കുടിശ്ശികവായ്‌പക്കും കുടിശ്ശികപ്പലിശക്കും കരുതലില്‍ ഇളവ്‌

Moonamvazhi

സഹകരണസംഘങ്ങള്‍ കുടിശ്ശികവായ്‌പയ്‌ക്കും കുടിശ്ശികപ്പലിശയ്‌ക്കും കരുതല്‍ വയ്‌ക്കുന്നതില്‍ ഇളവുകള്‍ അനുവദിച്ചു സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. ഇതു പ്രകാരമാണു 2024-25 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ്‌ പൂര്‍ത്തിയാക്കേണ്ടത്‌. ഇതനുസരിച്ച്‌, സര്‍ക്കാര്‍ഉത്തരവു പ്രകാരം രൂപവല്‍കരിച്ച കണ്‍സോര്‍ഷ്യത്തിലേക്കു സംഘങ്ങള്‍ നല്‍കുന്ന തുക, കടാശ്വാസകമ്മീഷനുകളുടെ അവാര്‍ഡ്‌ പ്രകാരം സര്‍ക്കാരില്‍നിന്നു കിട്ടേണ്ട തുക, സംഘം ഇളവു ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ള തുക, ഉത്തേജനപ്പലിശയിളവുപദ്ധതിയില്‍ പലിശയിളവിനു ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ശൂപാര്‍ശ ചെയ്‌ത ക്ലെയിം തുക എന്നിവയ്‌ക്കു കരുതല്‍ വയ്‌ക്കേണ്ട.


ആള്‍ജാമ്യത്തില്‍ നല്‍കിയ ഒരുവര്‍ഷംമുതല്‍ മൂന്നുവര്‍ഷംവരെയുള്ള കുടിശ്ശികവായ്‌പകള്‍ക്ക്‌ 7.5 ശതമാനം കരുതല്‍ മതി (10ശതമാനം വയ്‌ക്കണമെന്നായിരുന്നു നിഷ്‌കര്‍ഷ). വസ്‌തുജാമ്യത്തിലുള്ള മൂന്നുമുതല്‍ ആറുവരെ വര്‍ഷം കുടിശ്ശികയായ വായ്‌പകള്‍ക്ക്‌ 30 ശതമാനം കരുതല്‍ മതി (50%ആണു നിഷ്‌കര്‍ഷിച്ചിരുന്നത്‌). ആള്‍ജാമ്യത്തിലുള്ള മൂന്നുവര്‍ഷംമുതല്‍ ആറുവര്‍ഷംവരെ കുടിശ്ശികയായ വായ്‌പകള്‍ക്ക്‌ 80%ആണു കരുതല്‍ വയ്‌ക്കേണ്ടത്‌ (100% നിഷ്‌കര്‍ഷിച്ചിരുന്നു).കുടിശ്ശികപ്പലിശയ്‌ക്കു 100% കരുതല്‍ ആണു 40/2007 നമ്പര്‍ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്‌. എങ്കിലും 2024-25ന്റെ അവസാന മൂന്നുമാസത്തെ ഉത്തമവായ്‌പകളുടെ കുടിശ്ശികപ്പലിശയ്‌ക്കു കരുതല്‍ വയ്‌ക്കേണ്ട.


സംശയാസ്‌പദവും കിട്ടാക്കടവുമായ വായ്‌പകളുടെ കുടിശ്ശികയ്‌ക്കു 40/2007 നമ്പര്‍ സര്‍ക്കുലര്‍ കരുതല്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. എങ്കിലും സംഘങ്ങളുടെ സാമ്പത്തികപ്രയാസങ്ങള്‍മൂലം 2018-19മുതല്‍ എല്ലാവര്‍ഷവും ഇതില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. 2024-25ലും ഇളവുകള്‍ വേണമെന്നു സഹകാരികളും സംഘടനകളും അഭ്യര്‍ഥിച്ചിരുന്നു. അതിനെത്തുടര്‍ന്നാണു സര്‍ക്കുലര്‍. സഹകരണസംഘംരജിസ്‌ട്രാറുടെ കീഴിലുള്ളതും ബാങ്കിങ്‌ നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ വരാത്തതുമായ എല്ലാസംഘങ്ങള്‍ക്കും വായ്‌പകള്‍ക്കും ഇളവു ബാധകമാണ്‌.

Moonamvazhi

Authorize Writer

Moonamvazhi has 441 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!