത്തത്തിനുള്ള പ്രൊപ്പോസലുകള്‍ (റിക്വസ്‌റ്റ് ഫോര്‍ പ്രൊപ്പോസല്‍ – ആര്‍എഫ്‌പി) ക്ഷണിച്ചു. ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍സിഡിസി) ആണ് ആര്‍പിഎഫ് ക്ഷണിച്ചിട്ടുള്ളത്. സുരക്ഷിതമായും ഉന്നതമികവോടെയും പ്രവര്‍ത്തിക്കുന്ന ടാക്‌സിഹെയ്‌ലിങ് ആപ്പ് രൂപകല്‍പനചെയ്‌തു വികസിപ്പിച്ച് നടപ്പാക്കല്‍ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെമ്പാടുമുള്ള സഹകരണസംഘങ്ങളാല്‍ മാനേജ് ചെയ്യപ്പെടുന്ന ഡ്രൈവര്‍മാരുടെയും വാഹനഉടമകളുടെയും കൈവൈസി പ്ലാറ്റ്‌ഫോം രൂപകല്‍പന ചെയ്‌തു വികസിപ്പിച്ച് നടപ്പാക്കി സാങ്കേതികവിദ്യാപ്രവര്‍ത്തനങ്ങള്‍ നടത്തലും പദ്ധതിയിലുണ്ട്. ഡ്രൈവര്‍ രജിസ്‌ട്രേഷനും പ്രൊവിഷനിങ്ങും സാധ്യമാക്കുന്നതിനായി കെവൈസി പ്ലാറ്റുഫോമും ടാക്‌സിഹെയ്‌ലിങ് ആപ്ലിക്കേഷനും സംയോജിപ്പിക്കേണ്ടതുണ്ട്. ഡ്രൈവര്‍ ഓണ്‍ബോര്‍ഡിങ്, കസ്‌റ്റമര്‍ സപ്പോര്‍ട്ട്, നിബന്ധനകള്‍ പാലിക്കുന്നതിനുള്ള മേല്‍നോട്ടം, സാമ്പത്തികകാര്യനിര്‍വഹണം എന്നിവയടക്കം തുടക്കംമുതല്‍ അവസാനംവരെയുള്ള പ്രവര്‍ത്തനമാനേജ്‌മെന്റിനായുള്ള സാങ്കേതികവിദ്യാപ്ലാറ്റുഫോം തയ്യാറാക്കണം. ദീര്‍ഘകാല മെയിന്റനന്‍സും പുതിയ ഫീച്ചറുകള്‍ നടപ്പാക്കലും സുരക്ഷാപാച്ചുകള്‍ ഏര്‍പ്പെടുത്തലും എഐ അധിഷ്‌ഠിത സമ്പൂര്‍ണത കൈവരിക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്‌തു സിസ്റ്റം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കേണ്ടതുമുണ്ട്. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ബിഡ്ഡര്‍മാര്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കാം.
ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും വേഗത്തിലും എളുപ്പത്തിലുമുള്ള സുരക്ഷിതയാത്ര, യാത്ര ബുക്ക് ചെയ്യാന്‍ അതിവേഗത്തിലും എളുപ്പത്തിലുമുള്ള ആപ്പ്, വീട്ടുവാതില്‍ക്കല്‍ യാത്രാസേവനം എന്നിവയാണ് അവകാശപ്പെടുന്ന ഗുണങ്ങള്‍. ഒഎന്‍ഡിസി (ഡിജിറ്റല്‍ വ്യാപാരത്തിനുള്ള തുറന്ന ശൃംഖല – ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ്) മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആപ്പ് ആണ് വികസിപ്പിക്കുക. ടാക്‌സിഡ്രൈവര്‍മാര്‍ക്ക് സഹകരണസംഘം അംഗത്വവും ലാഭത്തിന്റെ പങ്കും നല്‍കി ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും ഉറപ്പാക്കാമെന്നാണു പ്രതീക്ഷ. ഏവര്‍ക്കും കുറഞ്ഞചെലവില്‍ വിശ്വസിക്കാവുന്ന യാത്രാസൗകര്യം ലഭ്യമാക്കലും ലക്ഷ്യമാണ്. യാത്ര ബുക്ക് ചെയ്യാനുള്ള ആപ്പുകള്‍, ജിപിഎസ് ട്രാക്കിങ് എന്നിവയ്‌ക്കായി സാങ്കേതികവിദ്യയെ കാര്യക്ഷമമായി ഉപയോഗിച്ച് ഇതു സാധ്യമാക്കും. സഹകരണമാതൃകയില്‍ ഇതു നടപ്പാക്കി കൂടുതല്‍ തൊഴിലവസരവും താഴെത്തലത്തില്‍ സാമ്പത്തികപുരോഗതിയും നേടാമെന്നും കരുതുന്നു.
ജൂണ്‍ 25നകം ടെണ്ടര്‍ സമര്‍പ്പിക്കണം. മെയ് 23നു മൂന്നുമണിക്ക് ന്യൂഡല്‍ഹിയിലെ എന്‍സിഡിസി ഓഫീസില്‍ പ്രീബിഡ് യോഗമുണ്ട്.സുസ്ഥാപിതവും മതിപ്പുമുള്ള വിവരസാങ്കേതികവിദ്യ/മൊബിലിറ്റി കമ്പനികള്‍ക്ക് അപേക്ഷിക്കാം. ശരാശരി 20കോടിരൂപ വാര്‍ഷികവിറ്റുവരവും 2021-22, 2022-23, 2023-24 സാമ്പത്തികവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പോസിറ്റീവ് നെറ്റ്‌വര്‍ത്തും ഉണ്ടായിരിക്കണം. 20കോടിയുടെ വിറ്റുവരവ് ഹാര്‍ഡ് വെയര്‍ വിതരണത്തില്‍നിന്നായാല്‍ പോരാ. സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കലും ഏര്‍പ്പെടുത്തലും മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കലും കസ്റ്റമര്‍ കെയറും ഐടി അടിസ്ഥാനസൗകര്യസേവനങ്ങളും ഒക്കെയായി ബന്ധപ്പെട്ട സേവനങ്ങളില്‍നിന്നായിരിക്കണം ഈ വിറ്റുവരവ്. ഒരു ബിഡ്ഡര്‍ മാത്രമായോ കണ്‍സോര്‍ഷ്യം ആയോ ആര്‍എഫ്‌പി സമര്‍പ്പിക്കാം. കണ്‍സോര്‍ഷ്യമാണെങ്കില്‍ മുഖ്യബിഡ്ഡര്‍ക്കാണു മേല്‍പറഞ്ഞ വിറ്റുവരവു മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കേണ്ടത്. ഒരുലക്ഷം യുണീക് യൂസര്‍മാരെങ്കിലുമുള്ളതും വലിയതോതില്‍ രജിസ്‌ട്രേഡ് യൂസര്‍മാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍/ സോഫ്‌റ്റുവെയറുകള്‍ (ആന്‍ഡ്രോയ്‌ഡും ഐഒഎസും) വികസിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചു നിലനിര്‍ത്തുന്നതില്‍ പരിചയമുള്ളവരായിരിക്കണം. ഇന്ത്യയില്‍ ഗതാഗതമേഖലയില്‍ ഒരു മൊബൈല്‍ ആപ്പ് എങ്കിലും വിജയകരമായി വികസിപ്പിച്ചു നിലനിര്‍ത്തി പ്രവര്‍ത്തിപ്പിച്ച മുന്‍പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കഴിഞ്ഞ ഏഴു സാമ്പത്തികവര്‍ഷത്തിനകം കേന്ദ്ര,സംസ്ഥാന,പൊതുമേഖലാ, സ്വയംഭരണ, പ്രമുഖസ്വകാര്യമേഖലാസ്ഥാപനങ്ങള്‍ക്കായി രണ്ടുകോടിരൂപയെങ്കിലും ചെലവുവരുന്ന അഞ്ചുമൊബൈല്‍ ആപ്പുകളോ സോഫ്‌റ്റുവെയര്‍ പ്രോജക്ടുകളോ ഇന്ത്യയില്‍ വികസിപ്പിച്ചു നിലനിര്‍ത്തി പ്രവര്‍ത്തിപ്പിച്ച മുന്‍പരിചയം ഉണ്ടായിരിക്കണം. ബിഇയോ ബിടെക്കോ എംസിഎയോ ബിരുദമോ ഉള്ള സാങ്കേതികവിദ്യായോഗ്യതയും, ഹൈഎന്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്റെ രൂപകല്‍പനയിലും വികസനത്തിലും നിലനിര്‍ത്തലിലും പ്രവര്‍ത്തനസേവനങ്ങളിലും പരിചയവുമുള്ള 30 ജീവനക്കാരെങ്കിലും ഉള്ളവരായിരിക്കണം ബിഡ്ഡര്‍മാര്‍. നാലുവര്‍ഷവും രണ്ടുമാസവും ആയിരിക്കും കരാര്‍ കാലാവധി. പക്ഷേ, എട്ടുമാസംകൊണ്ടുതന്നെ ആപ്പ് വികസിപ്പിച്ചു രംഗത്തിറക്കണം. തുടര്‍ന്ന് ആറുമാസം വാറിന്റി/ സ്റ്റബിലൈസേഷന്‍ കാലമാണ്. തുടര്‍ന്നുള്ള മൂന്നുകൊല്ലത്തെ പ്രവര്‍ത്തനത്തിന്റെയും അറ്റകുറ്റപ്പണികളുടെയും ചുമതലയും ടെണ്ടര്‍ ലഭിക്കുന്ന ബിഡ്ഡര്‍ക്കായിരിക്കും.
ആര്‍എഫ്‌പിയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍വേണ്ട പരിചയവും ശേഷിയും വൈദഗ്‌ധ്യവുമുള്ള സ്ഥാപനങ്ങളെയാണു പരിഗണിക്കുക.പാര്‍ട്‌ണര്‍ഷിപ്പ് അടിസ്ഥാനത്തിലോ ഉപകരാര്‍ അടിസ്ഥാനത്തിലോ പ്രവൃത്തി ഏറ്റെടുക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ https://ncdc.in https://ncdc.inലഭിക്കും.
.