റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6%ആയി കുറച്ചു; സ്വര്‍ണപ്പണയവായ്‌പക്കു സമഗ്രമാര്‍ഗനിര്‍ദേശംവരുന്നു
- സമ്മര്‍ദിതാസ്‌തിസുരക്ഷക്കു സര്‍ഫേസിക്കുപുറമെ സംവിധാനം
- സംയോജിതവായ്‌പ വ്യാപകമാക്കും
- പിസിഇക്കു പുനരവലോകനം
പലിശനിരക്കു കുറയാന്‍ വഴിയൊരുക്കി റിപ്പോനിരക്ക് ആറുശതമാനമായി കുറക്കാന്‍ റിസര്‍വ്‌ബാങ്ക് തീരുമാനിച്ചു. നിലവിലുള്ളതിനെക്കാള്‍ 25 അടിസ്ഥാനപോയിന്റുകള്‍ കുറച്ചുകൊണ്ടാണു റിസര്‍വ് പണനയസമിതിയുടെ തീരുമാനം. കഴിഞ്ഞ പണനയസമിതിയോഗം റിപ്പോനിരക്ക് 25 അടിസ്ഥാനപോയിന്റ് കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. അതില്‍നിന്നാണു വീണ്ടും കുറച്ചിരിക്കുന്നത്.സമ്മര്‍ദംനേരിടുന്ന ആസ്‌തികളുടെ കാര്യത്തില്‍ സുരക്ഷശക്തമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്‌ജയ് മല്‍ഹോത്ര റിപ്പോ നിരക്കു കുറച്ച കാര്യം അറിയിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ഫേസി നിയമപ്രകാരം നിലവിലുള്ള ആസ്‌തിപുനര്‍നിര്‍മാണ (എആര്‍സി) സംവിധാനത്തിനുപുറമെയാണ് അധികസുരക്ഷാക്രമീകരണംകൂടി സമ്മര്‍ദ്ദിതാസ്‌തികളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തുന്നത്.
ബാങ്കുകളും ബാങ്കിതരധനകാര്യസ്ഥാപനങ്ങളും (എന്‍ബിഎഫ്‌സി) തമ്മിലുള്ള ക്രമീകരണങ്ങള്‍ക്കു മാത്രം ബാധകമായ സംയുക്തവായ്‌പാദനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ റെഗുലേറ്റഡ് സ്ഥാപനനങ്ങള്‍ക്കും എല്ലാ വായ്‌പകള്‍ക്കും (മുന്‍ഗണനാമേഖലയെന്നോ ഇതരമെന്നോ ഭേദമില്ലാതെ) ബാധകമാക്കാനും തീരുമാനിച്ചു. ഇത്തരം വായ്‌പാദാനക്രമീകരണങ്ങളുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശ്യം.വിവിധതരം സ്ഥാപനങ്ങള്‍ സ്വര്‍ണവും മറ്റാഭരണങ്ങളും ഈടു സ്വീകരിച്ചു വായ്‌പ നല്‍കുന്ന പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന വിവിധതരങ്ങളായ റിസ്‌കുകകള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ സമഗ്രവും വിവേകപൂര്‍ണവുമായ വ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും ഇറക്കും.
വിവിധ റെഗുലേറ്റഡ് സംവിധാനങ്ങളുടെ ഫണ്ടധിഷ്‌ഠിതമല്ലാത്ത സൗകര്യങ്ങളുടെ കാര്യത്തിലും വിപുലമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരും. നിലവിലുള്ള ചട്ടങ്ങള്‍ കൂടുതല്‍ സുഗമമാക്കുകയാണ് ഉദ്ദേശ്യം. ഭാഗികവായ്‌പാവര്‍ധന (പാര്‍ഷ്യല്‍ ക്രെഡിറ്റ് എന്‍ഹാന്‍സ്‌മെന്റ് -പിസിഇ) സഹായകസംവിധാനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പുനരവലോകനം ചെയ്യുകയും ചെയ്യും. അടിസ്ഥാനസകൗര്യങ്ങള്‍ക്കുള്ള പണസ്രോതസ്സുകള്‍ വിപുലമാക്കുകയാണു ലക്ഷ്യം.ഇവയുടെ കരട് തയ്യാറാണ്. പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമരൂപം നല്‍കും.
ബാങ്കുകളുമായും മറ്റുതല്‍പര്യവിഭാഗങ്ങളുമായും ചര്‍ച്ചചെയ്‌ത് വ്യക്തികളും കച്ചവടക്കാരും തമ്മിലുള്ള യുപിഐ ഇടപാടുകളുടെ പരിധികള്‍ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ അധികാരപ്പെടുത്താനും നിശ്ചയിച്ചു. നൂതനാശയപരിശോധനാസംവിധാനം ന്യൂട്രലും ഓണ്‍ടാപ്പുമായിരിക്കണം.
സ്‌റ്റാന്റിങ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5.75 ശതമാനവും മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി നിരക്കും ബാങ്കുനിരക്കും 6.25 ശതമാനവുമായിരിക്കും. ഏഴാംതിയതി ആരംഭിച്ച പണനയസമിതിയോഗം ഏകകണ്‌ഠമായാണു നിരക്കു കുറക്കാന്‍ തീരുമാനിച്ചത്. ഡോ. നാഗേഷ്‌കുമാര്‍, സുഗതഭട്ടാചാര്യ, പ്രൊഫ. രാംസിങ്, ഡോ. രാജീവ് രഞ്‌ജന്‍, എം. രാജേശ്വര്‍ റാവു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഉപഭോക്തൃവിലസൂചിക പ്രകാരമുള്ള വിലക്കയറ്റം നാലുശതമാനമായി കുറയ്‌ക്കുകയെന്ന ഇടക്കാലലക്ഷ്യത്തിനു കൂടുതല്‍ ഉതകുക പലിശനിരക്കു കുറയ്‌ക്കലായിരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു പലിശനിരക്കു കുറച്ചത്.
ആഗോളസാമ്പത്തികരംഗം അതിവേഗം മാറുകയാണ്. അടുത്തകാലത്തെ വാണിജ്യ താരിഫ് നടപടികള്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചു. ആഗോളവളര്‍ച്ചക്കു വെല്ലുവിളിയാണിത്. വിലക്കയറ്റപ്രശ്നവുമുണ്ടാക്കു
2025 ജനുവരി-ഫെബ്രുവരിയില്‍ വിലക്കയറ്റം 1.6 ശതമാനം കുറഞ്ഞു. 2024 ഡിസംബറില്‍ 5.2 ശതമാനം ആയിരുന്നു. ഫെബ്രുവരിയില്‍ അത് 3.6 ശതമാനത്തിലെത്തി. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 3.8 ശതമാനമായി. 21മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വര്‍ണവിലയില്‍ കുത്തനെയെുണ്ടായ വര്‍ധനയെ ത്തുടര്‍ന്നു കോര്‍ വിലക്കയറ്റം ഫെബ്രുവരിയില്‍ 4.1 ശതമാനമാണ്.ഭക്ഷ്യവിലക്കയറ്റം കുറയാനുള്ള സാധ്യത ഏറി. അസംസ്‌കൃതഎണ്ണയുടെ വിലയിലുണ്ടായ കുറവും വിലക്കയറ്റം കുറയ്‌ക്കാന്‍ സഹായകമാകും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ 2025-26 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസപാദത്തില്‍ 3.6 ശതമാനവും രണ്ടാംപാദത്തില്‍ 3.9 ശതമാനവും മൂന്നാംപാദത്തില്‍ 3.8 ശതമാനവും നാലാംപാദത്തില്‍ 4.4 ശതമാനവുമായിരിക്കും വിലക്കയറ്റത്തോത് എന്നാണു കണക്കാക്കുന്നത്.