സഹകരണ ബാങ്കുകളുടെ സാമ്പത്തികപ്രസ്‌താവനകളുടെ നവീകരണം: കരടു രൂപമായി
സഹകരണ ബാങ്കുകളുടെ സാമ്പത്തികപ്രസ്‌താവനകളുടെ പുതിയ മാതൃകകളുടെയും ബാക്കിപത്രങ്ങളും ലാഭനഷ്ടക്കണക്കുകളും തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെയും കരട് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചു. ഇവയെപ്പറ്റിയുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും ഫെബ്രുവരി 21നകം അറിയിക്കണം. ചീഫ് ജനറല്‍ മാനേജര്‍-ഇന്‍ ചാര്‍ജ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെഗുലേഷന്‍, സെന്‍ട്രല്‍ ഓഫീസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 12-ാംനില, സെന്‍ട്രല്‍ ഓഫീസ് ബില്‍ഡിങ്, ഷഹീദ് ഭഗത്‌സിങ് മാര്‍ഗ്, ഫോര്‍ട്ട്, മുംബൈ-400001 എന്ന വിലാസത്തിലാണ് അറിയിക്കേണ്ടത്. സഹകരണബാങ്കുകളുടെ സാമ്പത്തികപ്രസ്‌താവനകളുടെ മാതൃകകളുടെ കരട് എന്ന വിഷയസൂചനയോടെ ഇ-മെയില്‍ ചെയ്യുകയുമാവാം. സഹകരണബാങ്കുകള്‍ വര്‍ഷത്തിന്റെ അവസാനദിനംവരെയുള്ള ബാക്കിപത്രവും ലാഭനഷ്ടക്കണക്കും 1949ലെ ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ മൂന്നാംപട്ടികയിലുള്ള മാതൃകയിലാണു തയ്യാറാക്കുന്നത്. 1981ല്‍ വിജ്ഞാപനം ചെയ്‌തതാണ് ഈ മാതൃക. അതിനുശേഷം സാമ്പത്തികരംഗത്തും അക്കൗണ്ടിങ് രീതികളിലും മാനദണ്ഡങ്ങളിലും പല മാറ്റവും വന്നു. അതുകൊണ്ടു റിസര്‍വ് ബാങ്ക് സഹകരണബാങ്കുകളുടെ സാമ്പത്തികപ്രസ്‌താവനകളുടെ മാതൃകകള്‍ സമഗ്രമായി പുന:പരിശോധിച്ചു. മാറ്റിയ മാതൃകകളുടെയും പട്ടികകളുടെയും കരടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാക്കിപത്രവും ലാഭനഷ്ടക്കണക്കും തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിലുണ്ട്. അഭിപ്രായങ്ങളും പ്രതികരണങ്ങളും പരിശോധിച്ചശേഷം അന്തിമരൂപങ്ങള്‍ പ്രസിദ്ധീകരിക്കും.