സഹകരണബാങ്കുകളുടെ ബിസിനസ്‌യോഗ്യതാമാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച്‌ കരടുനിര്‍ദേശം

Moonamvazhi
  • ദ്വിതലസംവിധാനത്തിൽ സംസ്ഥാനസഹകരണബാങ്കിനു ശാഖകള്‍ തുടങ്ങാം
  • വാതില്‍പടി സേവനത്തിനുംമറ്റും റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണ്ട
  • ആക്ഷേപങ്ങളും നിര്‍ദേശങ്ങളും ഓഗസ്റ്റ്‌ 25നകം അറിയിക്കണം

അര്‍ബന്‍ സഹകരണബാങ്കുകളെ സാമ്പത്തികശക്തിതലത്തിന്റെ (ടയര്‍)അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപരിധിക്കു പുറത്തു ജില്ലയുടെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും, സംസ്ഥാനത്തിനു പുറത്തും ശാഖകള്‍ തുറക്കാന്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്ന വിധത്തില്‍ സഹകരണബാങ്കുകളുടെ ബിസിനസ്‌ യോഗ്യതാമാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുള്ള കരടുനിര്‍ദേശങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ പ്രസിദ്ധീകരിച്ചു. ജില്ലാസഹകരണബാങ്കുകള്‍ ഉള്‍പ്പെടുന്ന ത്രിതലസഹകരണബാങ്കിങ്‌ സംവിധാനത്തോടൊപ്പം ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്ത ദ്വിതലസംവിധാനവും അംഗീകരിക്കുന്ന മാനദണ്ഡങ്ങളാണു നിര്‍ദേശങ്ങളിലുള്ളത്‌. ദേശീയസഹകരണനയത്തില്‍ ജില്ലാബാങ്കുകളോടെയുള്ള ത്രിതലസഹകരണസംവിധാനം േ്രപ്രാല്‍സാഹിപ്പിക്കുമെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജില്ലാബാങ്കുകള്‍ പുനസ്ഥാപിക്കേണ്ടിവരുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിന്‌ ഇതോടെ വിരാമമായേക്കും. ത്രിതലസംവിധാനത്തിലും ദ്വിതലസംവിധാനത്തിലും പുതിയ ശാഖകള്‍ തുറക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ നിര്‍ദേശങ്ങളിലുണ്ട്‌.

ബിസിനസ്‌ ഓതറൈസേഷന്‍ ഫോര്‍ കോഓപ്പറേറ്റീവ്‌ ബാങ്ക്‌സ്‌ (ബി.എ.സി.ബി.) എന്നാണ്‌ പുതിയ യോഗ്യതാമാനദണ്ഡങ്ങള്‍ അറിയപ്പെടുക. അര്‍ബന്‍സഹകരണബാങ്കുകള്‍ക്കു ജില്ലാസഹകരണബാങ്കുകള്‍ക്കും സംസ്ഥാനസഹകരണബാങ്കുകള്‍ക്കും ഇവ ബാധകമായിരിക്കും. സാമ്പത്തികമായി ശക്തവും നന്നായി ഭരിക്കപ്പെടുന്നതും (എഫ്‌.എസ്‌. ഡബ്ലിയു.എം) എന്ന നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കു പകരമായാണ്‌ ഇവ വരിക. ബന്ധപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. ഓഗസ്റ്റ്‌ 25നകം സമര്‍പ്പിക്കണം. റിസര്‍വ്‌ ബാങ്കിന്റെ വെബ്‌സൈറ്റിലുള്ള കണക്ട്‌ ടു റെഗുലേറ്റ്‌ വിഭാഗത്തിലെ ലിങ്കിലൂടെയോ റിസര്‍വ്‌ ബാങ്ക്‌ ചീഫ്‌ ജനറല്‍മാനേജരുടെ മേല്‍വിലാസത്തിലേക്കു കത്തിലൂടെയോ ഇ-മെയിലിലൂടെയോ അവ സമര്‍പ്പിക്കാം. റിസര്‍വ്‌ ബാങ്കിന്റെ മുംബൈയിലെ കേന്ദ്ര ഓഫീസിലെ റെഗുലേഷന്‍ വകുപ്പിലെ രജിസ്‌ട്രേഷന്‍ ആന്റ്‌ ഓതറൈസേഷന്‍ ഗ്രൂപ്പിന്റെ ചീഫ്‌ ജനറല്‍ മാനേജര്‍ക്കാണു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്‌.

അര്‍ബന്‍ബാങ്കുകളെ നാലായി തിരിച്ചിട്ടുള്ളതു തുടരും. 100 കോടിവരെ നിക്ഷേപമുള്ളവ (ടയര്‍ 1), 100കോടിമുതല്‍ 1000കോടിവരെ നിക്ഷേപമുള്ളവ (ടയര്‍2), 1000 കോടിമുതല്‍ 10,000 കോടിവരെ നിക്ഷേപമുള്ളവ (ടയര്‍ 3), 10,000 കോടിയിലേറെ നിക്ഷേപമുള്ളവ (ടയര്‍4) എന്നിങ്ങനെയാണിത്‌. അര്‍ബന്‍ബാങ്കുകള്‍ നിക്ഷേപം വര്‍ധിച്ച്‌ അടുത്ത ഉയര്‍ന്ന തലത്തിലേക്കു കടക്കുമ്പോള്‍ രണ്ടുവര്‍ഷത്തിനകം ഉയര്‍ന്നതലത്തിനു ബാധകമായ റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കണം. നിര്‍ദേശിക്കുന്ന മിനിമം സി.ആര്‍.എ.ആര്‍. ഉണ്ടായിരിക്കണം, നിഷ്‌ക്രിയസ്വത്ത്‌ (എന്‍.പി.എ.) മൂന്നുശതമാനത്തില്‍ കൂടരുത്‌, നിലവിലുള്ള സാമ്പത്തികവര്‍ഷവും തൊട്ടുമുമ്പുള്ള സാമ്പത്തികവര്‍ഷവും സി.ആര്‍.ആര്‍/എസ്‌.എല്‍.ആര്‍. നിലനിര്‍ത്തിയിരിക്കണം, കോര്‍ബാങ്കിങ്‌ സംവിധാനം (സി.ബി.എസ്‌.) പൂര്‍ണമായി നടപ്പാക്കിയിരിക്കണം, നിലവിലുള്ള സാമ്പത്തികവര്‍ഷത്തിലും തൊട്ടുമുമ്പുള്ള സാമ്പത്തികവര്‍ഷത്തിലും റിസര്‍വ്‌ ബാങ്കിന്റെയോ നബാര്‍ഡിന്റെയോ നിര്‍ദേശ-മേല്‍നോട്ടനടപടിച്ചട്ടക്കൂട്‌ പ്രകാരമുള്ള നടപടികള്‍ക്കും നിയന്ത്രണത്തിനും വിധേയമായിരിക്കരുത്‌ എന്നീ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബാങ്കുകളെയാണ്‌ ഇ.സി.ബി.എ.യോഗ്യതയുള്ളവയായി കണക്കാക്കുക. അര്‍ബന്‍ബാങ്കുകള്‍ക്കു ബോര്‍ഡില്‍ രണ്ടു പ്രൊഫഷണല്‍ഡയറക്ടര്‍മാരെങ്കിലും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ കൂടിയുണ്ട്‌.അര്‍ബന്‍ സഹകരണബാങ്കുകള്‍ക്ക്‌ അവ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ജില്ലയിലെമ്പാടും റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി കൂടാതെതന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാം. ഇ.സി.ബി.എ.യോഗ്യതയുള്ള അര്‍ബന്‍ ബാങ്കിന്‌ രജിസ്‌റ്റര്‍ ചെയ്‌ത ജില്ലയ്‌ക്കു പുറത്ത്‌ സംസ്ഥാനത്ത്‌ മൂന്നുജില്ലകളില്‍കൂടി റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി നേടാതെതന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാം. ഇ.സി.ബി.എ.യോഗ്യതയുള്ളവയും ടയര്‍ രണ്ട്‌,മൂന്ന്‌, നാല്‌ വിഭാഗങ്ങളില്‍ പെടുന്നവയുമായ അര്‍ബന്‍ ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതിയോടെ സംസ്ഥാനത്തിനകത്തു നേരത്തേ പറഞ്ഞ ജില്ലകള്‍ക്കു പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാം. 100കോടിക്കും 1000 കോടിക്കും ഇടയ്‌ക്കു നിക്ഷേമുള്ള സാലറി ഏണേഴ്‌സ്‌ ബാങ്കുകള്‍ക്കും ഇങ്ങനെ ചെയ്യാവുന്നതാണ്‌. ഒരു സാമ്പത്തികവര്‍ഷം പരമാവധി അഞ്ചുജില്ലകളിലേക്കാണ്‌ ഇങ്ങനെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുക. ഇങ്ങനെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ഓരോജില്ലയിലും ഒരു ശാഖയെങ്കിലും തുടങ്ങാന്‍ ആവശ്യമായ തലമുറിമൂലധനം (ഹെഡ്‌റൂം ക്യാപ്പിറ്റല്‍) ഉണ്ടായിരിക്കണം. ടയര്‍ മൂന്നിലും നാലിലും പെടുന്ന അര്‍ബന്‍ബാങ്കുകള്‍ക്കു (1000കോടിയെങ്കിലും നിക്ഷേപമുള്ള സാലറി ഏണേഴ്‌സ്‌ ബാങ്കുകള്‍ അടക്കം) 50കോടിയെങ്കിലും അസസ്‌ഡ്‌ നെറ്റ്‌ വര്‍ത്ത്‌ ഉണ്ടെങ്കില്‍ റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെ സംസ്ഥാനത്തിനു പുറത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാം. ഒരു സാമ്പത്തികവര്‍ഷം പരമാവധി രണ്ടു സംസ്ഥാനങ്ങളിലേക്കാണു വ്യാപിപ്പിക്കാനാവുക. ഓരോ സംസ്ഥാനത്തും അഞ്ചുശാഖയെങ്കിലും തുടങ്ങാന്‍ വേണ്ട തലമുറിമൂലധനം ഉണ്ടായിരിക്കണം.

പ്രവര്‍ത്തനം വ്യാപിപ്പിക്കണമെങ്കില്‍ ടയര്‍ രണ്ട്‌ മുതല്‍ മുകളിലേക്കുള്ള അര്‍ബന്‍ ബാങ്കുകള്‍ക്ക്‌ ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഉണ്ടായിരിക്കണം എന്നു നിര്‍ബന്ധമാണ്‌. ടയര്‍1 അര്‍ബന്‍ ബാങ്കുകളും മികച്ച ഭരണനടപടിക്രമമെന്ന നിലയില്‍ ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ രൂപവല്‍കരിക്കേണ്ടതാണ്‌.പ്രവര്‍ത്തനപരിധിയില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്ന സംസ്ഥാനസഹകരണബാങ്കുകളും ജില്ലാ സഹകരണബാങ്കുകളും അതിനായി പ്രമേയം പാസ്സാക്കി സംസ്ഥാനസര്‍ക്കാരില്‍നിന്നുള്ള വിജ്ഞാപനവുമായി റിസര്‍വ്‌ ബാങ്കിനെ സമീപിക്കണം.പുതിയ ഒരിടത്തു ബിസിനസ്‌ തുടങ്ങണമെങ്കില്‍ റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. പുതുതായി ബിസിനസ്‌ തുടങ്ങുന്നിടത്ത്‌ എ.ടി.എം. തുറക്കാന്‍പോലും ഇത്‌ ആവശ്യമാണ്‌. പുതുതായി ബിസിനസ്‌ തുടങ്ങുന്ന സ്ഥലത്തു പ്രാദേശികവികസനഅതോറിട്ടികളുടെയോ മറ്റ്‌ അധികൃതരുടെയോ തടസ്സങ്ങളൊന്നുമില്ലെന്നും ഉറപ്പാക്കണം. അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു (സാലറി ഏണേഴ്‌സ്‌ ബാങ്ക്‌ ഒഴികെ) മുന്‍സാമ്പത്തികവര്‍ഷം നിലവിലുള്ള ശാഖകളുടെ 10ശതമാനംവരെവരുന്ന എണ്ണം ശാഖകള്‍ പുതുതായി തുടങ്ങാന്‍ റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണ്ട. അതിലേറെ തുടങ്ങാന്‍ വാര്‍ഷികബിസിനസ്‌ പ്ലാനും മറ്റും സമര്‍പ്പിച്ച്‌ അനുമതി വാങ്ങണം. എക്‌സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍, എ.ടി.എമ്മുകള്‍, കേന്ദ്ര പ്രോസസിങ്‌ സെന്റര്‍, കണ്‍ട്രോളിങ്‌ ഓഫീസ്‌ തുടങ്ങിയ തുറക്കാനും മുന്‍കൂര്‍ അനുമതി ഏതിനൊക്കെ വേണം, ഏതിനൊക്കെ വേണ്ട എന്നു നിര്‍ദേശങ്ങളിലുണ്ട്‌.സംസ്ഥാനസഹകരണബാങ്കുകളുടെ കാര്യത്തില്‍ താഴെ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളും അതിനുമുകളില്‍ ജില്ലാസഹകരണബാങ്കുകളും ഏറ്റവും മുകളില്‍ സംസ്ഥാനസഹകരണബാങ്കും എന്ന ത്രിതലസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ കാര്യത്തില്‍ സംസ്ഥാനസഹകരണബാങ്കിനു സാധാരണഗതിയില്‍ തലസ്ഥാനത്തുമാത്രമേ ശാഖയും എക്‌സ്‌റ്റന്‍ഷന്‍ കൗണ്ടറും തുറക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. ത്രിതലസംവിധാനമുള്ള സംസ്ഥാനസഹകരണബാങ്കിനു ജില്ലാആസ്ഥാനത്തു ശാഖ തുടങ്ങുകയാണെങ്കില്‍തന്നെ അതു സഹകരണബാങ്കുകളുടെ നിക്ഷേപം കൈകാര്യം ചെയ്യാന്‍വേണ്ടി മാത്രമായിരിക്കണം. എന്നാല്‍ ജില്ലാസഹകരണബാങ്കുകളില്ലാത്തതും ഉണ്ടെങ്കില്‍തന്നെ ദുര്‍ബലമായതും ആയ അര്‍ധനഗരങ്ങളിലും ഗ്രാമങ്ങളിലും സംസ്ഥാനസഹകരണബാങ്കിനു ശാഖകള്‍ തുടങ്ങാവുന്നതാണ്‌. തൊട്ടടുത്ത ജില്ലയിലെ ജില്ലാസഹകരണബാങ്കിന്‌ ആ പ്രദേശത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കിലാണ്‌ ഇങ്ങനെ അനുവദിക്കുക. സംസ്ഥാനസഹകരണബാങ്ക്‌ ഇങ്ങനെ ശാഖ തുടങ്ങുകയാണെങ്കില്‍ അത്‌ എന്തുകൊണ്ട്‌ അനിവാര്യമാകുന്നൂ എന്ന കാര്യം വാര്‍ഷികബിസിനസ്‌ പ്ലാനില്‍ വ്യക്തമാക്കണം. എന്നാല്‍ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളും സംസ്ഥാനസഹകരണബാങ്കും എന്ന ദ്വിതലസംവിധാനം മാത്രമുള്ള സംസ്ഥാനങ്ങളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ശാഖകളും എക്‌സ്റ്റന്‍ഷന്‍ കൗണ്ടറുകളും തുടങ്ങാന്‍ സംസ്ഥാനസഹകരണബാങ്കിന്‌ അധികാരമുണ്ടായിരിക്കും. പക്ഷേ, ഓരോ ശാഖയുടെ കാര്യത്തിലും എന്തുകൊണ്ട്‌ ആ ശാഖ/എക്‌സ്‌റ്റന്‍ഷന്‍ കൗണ്ടര്‍ അനിവാര്യമായി എന്നതിനു കാരണം വാര്‍ഷികബിസിനസ്‌ പ്ലാനില്‍ വ്യക്തമാക്കണം. ഒപ്പം സഹകരണസംഘം രജിസ്‌ട്രാറുടെ ശുപാര്‍ശയും വേണം.

വടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലെ സംസ്ഥാനസഹകരണബാങ്കുകള്‍ക്ക്‌ പ്രവര്‍ത്തനപരിധിയില്‍ എവിടെ വേണമെങ്കിലും ശാഖ തുടങ്ങാം.സഹകരണബാങ്കുകള്‍ക്ക്‌, അവ പ്രധാന ബാങ്കിങ്‌ സ്ഥാപനമായ, വിദ്യാലയങ്ങളുടെയും വലിയ ഓഫീസുകളുടെയും ഫാക്ടറികളുടെയും ആശുപത്രികളുടെയും പാര്‍പ്പിടകേന്ദ്രങ്ങളുടെയും പരിസരത്ത്‌ എക്‌സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ തുടങ്ങാവുന്നതാണ്‌. ഇതിന്‌ ആ സ്ഥാപനത്തില്‍നിന്നുള്ള അപേക്ഷപ്രസ്‌താവന സമര്‍പ്പിക്കണം. ഇവിടങ്ങളില്‍ ഒരു ബാങ്കിന്റെ എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ മാത്രമേ അനുവദിക്കൂ. ചന്തകള്‍, ഷോപ്പിങ്‌ സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എക്‌സ്റ്റന്‍ഷന്‍ സെന്ററുകള്‍ പാടില്ല. എ.ടി.എം. തുടങ്ങിയവ സ്ഥാപിക്കാനും ശാഖയോ മറ്റോ പൂട്ടേണ്ടിവന്നാല്‍ അതിനും ഒക്കെ വിശദമായ വ്യവസ്ഥകള്‍ നിര്‍ദേശങ്ങളിലുണ്ട്‌.ബാങ്കുകള്‍ക്കു റിസര്‍വ്‌ ബാങ്കിന്റെ അനുമതി കൂടാതെതന്നെ സേവനം വീട്ടുപടിക്കല്‍ എത്തിക്കാവുന്നതാണ്‌. ബോര്‍ഡിന്റെ അനുമതിയോടെയും റിസ്‌കുകള്‍ കണക്കിലെടുത്തുംവേണം ഇതു ചെയ്യാന്‍.ബാങ്കിങ്‌ നിയന്ത്രണനിയമങ്ങള്‍ പാലിക്കാത്ത അര്‍ബന്‍ ബാങ്കുകള്‍ ബാങ്കിന്റെ സ്ഥലം വില്‍ക്കണമെങ്കിലും, പാട്ടത്തിനോ വാടകയ്‌ക്കോ എടുത്ത സ്ഥലസൗകര്യങ്ങള്‍ തിരിച്ചേല്‍പിക്കണമെങ്കിലും, സ്വന്തമായോ വാടകയ്‌ക്കോ പാട്ടത്തിനോ പുതിയ സ്ഥലസൗകര്യം എടുക്കണെങ്കിലും, മേല്‍പറഞ്ഞ കാര്യങ്ങളെത്തുടര്‍ന്ന്‌ ഓഫീസോ വകുപ്പുകളോ മാറണമെങ്കിലും റിസര്‍വ്‌ ബാങ്കിന്റെ അനുമതി വാങ്ങേണ്ടതുണ്ട്‌.

അര്‍ബന്‍ ബാങ്കുകളെയും സംസ്ഥാനസഹകരണബാങ്കുകളെയും റിസര്‍വ്‌ ബാങ്ക്‌ നിയമത്തിന്റെ രണ്ടാംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും നിര്‍ദേശങ്ങളിലുണ്ട്‌. റിസര്‍വ്‌ ബാങ്കിന്റെയും നബാര്‍ഡിന്റെയും പരിശോധന ഇതിന്‌ ആവശ്യമാണ്‌. ബാങ്കിങ്‌ അടിസ്ഥാനഘടനയുടെ കേന്ദ്രവിവരസംവിധാനത്തില്‍ (സി.ഐ.എസ്‌.ബി.ഐ) ബാങ്ക്‌/ശാഖാവിവരങ്ങള്‍ അറിയിക്കുന്നതു സംബന്ധിച്ച വിശദമായ കാര്യങ്ങളും നിര്‍ദേശങ്ങളിലുണ്ട്‌. മുംബൈ ഒഴികെയുള്ള സ്ഥലങ്ങള്‍ ആസ്ഥാനമായുള്ള അര്‍ബന്‍ ബാങ്കുകള്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടതും ബന്ധപ്പെടേണ്ടതും റിസര്‍വ്‌ ബാങ്കിന്റെ ബന്ധപ്പെട്ട മേഖലാഓഫീസിലാണ്‌. സംസ്ഥാനസഹകരണബാങ്കുകളും ജില്ലാസഹകരണബാങ്കുകളും ബന്ധപ്പെടേണ്ടതു നബാര്‍ഡിന്റെ മേഖലാഓഫീസുകളുമായാണ്‌. നബാര്‍ഡ്‌ ഓഫീസുകളാണു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സഹിതം അത്‌ റിസര്‍വ്‌ ബാങ്കിന്‌ അയക്കേണ്ടത്‌. നബാര്‍ഡിനു നല്‍കുന്ന വിവരങ്ങളുടെയും അപേക്ഷയുടെയും മുന്‍കൂര്‍കോപ്പി റിസര്‍വ്‌ ബാങ്കിന്‌ അയക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 520 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!