റിസര്‍വ് ബാങ്കില്‍ 120 ഓഫീസര്‍ ഒഴിവുകള്‍
റിസര്‍വ് ബാങ്ക് 120 ഓഫീസര്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്‌റ്റംബര്‍ 30നകം അപേക്ഷിക്കണം. ഗ്രേഡ് ബി (ഡിആര്‍) ജനറല്‍ കേഡറില്‍ 35, ഗ്രേഡ് ബി (ഡിആര്‍)-ഡിഇപിആര്‍ കേഡറില്‍ ആറ്, ഗ്രേഡ് ബി (ഡിആര്‍) ഡിഎസ്‌ഐഎം കേഡറില്‍ 51 എന്നിങ്ങനെയാണ് ഒഴിവുകള്‍. സാമ്പത്തികപിന്നാക്കവിഭാഗം, ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സംവരണങ്ങളുണ്ട്.ക്രിമീലെയറില്‍ പെട്ട ഒബിസിക്കാര്‍ക്കു സംവരണം കിട്ടില്ല. അവര്‍ പൊതുവിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ഒബിസി സംവരണം വേണ്ടവര്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. 2024-25, 2023-24, 2022-23 സാമ്പത്തികവര്‍ഷങ്ങളിലെ വരുമാനം അടിസ്ഥാനമാക്കിയുള്ളതും 2025 സെപ്‌റ്റംബര്‍ 30നകം വാങ്ങിയതുമായ വരുമാനസര്‍ട്ടിഫിക്കറ്റാണു നല്‍കേണ്ടത്. നിര്‍ദിഷ്ടമാതൃകയില്‍ ഒബിസി(എന്‍സിഎല്‍) സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മറ്റുവിധത്തിലുള്ള സംവരണം അര്‍ഹിക്കുന്നവരും നിര്‍ദിഷ്ടമാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതാണ്. സെപ്‌റ്റംബര്‍ 30നു വൈകിട്ട് ആറിനകം അപേക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുകയും അപേക്ഷാഫീസും ഇന്റിമേഷന്‍ ചാര്‍ജുകളും അടച്ചിരിക്കുകയും വേണം. ജനറല്‍ വിഭാഗത്തിന്റെ ഓണ്‍ലൈന്‍ പരീക്ഷയുടെ ആദ്യഘട്ടം ഒക്ടോബര്‍ 18നും രണ്ടാംഘട്ടത്തിലെ ഒന്ന്, രണ്ട, മൂന്ന് പേപ്പറുകളുടെ ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ ആറിനും നടത്തും. ഡിഇപിആര്‍ വിഭാഗത്തിന്റെതും ഡിഎസ്‌ഐഎം വിഭാഗത്തിന്റെയും കാര്യത്തില്‍ ഇവ യഥാക്രമം ഒക്ടോബര്‍ 19നും ഡിസംബര്‍ ഏഴിനുമായിരിക്കും.
പ്രായം 21വയസ്സിനും 30വയസ്സിനും മധ്യേ. 2025 സെപ്‌റ്റംബര്‍ ഒന്നാണ് പ്രായപരിധി നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കുക. 1995 സെപ്‌റ്റംബര്‍രണ്ടിനുമുമ്പു ജനിച്ചവരായിരിക്കണം. 2004 സെപ്‌റ്റംബര്‍ ഒന്നിനുശേഷം ജനിച്ചവര്‍ അപേക്ഷിക്കരുത്. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുകൊല്ലം ഇളവ് അനുവദിക്കും.ഒബിസിസംവരണത്തിന് അര്‍ഹതയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷം ഇളവ് അനുവദിക്കും. ചെലവുചുരുക്കലിന്റെ ഭാഗമായോ ലിക്വിഡേഷന്‍ മൂലമോ സര്‍വീസിില്‍നിന്നു നീക്കപ്പെട്ട ബാങ്കിങ് സ്ഥാപനങ്ങളിലെ മുന്‍ജീവനക്കാര്‍, ഒരുവര്‍ഷമെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ജോലി ചെയ്‌തശേഷം ജോലി നഷ്ടമായാവര്‍ എന്നിവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനുണ്ടെങ്കില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷംവരെ ഇളവു കിട്ടും. എക്‌സ്‌സര്‍വീസുകാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുകൊല്ലം ഇളവു കിട്ടും. കമ്മീഷന്‍ഡ് ഒഫീസര്‍മാര്‍ എമര്‍ജന്‍സി കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, ഷോര്‍ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കൊക്കെ ഈ ഇളവു ലഭിക്കും. 2025 സെപ്‌റ്റംബര്‍ ഒന്നിനകം അഞ്ചുവര്‍ഷമെങ്കിലും സൈനികസേവനം പൂര്‍ത്തിയാക്കിയവരും വിമുക്തരരാക്കപ്പെട്ടവരുമായിരിക്കണം.ജനറല്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും വിഷയത്തില്‍ 60%മാര്‍ക്കോടെ (പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 50%) ബിരുദമോ തത്തുല്യസാങ്കേതികവിദ്യാഭ്യാസയോഗ്യതയോ പ്രൊഫഷണല്‍ വിദ്യാഭ്യാസയോഗ്യതയോ നേടിയവരായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ 55% മാര്‍ക്കോടെ (പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും ജയിച്ചിരുന്നാല്‍മതി) ബിരുദാനന്തരബിരുദമോ തത്തുല്യ സാങ്കേതികവിദ്യാഭ്യാസയോഗ്യതയോ പ്രൊഫഷണല്‍് വിദ്യാഭ്യാസയോഗ്യതോ നേടിയവരായിരിക്കണം. എല്ലാസെമസ്റ്ററിലും മൊത്തത്തില്‍ 55% ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
ഡിഇപിആര്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ധനശാസ്‌ത്രത്തില്‍ എം.എ യോ എം.എസ്.സി.യോ നേടിയിരിക്കണം. അല്ലെങ്കില്‍ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്,, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്, ഇന്‍ഡസ്‌ട്രിയല്‍ ഇക്കണോമിക്‌സ്, ഡവലപ്‌മെന്റല്‍ ഇക്കണോമിക്‌സ,് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് എന്നിവയിലൊന്നില്‍ എം.എ.യോ എം.എസ്.സിയോ നേടിയിരിക്കണം. അല്ലെങ്കില്‍ ഫിനാന്‍സില്‍ എം.എ.യോ എം.എസ്.സിയോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ക്വാണ്ടിറ്റേറ്റീവ് ഫിനാന്‍സ്, മാത്തമാറ്റിക്കല്‍ ഫിനാന്‍സ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ബിസിനസ് ഫിനാന്‍സ്, ബാങ്കിങ് ആന്റ് ട്രേഡ് ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ആന്റ് ട്രേഡ് ഫിനാന്‍സ്, കോര്‍പറേറ്റ് ഫിനാന്‍സ്, പ്രൊജക്ട് ആന്റ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫിനാന്‍സ്, അഗ്രിബിസിനസ് ഫിനാന്‍സ് എന്നിവയിലൊന്നില്‍ എം.എ.യോ എം.എസ്.സി.യോ ഉണ്ടായിരിക്കണം.
മേല്‍പറഞ്ഞവയ്‌ക്കൊക്കെ 55 ശതമാനം മാര്‍ക്കോ തുല്യഗ്രേഡോ ഉണ്ടായിരിക്കണം. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കു 50ശതമാനം മതി.ധനശാസ്‌ത്രത്തില്‍ ഡോക്ടറേറ്റോ ഗവേഷണപരിചയമോ അധ്യാപനപരിചയമോ പ്രസിദ്ധീകൃതകൃതികളോ ഉള്ളത് അഭികാമ്യം. എംഫില്‍ ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ടും ഡോക്ടറേറ്റ് ഉളളവര്‍ക്കും നാലും വര്‍ഷം ഇളവനുവദിക്കും.ഗവേഷണ, അധ്യാപനപരിചയങ്ങളുള്ളവര്‍ക്ക് അവയുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്നുവര്‍ഷംവരെ വയസ്സിളവ് അനുവദിക്കും.
ഡിഎസ്‌ഐഎം വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ 55 ശതമാനം മാര്‍ക്കോടെയോ തത്തുല്യഗ്രേഡോടെയോ സിജിപിഎയോടെയോ സ്‌റ്റാറ്റിസ്‌ക്‌സ്, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്‌റ്റാറ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമെട്രിക്‌സ്, ഇക്കണോമെട്രിക്‌സ്, ഇന്‍ഫോര്‍മാറ്റിക്‌സ്, അനുബന്ധവിജ്ഞാനശാഖകള്‍ എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമുള്ളവരായിരിക്കണം.അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെയോ തത്തുല്യഗ്രേഡോടെയോ സിജിപിഎയോടെയോ ഡാറ്റാ സയന്‍സ്, ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബിഗ് ഡാറ്റാ അനലിറ്റിക്‌സ്, അനുബന്ധ വിജ്ഞാനശാഖകള്‍ എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദമുള്ളവരായിരിക്കണം.അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെയോ ഗ്രേഡോടെയോ സിജിപിഎയോടെയാ സ്‌റ്റാറ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്‌റ്റാറ്റിറ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ഇന്‍ഫോമാറ്റിക്‌സ്, ഡാറ്റാസയന്‍സ്, ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബിഗ് ഡാറ്റാ അനലിറ്റിക്‌സ് അനുബന്ധവിജ്ഞാനശാഖകള്‍ എന്നിവയിലൊന്നില്‍ നാലുവര്‍ഷബിരുദം ഉണ്ടായിരിക്കണം.
പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മേല്‍പരഞ്ഞവയില്‍ 50 ശതമാനം മാര്‍ക്കോ ഗ്രേഡോ സിജിപിഎയോ ഉണ്ടായിരുന്നാല്‍ മതി.മേല്‍പറഞ്ഞ വിഷയങ്ങളില്‍ ഡോക്ടറേറ്റ് ഉള്ളവര്‍ക്കു മുന്‍ഗണനയുണ്ടാകും. ഗവേഷണപരിചയം, അധ്യാപനപരിചയം എന്നിവയും അധികയോഗ്യതകളായി കണക്കാക്കും.എംഫില്‍ ഉള്ളവര്‍ക്കു രണ്ടും പി.എച്ച്.ഡി ഉള്ളവര്‍ക്കു നാലും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും. ഗവേഷണ, അധ്യാപനപരിചയങ്ങളുള്ളവര്‍ക്ക് അവയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ പരമാവധി മൂന്നുവര്‍ഷംവരെ ഉളവനുവദിക്കും.
പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും ഇന്റിമേഷന്‍ ചാര്‍ജ് മാത്രം അടച്ചാല്‍ മതി. 100രൂപയും 18 ശതമാനം ജിഎസ്‌ടിയുമാണ് ഇന്റിമേഷന്‍ ചാര്‍ജ്.പൊതുവിഭാഗക്കാരും ഒബിസിക്കാരും സാമ്പത്തികപിന്നാക്കവിഭാഗക്കാരും ഇന്റിമേഷന്‍ ചാര്‍ജടക്കം 850രൂപയും 18 ശതമാനം ജിഎസ്‌ടിയും അടക്കണം. സ്റ്റാഫ് വിഭാഗത്തിലുള്ളവര്‍ ഒരു ഫീയും അടക്കേണ്ട.
റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റായ www.rbi.org.inhttp://www.rbi.org.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.അപേക്ഷ പൂരിപ്പിക്കുമ്പോഴോ ഫീ അടക്കുമ്പോഴോ ഇന്റിമേഷന്‍ ചാര്‍ജ് അടയ്‌ക്കുമ്പോഴോ അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ സംശയങ്ങളുണ്ടായാല്‍ http://cgrs.ibps.inhttp://cgrs.ibps.in ലൂടെ പരിഹാരം തേടാം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു തുടക്കത്തില്‍ മാസം 78450 രൂപ അടിസ്ഥാനശമ്പളം കിട്ടും സ്‌പെഷ്യല്‍ അലവന്‍സ്, ഗ്രേഡ് അലവന്‍സ്, ഡിഎ, പ്രാദേശികകോമ്പന്‍സേറ്ററി അലവന്‍സ്, സ്‌പെഷ്യല്‍ ഗ്രേഡ് അലവന്‍സ്, ലേണിങ് അലവന്‍സ്, വീട്ടുവാടക തുടങ്ങിയവയ്‌ക്കും അര്‍ഹതയുണ്ടായിരിക്കും. വീട്ടുവാടക കൂടാതെ നിലവില്‍ തുടക്കത്തില്‍ ഏകദേശം ഒന്നരലക്ഷം രൂപ ലഭിക്കും. ഉയര്‍ന്ന അക്കാദമികമികവും പ്രൊഫഷണല്‍ മികവും ഉള്ളവര്‍ക്ക് നാല് അഡ്വാന്‍സ് ഇന്‍ക്രിമെന്റുകളും ലഭിച്ചേക്കും. ഉന്നതമായ വിദ്യാഭ്യാസയോഗ്യതകളുടെയും പ്രത്യേകപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ഉയര്‍ന്ന പ്രതിഫലം നല്‍കണമെന്ന അപേക്ഷകളും പരിഗണിക്കും. ഇന്റര്‍വ്യൂഘട്ടത്തില്‍ മാത്രമായിരിക്കും ഇതു പരിഗണിക്കുക. ബയോഡാറ്റയുടെ നിര്‍ദിഷ്ടകോളത്തില്‍ ഇതിനാവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇന്റര്‍വ്യൂവിനുശേഷം ലഭിക്കുന്ന ഇത്തരം അപേക്ഷകള്‍ പരിഗണിക്കില്ല.പൊതവിഭാഗത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ ഒന്നാംഘട്ടഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.രണ്ടാംഘട്ട ഓണ്‍ലൈന്‍ പരീക്ഷയ്‌ക്കു കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍.ഡിഇപിആര്‍/ഡിഎസ്‌ഐഎം വിഭാഗങ്ങളുടെ കാര്യത്തില്‍ ഒന്നാംഘട്ട പരീക്ഷകള്‍ക്കും രണ്ടാംഘട്ട പരീക്ഷകള്‍ക്കും കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍.ഇഷ്ടമുള്ള നാലുകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം.അപേക്ഷ പൂരിപ്പിക്കുന്നതിലടക്കം ശ്രദ്ധിക്കേണ്ട കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റായ www.rbi.org.inhttp://www.rbi.org.in ല്‍ ഉണ്ട്.