നെല്ല് സംഭരണത്തിന് സഹകരണ- കർഷക  ബദലുമായി സർക്കാർ

Moonamvazhi

നെല്ലുസംഭരിക്കാൻ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോ​ഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗം തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണില്‍ തന്നെ ഇതു വരും.സംഭരണത്തിന് തയ്യാറുള്ള പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കു കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കാം. പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം വൈകാതെ വില കർഷകർക്കു നൽകും. ജില്ല, താലൂക്ക് തലങ്ങളിൽ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും. സംഘങ്ങൾ വഴി അതാത് പ്രദേശങ്ങളിലെ നെല്ല് സംഭരിക്കും. നോഡൽ സംഘങ്ങളുടെ മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകളിലോ സംസ്‌കരിക്കും. നിശ്‌ചയിച്ച ഔട്ട്-ടേൺ അനുപാത പ്രകാരം ഇതു പൊതുവിതരണ ത്തിന് എത്തിക്കും. പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസ്സിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.

മിച്ചധനമില്ലാത്തതുമൂലം നെല്ല് സംഭരണം നടത്താൻ കഴിയാത്ത സംഘങ്ങൾക്കായി കേരള ബാങ്കു പ്രത്യേക വായ്പ പദ്ധതി രൂപീകരിക്കും. നോഡൽ സംഘങ്ങൾക്കു പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകും.

പദ്ധതി നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികളുടെ ജില്ലാഏകോപന സമിതി കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കും. സംഭരണവും തുക വിതരണവും നിരീക്ഷിക്കാൻ ഡിജിറ്റൽ പോർട്ടലുണ്ടാകും.

സംഭരണ സമയത്തു തന്നെ കർഷകർക്കു പണം കിട്ടും. സംഭരണത്തിലെ കാലതാമസം ഒഴിവാക്കും. ഉല്പന്നം നശിക്കുന്നില്ലെന്നും ഉറപ്പാക്കും. പിന്നീട് സഹകരണ ബ്രാൻഡിംഗിലൂടെ വിലസ്ഥിരതയും മൂല്യവർദ്ധനവും ഉറപ്പാക്കാക്കും. സംഭരണത്തിനു കാർഷികാടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. കേരളത്തിന്റെ സ്വന്തം അരി ‘കേരള റൈസ്’ പുറത്തിറക്കും.

യോ​ഗത്തിൽ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എൻ വാസവൻ, ജി ആർ അനിൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

Moonamvazhi

Authorize Writer

Moonamvazhi has 857 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!